ആഴ്ചകൾക്കുശേഷം വടക്കൻ ഗസ്സയിലേക്ക് ആദ്യ സഹായമെത്തി
പട്ടിണി പിടിമുറുക്കിയതു കാരണം ജനങ്ങൾ ചെടികളും മറ്റും കഴിക്കേണ്ട സ്ഥിതിയിലാണ്
ദുബൈ: ഖത്തറിൽ വെടിനിർത്തൽ കരാർ ചർച്ച ഊർജിതമായി തുടരവെ, ആഴ്ചകൾക്കുശേഷം വടക്കൻ ഗസ്സയിലേക്ക് ആദ്യ സഹായമെത്തി. താൽക്കാലിക വെടിനിർത്തൽ കരാറിനു വേണ്ടി തിരക്കിട്ട ചർച്ചകൾ തുടരുന്നതായി അമേരിക്ക അറിയിച്ചു. ബന്ദികളുടെ മോചനവും ഗസ്സയിൽ സഹായം എത്തിക്കലും പ്രസിഡൻറ് ജോ ബൈഡെൻറ പ്രധാന മുൻഗണനയെണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. എന്തൊക്കെ തിരിച്ചടികൾ ഉണ്ടായാലും വെടിനിർത്തൽ നടപ്പാക്കുമെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയോടെ വെടിനിർത്തൽ കരാർ യഥാർഥ്യമാകുമെന്ന് കഴിഞ്ഞ ദിവസം ജോ ബൈഡൻ വെളിപ്പെടുത്തിയിരുന്നു. ഖത്തറിൽ ഇസ്രായേൽ, ഹമാസ് നേതൃത്വവുമായി പല തലങ്ങളിൽ ചർച്ച തുടരുകയാണ്.
എന്നാൽ ഈ ഘട്ടത്തിൽ ചർച്ചയുടെ പുരോഗതി വെളിപ്പെടുത്താൻ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും വിസമ്മതിച്ചു.വടക്കൻ ഗസ്സയിൽ ഇന്നലെ ചെറിയ തോതിൽ സഹായം എത്തിക്കാനായത് പ്രതീക്ഷ പകരുന്നുണ്ട്. ജനുവരി 23നാണ് ഇവിടേക്ക് അവസാനമായി യു.എൻ സഹായം എത്തിയത്. പട്ടിണി പിടിമുറുക്കിയതു കാരണം ജനങ്ങൾ ചെടികളും മറ്റും കഴിക്കേണ്ട സ്ഥിതിയിലാണ്. പട്ടിണിയെ തുടർന്ന് നാല് കുട്ടികൾ മരിച്ചതായും ഗസ്സ ആരോഗ്യവകുപ്പ് അറിയിച്ചു.
വടക്കൻ ഗസ്സയിലേക്കും മറ്റും കൂടുതൽ സഹായം ഉടൻ എത്തിക്കണമെന്ന് ഖത്തറും ഫ്രാൻസും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വടക്കൻ ഗസ്സയിൽ നിലവിലുള്ള ഏക ആശുപത്രിയായ കമാൽ അദ്വാന്റെ പ്രവർത്തനം നിലച്ചതായി അധികൃതർ വെളിപ്പെടുത്തി.
അതിനിടെ, ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളുടെയും അവരെ അനുകൂലിക്കുന്നവരുടെയും നാലുദിവസം നീളുന്ന മാർച്ചിന് തുടക്കമായി. തെക്കൻ ഇസ്രായേലിൽനിന്ന് ജറൂസലമിലേക്കാണ് മാർച്ച്.
അൽ അഖ്സ പള്ളിയുടെ ചുമതലയിൽനിന്ന് മന്ത്രി ബെൻ ഗവിറിനെ ഒഴിവാക്കിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൽ അഖ്സ പള്ളിയിൽ വിശുദ്ധ മാസത്തിൽ മുസ്ലിംകളെ വിലക്കണമെന്ന ബെൻഗവിറിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്നലെയും നൂറോളം പേർ കൊല്ലപ്പെട്ടു.
ഹമാസിെൻറ അപ്രതീക്ഷിത ആക്രമണത്തിൽ ഗിവാറ്റി ബ്രിഗേഡിന്റെ 432-ാം 'സബർ' ബറ്റാലിയൻ കമ്പനി കമാൻഡറും പ്ലാറ്റൂൺ കമാൻഡറും കൊല്ലപ്പെട്ടത് വലിയ തിരിച്ചടിയാണെന്ന് ഇസ്രായേൽ സൈനിക വക്താവ് പ്രതികരിച്ചു. പ്ലാറ്റൂണിലെ ഏഴ് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ സെയ്‌തൂൻ പരിസരത്തുള്ള കെട്ടിടത്തിലായിരുന്നു സൈന്യത്തിനെതിരെ ഹമാസിന്റെ സ്ഫോടനം.