'ഗസ്സയിലേക്കുള്ള ഏത് ട്രക്കും ബോംബിട്ട് തകർക്കും'; ഈജിപ്തിന് താക്കീതുമായി ഇസ്രായേൽ
റഫാ അതിർത്തിയിലൂടെ ഗസ്സയിലേക്ക് അവശ്യവസ്തുക്കളെത്തിക്കാൻ ജോർദാൻ രാജാവ് അബ്ദുല്ല ബിൻ ഹുസൈൻ രണ്ടാമൻ നിർദേശം നൽകിയിട്ടുണ്ട്
ഗസ്സ സിറ്റി: ഗസ്സയിലേക്കുള്ള ട്രക്കുകൾ ബോംബിട്ട് തകർക്കുമെന്ന് ഈജിപ്തിന് താക്കീതുമായി ഇസ്രായേൽ. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇസ്രായേലി മാധ്യമമായ ചാനൽ 12 ആണ് വാർത്ത പുറത്തു വിട്ടത്. എന്നാൽ റഫാ അതിർത്തിയിലൂടെ ഗസ്സയിലേക്ക് അവശ്യവസ്തുക്കളെത്തിക്കാൻ ജോർദാൻ രാജാവ് അബ്ദുല്ല ബിൻ ഹുസൈൻ രണ്ടാമൻ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം റഫാ അതിർത്തിയിൽ ഈജിപ്തിൽ നിന്നുള്ള ട്രക്കുകൾ തടയുന്നതായി കാട്ടി ചിത്രങ്ങൾ പുറത്തു വന്നു. സിനായ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് എന്ന സംഘടനയാണ് ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ട്രക്കുകളെ ആയുധം കടത്താൻ ഉപയോഗിക്കുകയാണെന്നാണ് ഇസ്രായേലിന്റെ ആരോപണം.
ഗസ്സയിലേക്കുള്ള എല്ലാവഴികളും അടച്ച് ഭക്ഷണവും വെള്ളവും വൈദ്യുതിയും തടയുകയാണ് ഇസ്രായേൽ. ശനിയാഴ്ച രാവിലെ ഹമാസ് ആക്രമണം ആരംഭിച്ചത് മുതൽ ഗസ്സയിലേക്കുള്ള ഭക്ഷണവും മരുന്നും ഉൾപ്പടെ അടിയന്തര വസ്തുക്കൾ വിതരണം ചെയ്യുന്നത് നിർത്താൻ ഇസ്രായേൽ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഗസ്സയ്ക്ക് മേൽ ഇസ്രായേൽ പൂർണ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.
അതിർത്തി മേഖലകളിൽ നിന്ന് ഹമാസ് പോരാളികളെ മാറ്റിയതോടെ പുതുതായി കൂടുതൽ സൈനികരെയും ഇസ്രായേൽ ഇവിടേക്ക് വിന്യസിക്കുകയാണ്.
ഇതുവരെ 788 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടിരിക്കുന്നത്. 4100ഓളം പേർക്ക് പരിക്കേറ്റു. മധ്യ ഗസ്സയിലെ അൽ റിമാൽ പ്രദേശം ഇസ്രായേൽ നാമാവശേഷമാക്കി. ആക്രമണത്തിനും ഭീകരതക്കും ഇസ്രായേൽ വലിയ വില നൽകേണ്ടി വരുമെന്നാണ് ഹമാസ് നൽകുന്ന മുന്നറിയിപ്പ്.