സ്വിറ്റ്‌സർലാൻഡിലെ റിസോർട്ടിൽ ഒളിവിൽ; പുടിന്റെ രഹസ്യകാമുകിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപയിൻ

യുദ്ധം ആരംഭിച്ച വേളയിൽ സ്വകാര്യമായാണ് അലീന സ്വിറ്റ്സര്‍ലാന്‍ഡിലെത്തിയത് എന്ന് മിറർ യുകെ റിപ്പോർട്ടു ചെയ്യുന്നു

Update: 2022-03-23 05:23 GMT
Editor : abs | By : Web Desk
Advertising

യുക്രൈനിൽ യുദ്ധം തുടരുന്നതിനിടെ റഷ്യൻ പ്രസിഡണ്ടിന്റെ രഹസ്യകാമുകിയെന്ന് കരുതപ്പെടുന്ന യുവതിക്കെതിരെ ജനരോഷം. മുൻ ജിംനാസ്റ്റും ഒളിംപിക് സ്വർണ മെഡൽ ജേത്രിയുമായ 38കാരി അലീന കബയേവയ്‌ക്കെതിരെയാണ് ആളുകൾ രംഗത്തെത്തിയത്. സ്വിറ്റ്‌സർലാൻഡിലാണ് ഇവർ താമസിക്കുന്നത്. രാജ്യത്തുനിന്ന് ഇവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ചെയ്ഞ്ച് ഡോട്ട് ഓർഗിൽ ഒപ്പുതേടൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. 

ദ ഗാർഡിയൻ അടക്കമുള്ള നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ അലീന പുടിന്റെ കാമുകിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വിറ്റ്‌സർലാൻഡിലെ ആഡംബര റിസോർട്ടിൽ മൂന്നു കുട്ടികൾക്കൊപ്പമാണ് ഇവരുടെ താമസം. എന്നാൽ റഷ്യൻ പ്രസിഡണ്ട്  ഈ ബന്ധത്തെ കുറിച്ച് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. അലീനയെ പുറത്താക്കണമെന്ന പരാതിയിൽ ഇതുവരെ അറുപതിനായിരത്തോളം പേരാണ് ഒപ്പു വച്ചിട്ടുള്ളത്. 

ഹിറ്റ്‌ലറോടും കാമുകി ഇവാ ബ്രൗണിനോടുമാണ് ഇരുവരെയും പരാതിയിൽ ഉപമിക്കുന്നത്. 'വർത്തമാനകാല ഇവാ ബ്രൗണായ അലീനയെ അഭിനവ ഫ്യൂററായ പുടിനുമായി ഒരുമിപ്പിക്കൂ' എന്നാണ് പരാതിയിൽ പറയുന്നത്. ജർമൻ, ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിൽ പരാതി ലഭ്യമാണ്.  



യുക്രൈനിൽ യുദ്ധം തുടങ്ങിയ ശേഷമാണ് അലീന സ്വിറ്റ്‌സർഡിലേക്ക് പോയത് എന്നാണ് റിപ്പോർട്ട്. റഷ്യയുടെ മോസ്റ്റ് ഫ്‌ളക്‌സിബ്ൾ വുമൺ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. പുടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിയെ പ്രതിനിധീകരിച്ച് ആറു വർഷം പാർലമെന്റ് അംഗമായിരുന്നു. ക്രംലിൻ അനുകൂല മാധ്യമ ഗ്രൂപ്പായ നാഷണൽ മീഡിയ ഗ്രൂപ്പിന്റെ ഡയറക്ടർ ബോർഡിലും ഇവർ അംഗമായിരുന്നു. എട്ടു മില്യൺ പൗണ്ടായിരുന്നു അലീനയുടെ ശമ്പളം.

ജനനം ഉസ്‌ബെക്കിസ്ഥാനിൽ

1983 മേയ് 12നു ഉസ്‌ബെക്കിസ്ഥാനിലാണ് അലീന ജനിച്ചത്. അക്കാലത്ത് ഉസ്‌ബെക്കിസ്ഥാൻ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. ഒരു പ്രഫഷനൽ ഫുട്‌ബോൾ കളിക്കാരനായ മാറാറ്റ് കബേവിന്റെ പുത്രിയായാണ് ജനനം. മൂന്നു വയസ്സുള്ളപ്പോൾ തന്നെ കായികമേഖലയിൽ അരങ്ങേറിയ അലീന ജിംനാസ്റ്റിക്‌സാണു തിരഞ്ഞെടുത്തത്. 14 വേൾഡ് ചാംപ്യൻഷിപ് മെഡലുകളും 21 യൂറോപ്യൻ ചാംപ്യൻഷിപ് മെഡലുകളും നേടിയ അലീന 2004ലെ സിഡ്‌നി ഒളിംപിക്‌സിൽ സ്വർണവും തൊട്ടടുത്ത വർഷത്തെ ആതൻസ് ഒളിംപിക്‌സിൽ വെങ്കലവും നേടി.

സ്‌പോർട്‌സിൽ നിന്ന് വിരമിച്ച ശേഷം അലീന രാഷ്ട്രീയം തെരഞ്ഞെടുത്തു. 2008ലാണ് പുടിനുമായി ഇവർ അടുത്തതെന്ന് കരുതപ്പെടുന്നു. പുടിന് 56 ഉം അലിനയ്ക്ക് 25ഉം വയസ്സായിരുന്നു പ്രായം. ഏകദേശം മുപ്പത് വയസ്സിന്‍റെ പ്രായവ്യത്യാസം. അക്കാലത്ത് വിവാഹിതനായിരുന്നു പുടിൻ. കൗമാരപ്രായമായ മക്കളുമുണ്ടായിരുന്നു. രണ്ടായിരത്തി പതിമൂന്നില്‍ ഭാര്യ ല്യൂദ്മില്ലയിൽനിന്ന് പുടിൻ വിവാഹമോചനം നേടി. ഇതിനു പിന്നാലെ അലീനയുമായി വിവാഹമുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. 


യുദ്ധത്തിന് പിന്നാലെ, യുഎസ് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളും വൻകിട കമ്പനികളും റഷ്യക്കും രാജ്യത്തെ പ്രധാന വ്യവസായികൾക്കും മേൽ ഉപരോധമേർപ്പെടുത്തിയിരുന്നു. ഇക്കൂട്ടത്തിൽ അലീനയും  ഉൾപ്പെട്ടിരുന്നു.

ഒളിവിൽ കഴിയുന്നത് എവിടെ?

ദക്ഷിണ സ്വിറ്റ്‌സർലാൻഡിലെ ലുഗാനോയിൽ ആഡംബര വീട്ടിലാണ് അലീനയുടെ താമസം എന്നാണ് കരുതപ്പെടുന്നത്. പുടിന്റെ രണ്ടു ആൺമക്കളുടെയും ഒരു പെൺകുട്ടിയുടെയും മാതാവാണ് ഇവർ എന്നാണ് വിശ്വസിക്കപ്പെടുന്നത്. യുദ്ധം ആരംഭിച്ച വേളയിൽ സ്വകാര്യമായാണ് ഇവർ ഇവിടെയെത്തിയത് എന്ന് മിറർ യുകെ റിപ്പോർട്ടു ചെയ്യുന്നു. 'ഉപരോധങ്ങളെ തുടർന്ന് റഷ്യ വീഴുന്ന വേളയിൽ പുടിന് അലീനയെയും കുട്ടികളെയും അയക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലം' എന്നാണ് ഇതേക്കുറിച്ച് ടാബ്ലോയ്ഡ് പത്രം പറയുന്നത്. ഇറ്റലിയോട് ചേർന്നു കിടക്കുന്ന പ്രദേശമായ ലുഗാനോ ആഡംബര റസ്റ്ററൻഡുകളും ബാങ്കുകളും ബ്യൂട്ടിക്കുകളും ഏറെയുള്ള നഗരമാണ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News