ആറു ദിവസം കൊടുമഞ്ഞില്‍ ; മഞ്ഞും യോഗര്‍ട്ടും ഭക്ഷണം, ഇത് 52കാരിയുടെ അതിജീവനത്തിന്‍റെ കഥ
സുഹൃത്തായ ജസ്റ്റിന്‍ ഹോണിച്ചിനൊപ്പം(48) കാറില്‍ സഞ്ചരിക്കുകയായിരുന്നു ഷീന
കാലിഫോര്‍ണിയ: ആരെയും കാണാതെ കനത്തമഞ്ഞില്‍ തണുത്തുവിറച്ച് ആറു ദിവസം. ഭക്ഷണമോ വെള്ളമോ ഇല്ലാതെ കാറില്‍...52കാരിയായ ഷീന ഗുല്ലറ്റിന്‍റെ അതിജീവനകഥ കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഏപ്രിൽ 14ന് വടക്കൻ കാലിഫോർണിയയിലെ ദുര്‍ഘടമായ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെയാണ് ഷീന ഹിമപാതത്തില്‍ കുടുങ്ങിയത്.
സുഹൃത്തായ ജസ്റ്റിന്‍ ഹോണിച്ചിനൊപ്പം(48) കാറില്‍ സഞ്ചരിക്കുകയായിരുന്നു ഷീന. കുറച്ചു ദൂരം മുന്നോട്ടു പോയപ്പോള്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കാറിന് മുന്നോട്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയായി. രാത്രി മുഴുവൻ കാറിൽ കഴിഞ്ഞ ഇവർ അടുത്ത ദിവസം പുലർച്ചെ നോക്കിയപ്പോൾ കാറിന്റെ ബാറ്ററി പ്രവർത്തനരഹിതമായതായി കണ്ടെത്തി. തുടർന്ന് അവിടെ നിന്നും ഇറങ്ങിനടക്കാൻ തുടങ്ങിയ ഇവർ കുറച്ച് ദൂരം ചെന്നപ്പോഴേക്കും ഷീന ഗുല്ലറ്റിന്റെ ബൂട്ട് പൊട്ടി. പിന്നീട് ഇരുവരും രണ്ടു വഴിയിൽ ആയതോടെ ഷീന ഗുല്ലറ്റ് തിരികെ കാറിൽ അഭയം പ്രാപിക്കുകയായിരുന്നു. മഞ്ഞുവീഴ്ച കാരണം ജസ്റ്റിന് ഷീനയെ കണ്ടെത്താനുമായില്ല. രണ്ടു പേരും രണ്ടു വഴിക്കാവുകയും ചെയ്തു. ഇതിനിടയില്‍ ജസ്റ്റിന്‍ നടത്തിയ തിരച്ചിലിന്‍റെ ഫലമായി ഹൈവേ 44ല്‍ എത്തുകയും അതുവഴി പോയ മറ്റൊരു വാഹനത്തിന്‍റെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു.
പ്രദേശത്തെക്കുറിച്ച് അറിയില്ലാത്തതിനാല്‍ ജസ്റ്റിന് ഷീന എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്നു പറയാനും സാധിച്ചില്ല. തുടര്‍ന്ന് കാലിഫോർണിയ ഹൈവേ പട്രോൾ നടത്തിയ തിരച്ചിലിനിടെയാണ് ഷീനയെ കണ്ടെത്തിയത്. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ തടസപ്പെടുത്തിയിരുന്നു. ആറു ദിവസങ്ങള്‍ക്ക് ശേഷമാണ് തളര്‍ന്ന് അവശയായ ഷീനയെ കണ്ടെത്തിയത്. ഈ ദിവസങ്ങളിലെല്ലാം ശരീരത്തില് ജലാംശം നിലനിര്‍ത്തുന്നതിനായി മഞ്ഞു ഭക്ഷിച്ചും യോഗര്‍ട്ട് കഴിച്ചുമാണ് ഷീന കഴിച്ചുകൂട്ടിയത്. നിലവില്‍ ഷീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.