യുദ്ധം തുടര്‍ന്നാല്‍ എണ്ണവില വര്‍ധിക്കുമെന്ന് ലോകബാങ്കിന്‍റെ മുന്നറിയിപ്പ്

ആഗോളതലത്തില്‍ പ്രതിദിനം ആറുമുതല്‍ ഒരു ദശലക്ഷം ബാരല്‍ വരെ എണ്ണ വിതരണം കുറയുമെന്നാണ് കണക്ക്

Update: 2023-10-31 04:28 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

വാഷിംഗ്‍ടണ്‍: ഇസ്രായേല്‍-ഗസ്സ സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണവിലയില്‍ വര്‍ധനവുണ്ടാകുമെന്ന് ലോകബാങ്കിന്‍റെ മുന്നറിയിപ്പ്.സംഘര്‍ഷം ശക്തമാവുകയാണെങ്കില്‍ ആഗോളതലത്തില്‍ എണ്ണയുടെ വിതരണം കുറയും. ആഗോളതലത്തില്‍ പ്രതിദിനം ആറുമുതല്‍ ഒരു ദശലക്ഷം ബാരല്‍ വരെ എണ്ണ വിതരണം കുറയുമെന്നാണ് കണക്ക്.

ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം എണ്ണവില 6% മാത്രമേ ഉയർന്നിട്ടുള്ളൂ. അതേസമയം കാർഷികോത്പന്നങ്ങളുടെയും മിക്ക ലോഹങ്ങളുടെയും മറ്റ് ചരക്കുകളുടെയും വില അത്ര കുറഞ്ഞിട്ടില്ലെന്നും ലോകബാങ്കിന്‍റെ ഏറ്റവും പുതിയ കമ്മോഡിറ്റി മാർക്കറ്റ് ഔട്ട്‌ലുക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു.ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം മിഡിൽ ഈസ്റ്റിൽ 50 വർഷങ്ങൾക്ക് മുമ്പ് സാക്ഷ്യം വഹിച്ച സമ്പൂർണ സംഘർഷത്തിന്‍റെ ആവർത്തനത്തിലേക്ക് നയിച്ചാൽ എണ്ണവില ബാരലിന് 150 ഡോളറിന് മുകളിൽ റെക്കോർഡ് ഉയരത്തിലെത്തുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നൽകി.ഗസ്സയുടെ അതിർത്തിക്കപ്പുറമുള്ള യുദ്ധം രൂക്ഷമാകുന്നതിന്‍റെ സാമ്പത്തിക അപകടസാധ്യതകളെക്കുറിച്ചുള്ള പ്രധാന വിലയിരുത്തലിൽ, ക്രൂഡ് ഓയിലിന്‍റെ വില ഉയരാനുള്ള അപകടസാധ്യതയുണ്ടെന്ന് ലോക ബാങ്ക് വ്യക്തമാക്കുന്നു.

ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധനയ്ക്കും ഭക്ഷ്യ പ്രതിസന്ധിക്കും എണ്ണ വിലയിലെ വര്‍ധന കാരണമാകും."1970-കൾക്ക് ശേഷമുള്ള ചരക്ക് വിപണിയിൽ ഉണ്ടായ ഏറ്റവും വലിയ ആഘാതത്തിന്‍റെ ചുവടുപിടിച്ചാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഘർഷം'' ലോകബാങ്കിന്‍റെ ചീഫ് ഇക്കണോമിസ്റ്റ് ഇൻഡെർമിറ്റ് ഗിൽ പറഞ്ഞു. അത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി.''സംഘർഷം വർധിക്കുകയാണെങ്കിൽ, ആഗോള സമ്പദ്‌വ്യവസ്ഥ പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ഇരട്ട ഊർജ്ജ ആഘാതത്തെ അഭിമുഖീകരിക്കും - ഉക്രെയ്നിലെ യുദ്ധത്തിൽ നിന്ന് മാത്രമല്ല, മിഡിൽ ഈസ്റ്റിൽ നിന്നും." അദ്ദേഹം ചൂണ്ടിക്കാട്ടി.ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടായ ആഘാതം എണ്ണവില വര്‍ധനവില്‍ മാത്രം ഒതുങ്ങില്ലെന്നും ഉയർന്ന ഭക്ഷ്യവിലയുടെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയിലാകുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി. ഇസ്രായേൽ-ഹമാസ് യുദ്ധം ഇതുവരെയുള്ള സാധനങ്ങളുടെ വിലയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നും ബാങ്ക് വ്യക്തമാക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News