'ഗുരുതര പ്രത്യാഘാതം ഉണ്ടാകും'; ഭീഷണിസ്വരവുമായി ഇസ്രായേൽ വിദേശകാര്യമന്ത്രി

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവെ, അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി

Update: 2024-05-22 13:32 GMT
Advertising

ദുബൈ: ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച നോർവെ, അയർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ വിദേശകാര്യ മന്ത്രി. ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ചാണ് മൂന്ന് യൂറോപ്യൻ രാജ്യങ്ങൾ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രായേൽ വിദേശകാര്യ മന്ത്രി അയർലൻഡിലെയും നോർവേയിലെയും ഇസ്രായേൽ അംബാസഡർമാരോട് ഉടൻ തന്നെ മടങ്ങാൻ ഉത്തരവിട്ടിരുന്നു.

അയർലൻഡിനും നോർവേക്കും താൻ വ്യക്തമായ ഒരു സന്ദേശം തരുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും അപകടത്തിലാക്കുന്നവരുടെ മുമ്പിൽ ഇസ്രായേൽ നിശബ്ദത പാലിക്കില്ല. ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള ഉദ്ദേശം സ്പെയിൻ പിന്തുടരുകയാണെങ്കിൽ കൂടുതൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അതിനെതിരെ സമാനമായ നടപടി സ്വീകരിക്കുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു.

ഐറിഷ്-നോർവീജിയൻ വിഡ്ഢിത്തം തങ്ങളെ പിന്തിരിപ്പിക്കുന്നില്ല. രാജ്യത്തെ പൗരന്മാർക്ക് സുരക്ഷ പുനഃസ്ഥാപിക്കുക, ഹമാസിനെ തകർക്കുക, ബന്ദികളെ നാട്ടിലെത്തിക്കുക. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ തങ്ങൾ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. ഹോളോകോസ്റ്റിനു ശേഷം ഏറ്റവും വലിയ യഹൂദ കൂട്ടക്കൊലയാണ് ഹമാസ് ഭീകരസംഘടന നടത്തിയത്. ലോകം കണ്ട നികൃഷ്ടമായ ലൈംഗിക കുറ്റകൃത്യങ്ങളും അവർ നടത്തി. ഇതിനെല്ലാം ശേഷവും ഈ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. 128 ബന്ദികളെ തിരിച്ചയക്കാനുള്ള ശ്രമങ്ങൾക്കുള്ള പ്രഹരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിഡിൽ ഈസ്റ്റിൽ സമാധാനം പുന:സ്ഥാപിക്കാൻ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കലാണ് ഏക മാർഗമെന്നാണ് നേർവെയും അയർലൻഡും സ്പെയിനും പറഞ്ഞത്. അയർലൻഡ് പ്രധാനമന്ത്രി സൈമൺ ഹാരിസ്, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ എന്നിവരാണ് ഇസ്രായേലിന്റെ പ്രതിഷേധത്തെയും മുന്നറിയിപ്പുകളെയും അവഗണിച്ച് ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചത്.


Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News