ആഗോള കാലാവസ്ഥക്ക് ഇതെന്ത് പറ്റി ?
കഴിഞ്ഞയാഴ്ച 3,80,000 പേരെയാണ് ചൈനയിലെ ഹിനാൻ പ്രവിശ്യയിൽ നിന്ന് പ്രളയത്തെ തുടർന്ന് ഒഴിപ്പിച്ചത്. ഉഗാണ്ടയിൽ 30 ഗ്രാമങ്ങളിൽ വലിയ പ്രളയമുണ്ടായി. കനത്തമഴയേയും മണ്ണിടിച്ചിലിനെ തുടർന്ന് ഇന്ത്യയിലെ മഹാരാഷ്ട്രയിൽ നൂറിലധികം പേരാണ് മരിച്ചത്...
അമേരിക്കയിൽ ഉഷ്ണതരംഗം പടിഞ്ഞാറൻ യൂറോപ്പിൽ മഹാപ്രളയം ഇങ്ങനെ ലോകത്ത് വിവിധയിടങ്ങളിൽ കാലാവസ്ഥ തകിടം മറിയുകയാണ്.
കഴിഞ്ഞയാഴ്ച 3,80,000 പേരെയാണ് ചൈനയിലെ ഹിനാൻ പ്രവിശ്യയിൽ നിന്ന് പ്രളയത്തെ തുടർന്ന് ഒഴിപ്പിച്ചത്. ഉഗാണ്ടയിൽ 30 ഗ്രാമങ്ങളിൽ വലിയ പ്രളയമുണ്ടായി. കനത്തമഴയേയും മണ്ണിടിച്ചിലിനെ തുടർന്ന് ഇന്ത്യയിലെ മഹാരാഷ്ട്രയിൽ നൂറിലധികം പേരാണ് മരിച്ചത്. തുർക്കിയിലെയും വടക്കൻ ആഫ്രിക്കയിലും താപനില 50 ഡിഗ്രിയിലേക്കെത്തി. അതേസമയം ആഫ്രിക്കയുടെ തെക്കൻഭാഗങ്ങളിലും ബ്രസീലിലും കനത്ത തണുപ്പുമാണ് അനുഭവപ്പെടുന്നത്. സൈബീരിയ വീണ്ടും കാട്ടുതീയെ അഭിമുഖീകരിച്ചു.
തുടർച്ചയായി 31 ദിവസമായി ഫിൻലൻഡ് ചരിത്രത്തിലെ ഏറ്റവും വലിയ താപനിലയാണ് അനുഭവിക്കുന്നത്. (25 ഡിഗ്രിക്ക് മുകളിൽ). അവിടെ ഇതുവരെ റെക്കോർഡ് ചെയ്തതിൽ ഏറ്റവും വലിയ ഉഷ്ണതരംഗത്തിനും അവർ സാക്ഷികളായി. അതിനെ തുടർന്ന് നിരവധിപേരാണ് നിർജലീകരണവും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും കൊണ്ട് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.
ഇറാനിൽ ചരിത്രത്തിലെ ഏറ്റവും വലിയ വേനലിലൂടെയാണ് അവർ കടന്നുപോകുന്നത്. അതിനെ തുടർന്ന് ഇറാന്റെ ചിലഭാഗങ്ങളിൽ കടുത്ത വരൾച്ചയുമുണ്ടായി. ഇത് സർക്കാരിനെതിരേ പ്രതിഷേധത്തിനും പ്രതിഷേധത്തിൽ പങ്കെടുത്ത ഒരാൾ വെടിയേറ്റ് മരിക്കുന്നതിനും ഇടയാക്കി. കാനഡയിലെ കനത്ത ചൂട് നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചതാണ്.
ഇത്രയും പ്രതിഭാസങ്ങളാണ് ലോകത്തെ മുഴുവൻ ശ്രദ്ധയാകർഷിച്ചുകൊണ്ട് കടന്നുപോയത്. യഥാർത്ഥത്തിൽ ആഗോളകാലാവസ്ഥയ്ക്ക് എന്താണ് പറ്റിയത്?
ഈ പ്രകൃതിദുരന്തങ്ങൾക്കെല്ലാം ആഗോളതാപനം ഒരു കാരണമായി മാറുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വ്യവസായവത്കരണത്തിന് ശേഷം ആഗോള താപനില 1.2 ഡിഗ്രി ഉയർന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഹരിതഗ്രഹ വാതകങ്ങൾ കാരണം ചൂടുകൂടിയത് കാലാവസ്ഥയെ തകിടം മറിച്ചെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇന്ന് നമ്മൾ അനുഭവിക്കുന്ന പ്രകൃതിപ്രതിഭാസങ്ങൾക്ക് കാരണമായ വാതകങ്ങൾ അന്തരീക്ഷത്തിലെത്തിയത് വർഷങ്ങൾക്ക് മുമ്പാണെന്നും വിദഗ്ധർ പറയുന്നു. അതുകൊണ്ടു തന്നെ 2050 ഓടെയെങ്കിലും കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം നിർത്താൻ രാജ്യങ്ങൾ തീരുമാനിച്ചാലും അതിനു ശേഷവും ഭൂമിയുടെ താപനില കൂടുന്നത് തുടരും. ആഗോള കാലാവസ്ഥയുടെ ചൂട് ശരിയായ നിലയിൽ എത്തുന്നത് വരെ ഇത്തരത്തിലുള്ള പ്രകൃതി പ്രതിഭാസങ്ങളെയും ദുരന്തങ്ങളെയും മനുഷ്യരാശി നേരിട്ടേ മതിയാകൂ.