യുദ്ധമുഖത്തേക്ക് പോകാൻ ഭയന്ന് വനിത സൈനികർ; ജയിലിലടച്ച് ​ഇസ്രായേൽ

ഹമാസിന്റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടാകുമോ എന്ന ഭയമാണ് വിമുഖതക്ക് കാരണം

Update: 2024-01-24 11:10 GMT
Advertising

ഇസ്രായേലിലെ നിരവധി വനിത സൈനികർ ഫലസ്തീൻ അതിർത്തിയിലെ സൈനിക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് പോകാനുള്ള നിർദേശം നിരസിക്കുകയാണെന്ന് റിപ്പോർട്ട്. ഇസ്രായേൽ അധിനിവേശ സേനയുടെ വക്താവ് ഡാനിയൽ ഹഗാരിയെ ഉദ്ധരിച്ചുകൊണ്ട് ഇസ്രായേൽ മാധ്യമമായ വൈനെറ്റ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത്തരത്തിൽ വിമുഖത കാണിക്കുന്നവരെ ഇസ്രായേൽ ജയിലിലടക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.

ഒക്ടോബർ ഏഴിന് വിവിധ മിലിട്ടറി പോസ്റ്റുകളിൽ സേവനം ചെയ്യുകയായിരുന്നു നിരവധി സൈനികർ കൊല്ലപ്പെടുകയും മറ്റുള്ളവരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. 15 വനിത സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. ആറുപേരെ ബന്ദികളാക്കുകയും ചെയ്തു. ഇതോടെയാണ് യുദ്ധമുഖത്തേക്ക് പോകാൻ ഇവർ വിമുഖത കാണിക്കുന്നത്.

ഈ ആഴ്ച ഇത്തരത്തിൽ 50 സൈനികരാണ് പരിശീലന ക്യാമ്പുകളിൽനിന്ന് സൈനിക നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് പോകാനുള്ള നിർദേശം അവഗണിച്ചത്. പലവിധ മുന്നറിയിപ്പുകളും നിർബന്ധിത സേവനവുമെല്ലാം ഇവർ അവഗണിക്കുകയാണ്.

ഹമാസിന്റെ ഭാഗത്തുനിന്ന് ഇനിയും ആക്രമണം ഉണ്ടാകുമോ എന്ന ഭയമാണ് ഇവരുടെ വിമുഖതക്ക് കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ വിമുഖത കാണിച്ചവരെ കസ്റ്റഡിയിലെടുക്കുകയോ തടവിലാക്കുകയോ ചെയ്തതായും വൈനെറ്റ് റിപ്പോർട്ട് പറയുന്നു.

ഇത് ലജ്ജാകരവും അപമാനവുമാണെന്ന് കസ്റ്റഡിയിലുള്ള ഒരു സൈനിക ഉദ്യോഗസ്ഥ കുടുംബത്തോ​ട് വ്യക്തമാക്കി. ശ്രദ്ധാവൈകല്യം പോലുള്ള മാനസിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർ സേവനത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ‘ഒക്ടോബർ ഏഴിന് ശേഷം നല്ലരീതിയിൽ ജോലി ചെയ്യാൻ സാധിച്ചിട്ടില്ല. എന്നെ കേൾക്കാനോ എന്റെ ​ചികിത്സ രേഖകൾ പരിശോധിക്കാനോ ഉന്നത ഉദ്യോഗസ്ഥർ തയാറല്ല. എന്നെ അവർ ജയിലിലിട്ടിരിക്കുകയാണ്’ -സൈനിക ഉദ്യോഗസ്ഥ പറയുന്നു.

എന്നാൽ, അതിർത്തിയിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് വനിത സൈനികർ നിരസിക്കുന്നത് പതിവാണെന്നും 20 ശതമാനം പേർ ഇത്തരത്തിൽ നിരസിക്കാറുണ്ടെന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.

വനിത സൈനികരെ നിരീക്ഷണ കേന്ദ്രങ്ങളിൾ നിയമിക്കാനുള്ള നീക്കം അടിയന്തര ആവശ്യമായിട്ടാണ് ഇസ്രായേൽ അധിനിവേശ സേന കാണുന്നത്. ആളില്ലാത്തതിനാൽ റിസർവ് സേനയിൽനിന്നുള്ളവരെ ഇതാദ്യമായി നിരീക്ഷണ കേന്ദ്രങ്ങളിൽ നിയമിക്കാനും സേന തീരുമാനിച്ചിട്ടുണ്ട്.

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേൽ പ്രതീക്ഷിച്ചതിനേക്കാൾ വലിയ തിരിച്ചടിയാണ് നേരിടുന്നത്. കഴിഞ്ഞദിവസം 24 ഇസ്രായേൽ സൈനികരാണ് കൊല്ലപ്പെട്ടത്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News