ഗസ്സയിലെ വംശഹത്യ കേസിനെ പിന്തുണച്ച് അന്താരാഷ്ട്ര സമൂഹം; തുറന്ന കത്തില്‍ ഒപ്പുവച്ചു
ലോക കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയെ ശക്തിപ്പെടുത്താന്‍ മറ്റു രാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നതായി കത്തില്‍ പറയുന്നു
കേപ് ടൗണ്‍: ഗസ്സയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നല്‍കിയ കേസിനെ പിന്തുണച്ച് അന്താരാഷ്ട്ര സമൂഹം. 900-ലധികം ജനകീയ പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും യൂണിയനുകളും മറ്റ് സംഘടനകളും സംഘടനകളും ഇസ്രായേലിനെതിരായ വംശഹത്യ കേസിനെ പിന്തുണയ്ക്കാൻ മറ്റു രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണ തേടി തുറന്ന കത്തില്‍ ഒപ്പുവച്ചു.
ലോക കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയെ ശക്തിപ്പെടുത്താന്‍ മറ്റു രാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നതായി കത്തില്‍ പറയുന്നു. ''ഫലസ്തീനികൾക്കെതിരെ നടക്കുന്ന ഇസ്രായേൽ ഭരണകൂടത്തിന്റെ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ പല രാജ്യങ്ങളും രംഗത്തുവന്നിരുന്നു. ഇസ്രായേൽ അധിനിവേശ സേന 2023 ഒക്ടോബർ 7 മുതൽ ആശുപത്രികൾ, വീടുകള്‍, ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ക്യാമ്പുകള്‍, സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ ബോംബാക്രമണം നടത്തി. പതിനായിരക്കണക്കിന് ഫലസ്തീനികളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്.ഫലസ്തീനികളെ അവരുടെ സ്വന്തം മണ്ണിൽ നിന്ന് ശാശ്വതമായും പൂർണ്ണമായും കുടിയൊഴിപ്പിക്കാനുള്ള തങ്ങളുടെ ഉദ്ദേശ്യം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഇസ്രായേലി നേതാക്കൾ ക്രൂരമായ വംശഹത്യ പ്രസ്താവനകൾ നടത്തി. ഇസ്രായേലിന്‍റെ പ്രവര്‍ത്തനങ്ങള്‍ വംശഹത്യ സ്വഭാവമുള്ളതാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം ശരിയാണ്. '' കത്തില്‍ പറയുന്നു.
ഫലസ്തീനികളെ കൊല്ലുകയും നാടുകടത്തുകയും അധിനിവേശ ജനതയ്ക്ക് വെള്ളം, ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവ നിഷേധിക്കുകയും ചെയ്യുന്നത് വംശഹത്യ എന്ന കുറ്റകൃത്യത്തിന് തുല്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.ബെല്‍ജിയത്തിലെ 11 മാര്‍ച്ച് മൂവ്മെന്‍റ്, യുഎസ്എ എ.ജെ. മസ്റ്റെ മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട്, അഫ്ഗാൻ വിമൻസ് പീസ് ആൻഡ് ഫ്രീഡം ഓർഗനൈസേഷൻ എന്നിവയുള്‍പ്പെടെ 937 സംഘടനകള്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.
ഈ മാസം 11നും 12നും ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യകേസിന്‍റെ വിസ്താരം നടക്കുന്നത്. ഇസ്രായേൽ ആക്രമണം വംശഹത്യയായി കണക്കാക്കണമെന്നാണ് ദക്ഷിണാഫ്രിക്ക നൽകിയ 84 പേജുള്ള പരാതിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.'വർണവിവേചനം, ആട്ടിപ്പുറത്താക്കൽ, വംശീയ ഉന്മൂലനം, അധിനിവേശം, വിവേചനം, ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിന്റെ നിരന്തരമായ നിഷേധം എന്നിവയുടെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ വംശഹത്യ തടയുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്നും ഹരജിയിൽ കുറ്റപ്പെടുത്തുന്നു.