'ഇസ്‌ലാമോഫോബിയയെ ഒറ്റക്കെട്ടായി തള്ളിക്കളയണം'; ഫലസ്തീൻ ബാലന്റെ ക്രൂരകൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി ബൈഡൻ

ഇല്ലിനോയ്‌സിലാണ് ആറു വയസുള്ള ഫലസ്തീൻ ബാലനെ ഇസ്രായേൽ അനുകൂലി ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്

Update: 2023-10-16 16:04 GMT
Editor : Shaheer | By : Web Desk
Advertising

വാഷിങ്ടൺ: ഇല്ലിനോയ്‌സിൽ ആറു വയസുള്ള മുസ്‌ലിം ബാലന്റെ വിദ്വേഷക്കൊലയിൽ നടുക്കം രേഖപ്പെടുത്തി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ഫലസ്തീൻ മുസ്‍ലിം കുടുംബത്തിനുനേരെ നടന്ന വിദ്വേഷക്കുറ്റ കൃത്യമാണിത്. ഇസ്‌ലാമോഫോബിയയ്ക്കും ഇത്തരത്തിലുള്ള മുഴുവൻ മതഭ്രാന്തിനെയും വിദ്വേഷങ്ങളെയും ഒന്നിച്ചെതിർക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.

''ഇന്നലെ ഇല്ലിനോയ്‌സിൽ ഒരു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തുകയും കുട്ടിയുടെ അമ്മയെ കൊലചെയ്യാൻ ശ്രമിക്കുകയും ചെയ്ത വാർത്ത ഞാനും ജില്ലും(പ്രഥമ വനിത ജിൽ ബൈഡൻ) വേദനയോടെയാണ് അറിയുന്നത്. കുടുംബത്തോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനകളുണ്ട്. അനുശോചനം രേഖപ്പെടുത്തുകയാണ്. ഫലസ്തീൻ മുസ്‌ലിം കുടുംബത്തിനെതിരായ ഈ വിദ്വേഷനടപടിക്ക് അമേരിക്കയിൽ സ്ഥാനമില്ല''-ബൈഡൻ ട്വീറ്റ് ചെയ്തു.

ഇത്തരം ഇസ്‌ലാമോഫോബിയയും എല്ലാതരത്തിലുമുള്ള വിദ്വേഷ-മതഭ്രാന്തിനെയുമെല്ലാം നമ്മൾ അമേരിക്കക്കാർ ഒന്നിച്ചു തള്ളിക്കളയണം. വിദ്വേഷത്തിനു മുന്നിൽ നിശബ്ദമായിരിക്കാൻ കഴിയില്ലെന്ന് ഞാൻ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു സംശയവും അരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഇല്ലിനോയ്‌സിലെ ചിക്കാഗോയിൽ ലോകത്തെ ഞെട്ടിച്ച ക്രൂരകൊലപാതകം നടന്നത്. ഇസ്രായേൽ അനുകൂലിയായ ജോസഫ് എം. ചൂബ(71)യാണ് തന്റെ വീട്ടിൽ താമസിച്ചിരുന്ന ഫലസ്തീൻ കുടുംബത്തെ ആക്രമിച്ചത്. ആറു വയസുള്ള വദീഅ അൽ ഫയ്യൂം ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. 26 തവണയാണ് ജോസഫ് കുട്ടിയെ കത്തി കൊണ്ട് കുത്തിയത്. നിരവധി തവണ കുത്തേറ്റ കുട്ടിയുടെ മാതാവ് ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പ്രതിയെ വിദ്വേഷക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പ്ലെയിൻഫീൽഡ് ടൗൺഷിപ്പിൽ അക്രമിയുടെ വീടിന്റെ താഴത്തെ നിലയിലാണ് മുസ്ലിം കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. 'നിങ്ങൾ മുസ്ലിംകൾ മരിക്കണം' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണമെന്ന് കുട്ടിയുടെ മാതാവ് വെളിപ്പെടുത്തി. ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ പ്രകോപിതനായാണു ക്രൂരമായ ആക്രമണമെന്നാണു മനസിലാക്കുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

Summary: ''We must come together and reject Islamophobia and all forms of bigotry and hatred'': US president Joe Biden in over murder of 6 year old Palestinian-American Muslim boy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News