യൂറോപ്പിൽ പകുതി പേർക്കും ആഴ്ചകൾക്കകം ഒമിക്രോൺ ബാധിക്കുമെന്ന് ലോകാരോഗ്യസംഘടന
പോളണ്ടിൽ ഒരു ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്കിൽ ലോകത്ത് ആറാം സ്ഥാനത്താണ് രാജ്യം. ജനസംഖ്യയുടെ 40 ശതമാനം പേരും ഇപ്പോഴും വാക്‌സിൻ സ്വീകരിച്ചിട്ടില്ല
യൂറോപ്പിൽ പകുതി പേർക്കും ആറോ എട്ടോ ആഴ്ചകൾക്കകം ഒമിക്രോൺ ബാധിക്കുമെന്ന് ആരോഗ്യ രംഗം വിശകലനം ചെയ്യുന്ന ലോകാരോഗ്യസംഘടനയുടെ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡെൽറ്റ വേരിയൻറിന് മുകളിലായി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒമിക്രോൺ തരംഗം അടിച്ചുവീശുന്നുണ്ടെന്ന് ഡോ. ഹാൻസ് ക്ലൂഗ് ഒരു കോൺഫറൻസിൽ പറഞ്ഞു. 2021 അവസാനം വരെ ഒമിക്രോൺ വ്യാപനം നിയന്ത്രിച്ച രാജ്യങ്ങളിൽ ഇപ്പോൾ രോഗബാധ തീവ്രമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2022 ലെ ആദ്യ ആഴ്ചയിൽ മാത്രം ഏഴ് മില്യൺ ദശലക്ഷം കേസുകളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. രണ്ടാഴ്ചക്കടയിൽ രോഗബാധ ഇരട്ടിയിലധികമാകുകയും ചെയ്തു. ഒമിക്രോൺ ബാധ പടിഞ്ഞാറ് നിന്ന് ബാൽക്കൻ ഭാഗത്തേക്ക് പടരുന്നതിനാൽ യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജ്യങ്ങൾ തീവ്രസമ്മർദ്ദത്തിലാണെന്നും രാജ്യങ്ങൾ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്നും ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു.
More than half of people in Europe will likely catch #Omicron 🦠 by March, the @WHO said Tuesday.
— FRANCE 24 English (@France24_en) January 12, 2022
Meanwhile, as the World Bank warned the contagious variant could hamper global economic recovery 🏦 pic.twitter.com/nFzqL6qQq1
ഒമിക്രോൺ ബാധ അത്ര ഗൗരവതരമല്ലെങ്കിലും വളരെ പെട്ടെന്ന് പകരുന്നതും വാക്‌സിനെടുത്തവരെ പോലും കീഴടക്കുന്നതുമാണ്. അതുകൊണ്ട് തന്നെ അസുഖം പടരുന്നത് ആരോഗ്യസംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കുകയാണ്. തിങ്കളാഴ്ച 142,224 കേസുകളാണ് യുകെയിൽ കണ്ടെത്തിയത്. 77 മരണങ്ങൾ രേഖപ്പെടുത്തപ്പെട്ടു. പല ആശുപത്രികളിലും ജീവനക്കാരുടെ ലഭ്യത ഇല്ലാതായി.
ജനുവരിയിൽ രോഗപ്രതിരോധവും ചികിത്സയും ആശുപത്രികൾക്ക് വളരെ ശ്രമകരമായിരിക്കുമെന്നാണ് ഫ്രാൻസ് ആരോഗ്യമന്ത്രി ഒലിവർ വെറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡൽറ്റ ബാധിച്ചവർ ഐസിയുവിലും ഒമിക്രോൺ ബാധിച്ചവർ സാധാരണ കിടത്തിച്ചികിത്സയും തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. പോളണ്ടിൽ ഒരു ലക്ഷം ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്കിൽ ലോകത്ത് ആറാം സ്ഥാനത്താണ് രാജ്യം. ജനസംഖ്യയുടെ 40 ശതമാനം പേരും ഇപ്പോഴും വാക്‌സിൻ സ്വീകരിച്ചിട്ടില്ല. റഷ്യയിൽ നിത്യേനയുള്ള കോവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം വരെ എത്തിയിരുന്നു. ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.
ആശുപത്രികളിലേക്ക് സൈനികരെ ഇറക്കി ബ്രിട്ടൻ
ബ്രിട്ടനിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഒമിക്രോൺ വകഭേദം കൂടി പിടിമുറുക്കിയതോടെ രോഗികളുടെ എണ്ണം ഇരട്ടിയായി ആശുപത്രികളിൽ നിറഞ്ഞൊഴുകുന്നു. ഇതിനിടെ രോഗികളെ പരിചരിക്കാൻ മതിയായ ഡോക്ടർമാരും നഴ്സുമാരുമില്ലാതെ പ്രതിസന്ധിയിലായ ആശുപത്രികളിലേക്ക് സൈനികരെ ഇറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ഭരണകൂടം. ലണ്ടനിലെ നാഷനൽ ഹെൽത്ത് സർവീസ്(എൻഎച്ച്എസ്) ആശുപത്രികളിലാണ് ജീവനക്കാരുടെ ക്ഷാമത്തെ തുടർന്ന് സൈന്യത്തെ ഇറക്കിയത്. 200 സൈനികരെയാണ് ലണ്ടനിലെ വിവിധ ആശുപത്രികളിൽ കോവിഡ് ചുമതലയേൽപ്പിച്ചിരിക്കുന്നത്. 40 സൈനിക ഡോക്ടർമാർക്ക് പുറമെ 160 സാധാരണ സൈനികരെയുമാണ് പ്രതിരോധ മന്ത്രാലയം അടുത്ത മൂന്ന് ആഴ്ചത്തേക്കായി ആശുപത്രികളിലേക്ക് അയച്ചത്.
ഒമിക്രോൺ വകഭേദം പടർന്നുപിടിച്ചതോടെയാണ് ആശുപത്രികളിൽ ജീവനക്കാരുടെ കടുത്ത ക്ഷാമമുണ്ടായത്. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതിനൊപ്പം പലയിടത്തും ആരോഗ്യപ്രവർത്തകരും വലിയ തോതിൽ വൈറസ് ബാധിതരാകുകയോ ഐസൊലേഷനിലേക്ക് മാറാൻ നിർബന്ധിതരാകുകയോ ചെയ്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ ഡിസംബർ ആദ്യവാരം ആശുപത്രികളിൽ 1,100 കോവിഡ് രോഗികളുണ്ടായിരുന്നത് നിലവിൽ 4,000മായാണ് കുതിച്ചുയർന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ തന്നെ പുതിയ വകഭേദത്തെ തുടച്ചുനീക്കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചത്. ഇതിനു പിന്നാലെയാണ് ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രികളിൽ വൻ പ്രതിസന്ധി രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം മാത്രം 1,79,756 കോവിഡ് കേസുകളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്രിട്ടനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 12.72 ലക്ഷം കടന്നിരിക്കുകയാണ്. യഥാർത്ഥ കണക്ക് ഇതിനും മുകളിലായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
അമേരിക്കയിലും നിരവധി കേസുകൾ
അമേരിക്കയിൽ വീണ്ടും പ്രതിദിനം കോവിഡ് രോഗികളുടെ പത്തു ലക്ഷം കടന്നിരുന്നു. തിങ്കളാഴ്ച മാത്രം 1.13 മില്യൺ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കേസുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ജനുവരി 3ന് ശേഷം അമേരിക്കയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. അന്ന് 1.3 മില്യൺ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,35,500-ലധികം പേരെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആശുപത്രി കേസുകളുടെ കാര്യത്തിലും റെക്കോഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരിയിലാണ് രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തിൽ ഇത്രയധികം വർധനവുണ്ടായത്. 1,32,051 പേരെയാണ് അന്ന് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും ജീവനക്കാരുടെ പ്രതിസന്ധി നേരിടുന്ന യുഎസിലെ ആശുപത്രികൾ നഴ്‌സുമാർക്കും മറ്റ് കോവിഡ് ബാധിച്ച തൊഴിലാളികൾക്കും നേരിയ ലക്ഷണങ്ങളോ ലക്ഷണങ്ങളില്ലെങ്കിലോ ജോലിയിൽ തുടരാൻ അനുവദിക്കുന്നുണ്ടെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ഫ്രാൻസിൽ ആശുപത്രികൾ കോവിഡ് രോഗികളെ കൊണ്ടുനിറയുകയാണ്. ഫ്രാൻസിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം തിങ്കളാഴ്ച 767ൽ നിന്നും 22,749 ആയി. 2021 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ഒമിക്രോൺ വകഭേദം അപകടകാരിയല്ലെങ്കിലും പകർച്ചവ്യാധിയാണെന്നും രോഗികളുടെ എണ്ണം അതിവേഗം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി ഒലിവിയർ വെരൻ പറഞ്ഞു. ഓസ്‌ട്രേലിയയിലും സ്ഥിതി വ്യത്യസ്തമല്ല. തിങ്കളാഴ്ച രാജ്യത്ത് കോവിഡ് കേസുകൾ 10 ലക്ഷം കടന്നു. ഇതിൽ പകുതിയും കഴിഞ്ഞ ആഴ്ചയാണ് റിപ്പോർട്ട് ചെയ്തത്.
The World Health Organization (WHO) estimates that half of Europe's people will be infected with Omicron within weeks