പാതിവെന്ത ശരീരവുമായി ഇസ്രായേൽ ജയിലിൽ നരകജീവിതം; ഒടുവിൽ മോചനം-ആരാണ് ഇസ്രാ ജാബിസ്?

60 ശതമാനത്തിലേറെ പൊള്ളലേറ്റ ഇസ്രക്ക് ചികിത്സ നിഷേധിച്ച ഇസ്രായേൽ സൈന്യം വേദന സംഹാരികൾ മാത്രമാണ് നൽകിയത്.

Update: 2023-11-26 03:07 GMT
Advertising

ഗസ്സ: വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസും ഇസ്രായേലും പരസ്പരം ബന്ദി കൈമാറ്റത്തിന്റെ പാതയിലാണ്. 39 ഫലസ്തീനികളെയാണ് ഇതുവരെ ഇസ്രായേൽ മോചിപ്പിച്ചത്. ഇവർക്ക് ഉജ്ജ്വല വരവേൽപ്പാണ് ജന്മനാട്ടിൽ ലഭിച്ചത്. മോചിപ്പിക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു പേര് ഇസ്രാ ജാബിസ് എന്ന വനിതയുടേതാണ്. നിരപരാധികളായ ഫലസ്തീനികളെ ഇല്ലാക്കഥകൾ മെനഞ്ഞ് കുറ്റവാളിയാക്കി ചിത്രീകരിച്ച് ജയിലിലടച്ച് പീഡിപ്പിക്കുന്ന ഇസ്രായേൽ ക്രൂരതയുടെ നേർചിത്രമാണ് ഇസ്രാ ജാബിസിന്റെ ജീവിതം.

അധിനിവേശ ഭരണകൂടം ഉയർത്തിയ എല്ലാ തടസങ്ങളും മറികടന്ന് ഉന്നത പഠനത്തിലൂടെ മികച്ച കരിയർ സ്വപ്‌നം കണ്ട ഇസ്രാ ജാബിസിന്റെ ജീവിതം തകിടംമറിഞ്ഞത് 2015 ഒക്ടോബർ 11നാണ്. അന്ന് മകൻ മുഅ്തസിനൊപ്പം വീട്ടുസാധനങ്ങളുമായി ചെറിയ കാറിൽ ജറുസലേമിലേക്ക് പോകുകയായിരുന്നു ഇസ്ര. ജറുസലേമിൽ ജനിച്ച മുഅ്തസിമിന് അവിടെ താമസിക്കാൻ അനുമതിയുണ്ടായിരുന്നു. ഇസ്രയും ജെറുസലേം സ്വദേശിയാണ്. വെസ്റ്റ് ബാങ്ക് ഐ.ഡി കാർഡുള്ള ഭർത്താവിന് ജറുസലേമിൽ പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു. മകന് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടിയാണ് അവനൊപ്പം ഏതാനും വർഷം ജറുസലേമിൽ പോയി താമസിക്കാൻ ഇസ്ര തീരുമാനിച്ചത്.

വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറും ഇസ്രയുടെ കാറിലുണ്ടായിരുന്നു. യാത്രക്കിടെ രണ്ടു തവണ ഇവരുടെ കാർ ഓഫായിപ്പോയിരുന്നു. ഏതാനും കിലോമീറ്ററുകൾ കൂടി കടന്നുപോയതോടെ കാർ വീണ്ടും ഓഫായി. കാർ വീണ്ടും സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിരമിച്ച ഒരു ഇസ്രായേലി പൊലീസുകാരൻ വന്ന് ഇസ്രയുടെ രേഖകൾ ആവശ്യപ്പെട്ടു. കാറിൽനിന്ന് കരിഞ്ഞ മണം വരുന്നതിനാൽ അവർ പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും രേഖകൾ പരിശോധിക്കാതെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നായിരുന്ന ഇയാളുടെ നിലപാട്.

കാറിന്റെ ബോണറ്റിൽനിന്ന് തീ പടരുന്നത് കണ്ട് ഇസ്ര വാതിൽ തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും പൊലീസുകാരൻ വാതിൽ വലിച്ചടച്ചു. അവളുടെ കൈകൾ അതിനുള്ളിൽ ഞെരിഞ്ഞമർന്നു. ഇസ്ര കാറിനുള്ളിൽനിന്ന് കത്തുന്നത് പൊലീസുകാരൻ കണ്ടുനിൽക്കുകയായിരുന്നു. അവളെ രക്ഷപ്പെടാൻ അയാൾ അനുവദിച്ചില്ല. ഇസ്ര ഗ്യാസ് സിലിണ്ടറുമായെത്തി മനപ്പൂർവം സ്‌ഫോടനം നടത്തിയെന്നായിരുന്നു ഈ പൊലീസുകാരൻ നൽകിയ മൊഴി. ഇയാളുടെ മൊഴി മാത്രം പരിഗണിച്ച കോടതി 2017ൽ ഇസ്രയെ 11 വർഷം തടവിന് ശിക്ഷിച്ചു.

ശരീരത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റ ഇസ്രയുടെ എട്ട് വിരലുകൾ ഉരുകിപ്പോയിരുന്നു. മൂക്കിന്റെ ദ്വാരങ്ങൾ അടഞ്ഞുപോയതിനാൽ വായിലൂടെയാണ് ശ്വസിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ് കഠിന വേദനയനുഭവിച്ച ഇസ്രക്ക് മതിയായ ചികിത്സ നൽകാൻ പോലും ഇസ്രായേൽ സൈന്യം തയ്യാറായില്ല. വിരലുകൾ നഷ്ടപ്പെട്ട് കണ്ണും മുഖവും ഉരുകിപ്പോയ ഇസ്രയെ വേദന സംഹാരികൾ മാത്രം നൽകി ജയിലിനുള്ളിൽ നരകയാതനയിലേക്ക് തള്ളിവിടുകയായിരുന്നു. ഗുരുതരായി പൊള്ളലേറ്റ ശരീരവുമായി വിചാരണക്ക് കോടതിയിലെത്തിയ ഇസ്രയോട് ജഡ്ജി ചോദിച്ചത് 'ഇസ്രാ...വേദനയുണ്ടോ?' എന്നായിരുന്നു. വിരലുകൾ ഉരുകിപ്പോയ കൈകകൾ ഉയർത്തിക്കാട്ടി 'ഇതിനേക്കാൾ വലിയ വേദനയെന്താണ്?' എന്നായിരുന്നു ഇസ്ര തിരിച്ചു ചോദിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News