ഇന്ത്യ-കാനഡ നയതന്ത്ര തർക്കം വിസ സേവനങ്ങളെ ബാധിക്കുമോ? വിദ്യാർഥികൾ ആശങ്കയിൽ

ആക്ടിംഗ് ഹൈകമ്മീഷണർ അടക്കമുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു

Update: 2024-10-18 05:01 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ഒ​ട്ടാ​വ: ഹൈക്കമ്മീഷണർമാരെയും നയതന്ത്ര പ്രതിനിധികളെയും പരസ്‌പരം പുറത്താക്കിയുള്ള ഇന്ത്യ-കാനഡ സർക്കാരുകളുടെ നടപടികൾ വിസാ അപേക്ഷകളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇന്ത്യൻ വിദ്യാർത്ഥികളും തൊഴിലാളികളും. നിലവിൽ ഇന്ത്യക്കാർ ഏറ്റവുമധികം കുടിയേറുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ.

കാനഡയിൽ ഖലിസ്ഥാൻ നേതാവ് ഹർദീപ്‌സിങ് നിജ്ജാറിന്റെ വധത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണം നടത്തിയിരുന്നു. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഭീകരർക്കും തീവ്രവാദികൾക്കും കാനഡ അഭയം നൽകിയെന്ന് ഇന്ത്യ തിരിച്ചും ആരോപിച്ചു.

തുടർന്നാണ് ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോ​ഗസ്ഥരെ പരസ്പരം പുറത്താക്കിയത്. തുടർന്നാണ് ആക്ടിംഗ് ഹൈകമ്മീഷണർ അടക്കം ആറുപേരെ ഇന്ത്യ പുറത്താക്കിയത്. ശനിയാഴ്ചക്കകം ഇന്ത്യയിൽനിന്ന് പോകണമെന്നാണ് നിർദേശം. ആക്ടിങ് ഹൈകമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈകമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റസ്, ആദം ജെയിംസ് ചുയ്പ്ക, പൗല ഒർജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്.

കാനഡയിലെ ഇന്ത്യൻ ഹൈകമ്മീഷണർ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെ ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തു. അതേസമയം, ഹൈകമ്മീഷണർ അടക്കം ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയെന്ന് കാനഡയും അറിയിച്ചു. ഇന്ത്യ ഇവരെ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് പുറത്താക്കൽ നടപടി.

നിലവിൽ ഡൽഹിയിലെ കനേഡിയൻ എംബസിയിൽ നയതന്ത്ര ഉദ്യോഗസ്ഥർ കുറവാണ്. ഇത് കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്ന് വിദ്യാഭ്യാസം, ടൂറിസം, ബിസിനസ്, തൊഴിൽ ആവശ്യങ്ങൾക്കായി അങ്ങോട്ടും പോകുന്നവരുടെ വിസാ നടപടികളെ ബാധിക്കാനോ വിസകളുടെ എണ്ണം വെട്ടി കുറയ്‌ക്കാനോ സാധ്യതയുണ്ട്.

കഴിഞ്ഞ വർഷം കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഒരു മാസത്തേക്ക് നിറുത്തിവച്ചിരുന്നു. കൂടാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായുള്ള നിയന്ത്രണങ്ങളും കാനഡ കടുപ്പിച്ചിരുന്നു.

വിദേശ രാജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 18 ലക്ഷം ഇന്ത്യൻ വംശജർ ഉൾപ്പെടെ ഏകദേശം 28 ലക്ഷം ഇന്ത്യക്കാർ ഇപ്പോൾ കാനഡയിൽ താമസിക്കുന്നുണ്ട്. ഇവരിൽ 7,70,000 പേർ സിഖുകാരാണ്‌. കൂടാതെ കാനഡയിലേക്ക് ഏറ്റവും അധികം വിദ്യാർത്ഥികളെ എത്തിക്കുന്ന രാജ്യവും ഇന്ത്യയാണ്. ഏകദേശം 4,27,000 ഇന്ത്യൻ വിദ്യാർഥികളാണ്‌ അവിടെയുള്ളത്‌.

കഴിഞ്ഞ വർഷം നാൽപതോളം ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും തിരികെ വിളിച്ചപ്പോൾ വിസ നടപടികളിൽ കാലതാമസം നേരിട്ടിരുന്നു. നിലവിൽ നാല് മുതൽ ആറ് മാസം വരെ സമയമെടുത്താണ് കനേഡിയൻ സന്ദർശക വിസ ലഭിക്കുന്നത്. നയതന്ത്ര ബന്ധങ്ങളിലെ പ്രശ്നങ്ങൾ തുടർന്നാൽ വിമാനയാത്ര,വിസാ നടപടിക്രമങ്ങൾ എന്നിവ തടസപ്പെടുമോയെന്ന ആശങ്കയും ഉയർന്നുവരുന്നുണ്ട്. ഈ സാഹചര്യം സിഖുകാരെയും വിദ്യാർഥികളെയും മാത്രമല്ല, കാനഡയിൽ താമസിക്കുന്ന മറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റികളെയും ആശങ്കയിലാക്കുന്നു.

കുടിയേറ്റ നയങ്ങളിൽ കാനഡ നടപ്പാക്കിയ മാറ്റം നിരവധി വിദേശവിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 70000-ഓളം വിദേശ വിദ്യാർഥികൾ നിലവിൽ കാനഡയിൽ നിന്ന് പുറത്താക്കപ്പെടൽ ഭീഷണി നേരിടുന്നുണ്ട്. കനേഡിയൻ സർക്കാർ സ്റ്റഡി പെർമിറ്റ് പരിമിതപ്പെടുത്തിയതും സ്ഥിരതാമസത്തിനുള്ള അനുമതി വെട്ടിക്കുറച്ചതും കാരണം വിദ്യാർഥികൾ പ്രതിസന്ധിയിലാണ്.

ബിരുദാനന്തര ബിരുദ, ഡിപ്ലോമ പ്രോ​ഗ്രാമുകളിൽ പഠിക്കാൻ ആ​ഗ്രഹിക്കുന്ന പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക്, കാനഡ വളരെ കാലമായി പ്രിയപ്പെട്ട ഒരു തിരഞ്ഞെടുപ്പ് കേന്ദ്രമാണ്. ഇതിനകം കാനഡയിലേക്ക് പോകാൻ ഫീസ് അടച്ച നിരവധി വിദ്യാർത്ഥികൾ ആശങ്കാകുലരാണ്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News