യുക്രൈനിൽ റഷ്യ നയതന്ത്രത്തിന്റെയും അനുരഞ്ജനത്തിന്റെയും വാതായനങ്ങൾ തുറക്കുമോ ? ഉറ്റുനോക്കി ആഗോള സമൂഹം
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും തമ്മിൽ നടത്തിയ ചർച്ചയും ശുഭ സൂചന നൽകുന്നുണ്ട്
യുക്രൈനിൽ റഷ്യ അനുരഞ്ജനത്തിന്റെയും മികച്ച നയതന്ത്രത്തിന്റെയും വാതായനങ്ങൾ തുറക്കുമോയെന്ന് ഉറ്റു നോക്കുകയാണ് ആഗോള സമൂഹം. യുക്രൈനിൽ അധിനിവേശം നടത്തുന്നത് സംബന്ധിച്ച് റഷ്യ തീരുമാനം എടുത്തിട്ടില്ലെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. സൈനിക അഭ്യാസങ്ങൾ അവസാനിപ്പിച്ചുവെന്ന് റഷ്യ പ്രഖ്യാപിച്ചത് ശുഭ സൂചന നൽകുന്നുണ്ട്. ഇതോടെ യുക്രൈൻ വിഷയം മികച്ച നയതന്ത്രത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുക്രൈനിൽ യുദ്ധത്തിനുള്ള സാധ്യത വളരെ ശക്തമായി നിലിനിന്നിരുന്നു. യുക്രൈൻ അതിർത്തിയിൽ റഷ്യൻ സൈന്യം തടിച്ചു കൂടിയത് പല ഊഹാപോഹങ്ങളും പ്രചരിക്കാൻ കാരണമായി. ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനുമായുള്ള ചർച്ചയ്ക്കായി ഇന്ന് മോസ്‌കോയിലെത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജർമ്മനിയുടെ നേതൃത്വത്തിൽ തിരക്കിട്ട നീക്കങ്ങൾ ആരംഭിച്ചിരുന്നു. അമേരിക്കൻ ഐക്യനാടുകളും പടിഞ്ഞാറൻ യൂറോപ്പും മോസ്‌കോയുടെ നിയമപരമായ സുരക്ഷാ ആശങ്കകളെ അവഗണിച്ചു. ഇതിന്റെ ഫലമായാണ് നിലവിലെ പ്രതിസന്ധി രൂപപ്പെട്ടതെന്ന് റഷ്യ വാദിക്കുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും തമ്മിൽ നടത്തിയ ചർച്ചയും ശുഭ സൂചന നൽകുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളുമായി മികച്ച നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന് വേണ്ട എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും അത് സംഘർഷ സാധ്യതകളെ ഇല്ലാതാക്കാൻ സഹായിക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്‌റോവ് പ്രസിഡന്റ് വ്ളാഡിമർ പുടിനെ ബോധ്യപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെയും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെയും നേതാക്കളുമായി ആശയവിനിമയം നടത്തി റഷ്യൻ നയതന്ത്രത്തെയും ഭാവി പദ്ധതികളെയും പുരോഗതിയിലേക്ക് നയിക്കാൻ ആവശ്യമായ എല്ലാ സാഹചര്യവും നില നിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രി ലാവ്റോവ് പുടിന് വ്യക്തത നൽകിയിട്ടുണ്ടെന്നാണ് വിവരം. നയതന്ത്ര ബന്ധം ഊഷ്മളമാക്കാൻ തന്നെയാണ് പുടിനോട് ലാവ്റോവ് ആവശ്യപ്പെട്ടത്. ഇതിനോട് അനുകൂലമായ സമീപനം തന്നെയാണ് റഷ്യൻ പ്രസിഡന്റിനുമുള്ളത്. നയതന്ത്രത്തിന് ബദലില്ലെന്ന് യു.എൻ സെക്രട്ടറി ഓഫ് ജനറൽ ഐക്യ രാഷ്ട്ര സഭയിൽ വ്യക്തമാക്കി. റഷ്യയും യുക്രൈനും തമ്മിൽ യുദ്ധ ഭീഷണി നില നിന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇരു രാജ്യങ്ങൾക്കുമിടയിൽ മികച്ച നയതന്ത്രമാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
യുദ്ധമുണ്ടാകില്ലെന്ന ശുഭ സൂചന നിലനിൽക്കുമ്പോഴും യുക്രൈൻ അതിർത്തിയിൽ പതിനായിരത്തിലധികം സൈനികർ തമ്പടിച്ചിട്ടുണ്ടെന്നാണ് പെന്റഗൺ അറിയിച്ചത്. ആക്രമണം നടത്തണമോ എന്ന കാര്യത്തിൽ റഷ്യ അന്തിമ തീരുമാനമെടുത്തുവെന്ന് അമേരിക്ക ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. മറ്റു രാജ്യങ്ങള പോലെ യുക്രൈനിലെ കൈവ് എംബസി പടിഞ്ഞാറൻ നഗരമായ ലിവിലേക്ക് മാറ്റുകയാണെന്ന് യുഎസ് വ്യക്തമാക്കി. റഷ്യൻ സൈന്യം യുക്രൈൻ അതിർത്തിയിൽ കാലുറപ്പിക്കുന്നതോടെ റഷ്യ സൈനിക നടപടികളുായി മുന്നോട്ട് പോകാൻ സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാളെ റഷ്യ യുക്രൈനിൽ അധിനിവേശം നടത്തുമെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യുക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ആ ദിവസം 'ഐക്യദിനം' ആയി അടയാളപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. 'ഫെബ്രുവരി 16 അധിനിവേശ ദിനമായിരിക്കുമെന്ന് റഷ്യ ഞങ്ങളോട് പറയുന്നു. ഞങ്ങൾ ഇത് ഐക്യദിനമാക്കും,' സെലെൻസ്‌കി പറഞ്ഞു ആ ദിവസം യുക്രൈൻ ജനതയോട് ദേശീയ പതാക ഉയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശീതയുദ്ധത്തിനു ശേഷം ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് യൂറോപ്യൻ ഭൂഖണ്ഡം കടന്നു പോകുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു.