പുതിയ അപ്ഡേഷനുമായി വാട്ട്സ് ആപ്പ്
പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്
ലോകമെമ്പാടും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മെസ്സേജിങ് ആപ്പായ വാട്സ് ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. പുതിയ അപ്ഡേഷനുകൾ അവതരിപ്പിച്ച് ഞെട്ടിക്കാറുള്ള വാട്സ് ആപ്പിന്റെ പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
വീഡിയോ കോളുകൾക്കിടയിൽ മ്യൂസിക് ഓഡിയോ പങ്കിടാൻ പറ്റുന്നതാണ് പുതിയ ഫീച്ചർ. ആൻഡ്രോയ്ഡ് വേർഷനിലാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ കൂടുതൽ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ലഭ്യമാകുമെന്നാണ് പുറത്ത്‍വരുന്ന വിവരം. വീഡിയോ കോളിനിടിയിൽ ഫോണിലുള്ള പാട്ടുകളും വോയ്സ് മെസേജുകളും പരസ്പരം പങ്കിടാനാകുമെന്നതാണ് പുതിയ അപ്ഡേഷന്റെ സൗകര്യം. പുതിയ ഫീച്ചറുകളെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വാട്ട്സ് ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ പുറത്തുവിട്ടിട്ടില്ല.
അതെ സമയം രാജ്യത്തെ 71 ലക്ഷത്തിലധികം വാട്സ് ആപ്പ് അക്കൗണ്ടുകൾ മെറ്റ മരവിപ്പിച്ചിരുന്നു. കഴിഞ്ഞ നവംബർ 1 മുതൽ 30 വരെ 71,96,000 അക്കൗണ്ടുകൾക്കാണ് വാട്സ് ആപ്പ് വിലക്കേർപ്പെടുത്തിയത്.ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ ഇത്രയുമധികം വാട്സാപ്പ് അക്കൗണ്ടുകൾക്ക് മാതൃ കമ്പനിയായ മെറ്റ വിലക്കേർപ്പെടുത്തുന്നത് ഇതാദ്യമാണ്. വാട്സ് ആപ്പ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. എന്നാൽ യൂസേഴ്സിൽ നിന്നുള്ള പരാതികൾ ലഭിക്കുന്നതിന് മുമ്പ് തന്നെ 19,54,000 അക്കൗണ്ടുകൾ മരവിപ്പിച്ചതായി മെറ്റ വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പ്, അശ്ലീല അക്കൗണ്ടുകൾ, വ്യാജ വാർത്തകൾ, വിദ്വേഷ പ്രചരണം തുടങ്ങിയവക്കുപയോഗിച്ച അക്കൗണ്ടുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. പുതിയ ഐടി നിയമങ്ങൾ അനുസരിച്ചാണ് നടപടിയെന്ന് കമ്പനി പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
വാട്ട്‌സ്ആപ്പിന്റെ പ്രതിമാസ കംപ്ലയൻസ് റിപ്പോർട്ടിലാണ് നിരോധനത്തിന്റെ കണക്കുകൾ ഉള്ളത്. രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. ഓരോ ദിവസവും ആയിരക്കണക്കിന് അക്കൗണ്ടുകൾക്കെതിരെയാണ് പരാതി ലഭിക്കുന്നതെന്ന് വാട്സാപ്പ് വിശദീകരിക്കുന്നു.