'ഇസ്രായേല്‍ പരാജയപ്പെട്ടു, ഞങ്ങള്‍ ദൈവത്തിന്റെ സൃഷ്ടികള്‍': ഭര്‍ത്താവിന്റെ മരണത്തില്‍ ഇസ്മായില്‍ ഹനിയ്യയുടെ മരുമകള്‍
തന്റെ ഭര്‍ത്താവിനും മക്കള്‍ക്കും ബന്ധുക്കള്‍ക്കും അവസാന യാത്രപറയുന്ന നേരത്തായിരുന്നു അവരുടെ പ്രതികരണം
ഗസ്സസിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മക്കളുടെയും പേരക്കുട്ടികളുടെയും രക്തസാക്ഷിത്വത്തില്‍ അഭിമാനിക്കുന്നുവെന്ന ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ വാക്കുകള്‍ക്ക് പിന്നാലെ വേദനയിലും അടിപതറാതെ ശക്തമായ വാക്കുകളുമായി മരുമകള്‍. ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസിം ഇസ്മായില്‍ ഹനിയ്യ എന്ന മകന്റെ ഭാര്യയാണ് മരണാനന്തര ചടങ്ങിനിടെ ഇസ്രായേലിനെതിരെ സംസാരിച്ചത്.
ഇസ്രായേല്‍ പരാജയപ്പെട്ടെന്നും ഹസീം മരിച്ചിട്ടില്ലെന്നും ജിവിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പെരുന്നാള്‍ സ്വര്‍ഗത്തിലാണെന്ന് പറഞ്ഞ അവര്‍ എല്ലാ രക്തസാക്ഷികള്‍ക്കും ആശംസകള്‍ അറിയിക്കുകയെന്നും ചുറ്റും കൂടിയവരോടായി പറഞ്ഞു. ഞങ്ങള്‍ ദൈവത്തിന്റെ സൃഷ്ടികളാണെന്നും ഞാന്‍ നിങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുകയാണെന്നും വികാരാദീനയായി പറഞ്ഞ അവര്‍ പ്രശ്‌നങ്ങളില്‍ ദൈവം തനിക്ക് കൂട്ടാവുമെന്നും വ്യക്തമാക്കി. തന്റെ ഭര്‍ത്താവിനും മക്കള്‍ക്കും ബന്ധുക്കള്‍ക്കും അവസാന യാത്രപറയുന്ന നേരത്തായിരുന്നു അവരുടെ പ്രതികരണം.
പെരുന്നാള്‍ ദിനത്തില്‍ ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ശാതി അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇസ്മാഈല്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ വ്യോമാക്രമണം നടത്തുകയായിരുന്നു. ഹനിയ്യയുടെ മക്കളായ ഹസിം, ആമിര്‍, മുഹമ്മദ് എന്നിവരും പേരക്കുട്ടികളുമാണ് വധിക്കപ്പെട്ടത്.
മക്കളുടെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്നാണ് ഹനിയ്യ പ്രതികരിച്ചത്. തന്റെ മക്കളുടെ രക്തത്തിന് ഗസ്സയിലെ മറ്റു രക്തസാക്ഷികളേക്കാള്‍ കൂടിയ വിലയൊന്നുമില്ലെന്നും. കാരണം അവരോരോരുത്തരും തന്റെ മക്കള്‍ തന്നെയാണെന്നും ജറുസലേമിന്റെയും അല്‍ അഖ്സയുടെയും വിമോചന ലക്ഷ്യത്തില്‍ ഞങ്ങള്‍ അടിയുറച്ചു നില്‍ക്കുക തന്നെ ചെയ്യുമെന്നുമായിരുന്നു ഹനിയ്യയുടെ പ്രതികരണം. ഈ ആക്രമണത്തോടെ ഹമാസിനെ തളര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ ഇസ്രായേലിന് തെറ്റിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.