യുക്രൈനെ സഹായിക്കാൻ പണമില്ലെന്ന് അമേരിക്ക: ധനസഹായം വെട്ടിക്കുറയ്ക്കും
ഒക്ടോബറിൽ യുക്രൈൻ, ഇസ്രായേൽ രാജ്യങ്ങളെ സഹായിക്കാനും യുഎസ് അതിർത്തി സുരക്ഷക്കുമായി ഏകദേശം 106 ബില്യൺ ഡോളർ ആണ് ജോ ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നത്.
റഷ്യയുമായുള്ള യുദ്ധം കടക്കുന്നതിനിടെ യുക്രൈനെ കയ്യൊഴിയാനൊരുങ്ങി അമേരിക്ക. യുക്രൈനെ സഹായിക്കാൻ പണം തീർന്നതായി വൈറ്റ് ഹൗസ് ബജറ്റ് ഡയറക്ടർ ശലന്ദ യംഗ് മുന്നറിയിപ്പ് നൽകി. തങ്ങളുടെ സമയവും പണവും ഇല്ലാതായതായി റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കർ മൈക്ക് ജോൺസണും മറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് നേതാക്കൾക്കും അയച്ച കത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
"ഞാനിത് വ്യക്തമായി പറയുകയാണ്. ഈ വർഷം അവസാനിക്കുന്നതോടെ യുക്രൈനിനായി കൂടുതൽ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനുള്ള വിഭവങ്ങൾ തീരുകയാണ്. യുഎസ് സൈനിക സ്റ്റോക്കുകളിൽ നിന്ന് ഉപകരണങ്ങൾ നൽകുവാനും സാധിക്കാതെ വരും. ഈ സാഹചര്യം പരിഹരിക്കാൻ ഒരു മാന്ത്രിക പാത്രവും നമ്മുടെ കയ്യിലില്ല. ഞങ്ങളുടെ കയ്യിൽ പണമില്ല, സമയവും": ശലന്ദ യംഗ് അയച്ച കത്തിന്റെ ഉള്ളടക്കം ഇങ്ങനെ.
ഒക്ടോബറിൽ യുക്രൈൻ, ഇസ്രായേൽ രാജ്യങ്ങളെ സഹായിക്കാനും യുഎസ് അതിർത്തി സുരക്ഷക്കുമായി ഏകദേശം 106 ബില്യൺ ഡോളർ ആണ് ജോ ബൈഡൻ ഭരണകൂടം യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. രാജ്യത്തെ ഒരു ടെലിവിഷൻ പ്രസംഗത്തിൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.
2022 ഫെബ്രുവരിയിലാണ് യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചത്. തുടർന്നുണ്ടായ സംഘർഷങ്ങൾ ഇപ്പോഴും തുടരുകയാണ്. യുക്രൈന്‍ സൈന്യവും അവരോടൊപ്പം ചേര്‍ന്ന് ജനങ്ങളും നടത്തിയ അതിശക്തമായ പ്രതിരോധത്തില്‍ യുഎസിന്റെ പിന്തുണ ഒരു പ്രധാന ഘടകമായിരുന്നു.
ഒരാഴ്ച മുൻപ് റഷ്യയ്ക്കെതിരെയായ യുദ്ധത്തിൽ യുക്രെയ്നിനൊപ്പം നിൽക്കുന്നതായി പെന്‍റഗൻ മേധാവി (യുഎസ് പ്രതിരോധ മേധാവി) അറിയിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കീവിലേക്ക് പെന്‍റഗൻ മേധാവി ലോയ്ഡ് ഓസ്റ്റിൻ സന്ദർശനം നടത്തി. സ്വയം പ്രതിരോധിക്കാൻ യുക്രെയ്ന് ആവശ്യമായ സഹായം നൽകുമെന്നും അദ്ദേഹം ആവർത്തിച്ചിരുന്നു. ക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയോട് നേരിട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്.