ഗസ്സയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്ന ഹരജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും
ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹരജിയിലാണ് ഐസിജെ ഇന്ന് വൈകീട്ട് വിധിപറയുക
ഹേഗ്: ഗസ്സയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്ന ഹരജിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധിപറയും. അതേസമയം പുതിയ വെടിനിർത്തൽ നിർദേശം മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറാൻ ഇസ്രായേൽ തീരുമാനിച്ചു. വെടിനിർത്തൽ ചർച്ചക്കായി സിഐഎ മേധാവി പശ്ചിമേഷ്യയിലേക്ക് തിരിക്കും.
ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹരജിയിലാണ് ഐസിജെ ഇന്ന് വൈകീട്ട് വിധിപറയുക. കോടതി വിധി ഗസ്സ യുദ്ധത്തിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. എന്നാൽ കോടതിവിധി അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് യൂറോപ്യൻ യൂനിയൻ പ്രതികരിച്ചു. ഇസ്രായേലിനെയും ഹമാസിനെയും തുലനം ചെയ്യുന്ന കോടതി നീക്കം അപലപനീയമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.
അതേസമയം റഫയിൽ ആക്രമണം വ്യാപിപ്പിക്കാൻ കൂടുതൽ സൈനിക സന്നാഹങ്ങൾ സജ്ജമാക്കി ഇസ്രായേൽ. കൂടുതൽ യുദ്ധ ടാങ്കുകൾ വിന്യസിച്ച ഇസ്രായേൽ കൂട്ടക്കുരുതി തുടരുയാണ്. വടക്കൻ ഗസ്സയിലെ ബൈത് ഹാനൂനിൽ ഇസ്രായേൽ സൈന്യവും ഹമാസ് പോരാളികളും തമ്മിൽ കനത്ത പോരാട്ടം നടന്നു. സിവിലിയൻ കെട്ടിടങ്ങൾക്ക് മേൽ ഇസ്രായേൽ കനത്ത ബോംബാക്രമണം നടത്തി.
യുദ്ധം തുടങ്ങിയ ഘട്ടത്തിൽ ശക്തമായ പോരാട്ടം നടന്ന സ്ഥലം കൂടിയാണ് ബൈത് ഹാനൂൻ. ഇവിടെ ഹമാസിനെ പൂർണമായി തുരത്തിയെന്നായിരുന്നു നേരത്തെ ഇസ്രായേൽ അറിയിച്ചത്. രണ്ടുദിവസത്തിനിടെ 30 സൈനികർക്ക് ഗസ്സയിൽ പരിക്കേറ്റതായി ഇസ്രായേലി പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. തെക്കൻ ഗസ്സയിലെ റഫയിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗസ്സ സിറ്റിയിൽ പത്ത് കുട്ടികൾ ഉൾപ്പെടെ 16 പേരെ കൊലപ്പെടുത്തി. സെൻട്രൽ ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ എട്ടുപേരെ വധിച്ചു. ഗസ്സയിൽ 24 മണിക്കൂറിനകം 91 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതോടെ ഗസ്സ യുദ്ധത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 35,800 ആയി. പരിക്കേറ്റവരുടെ എണ്ണം എൺപതിനായിരം പിന്നിട്ടു. ആക്രമണത്തിനിടയിലും വെടിനിർത്തൽ ചർച്ചക്ക് ഒരുക്കമാണെന്ന സന്ദേശം കൈമാറി ഇസ്രായേൽ.
ഇന്നലെ ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം പുതിയ വെടിനിർത്തൽ നിർദേശം ചർച്ച ചെയ്തു. അധികം വൈകാതെ നിർദേശം മധ്യസ്ഥ രാജ്യങ്ങൾക്ക് കൈമാറാനാണ് തീരുമാനം. വെടിനിർത്തൽ ചർച്ചക്ക് ആക്കം കൂട്ടാൻ യു.എസ് ചാരസംഘടനയായ സി.ഐ.എ മേധാവി വില്യം ബേൺസ് യൂറോപ്പിലും പശ്ചിമേഷ്യയിലും പര്യടനം നടത്തും. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനി, മൊസാദ് മേധാവി എന്നിവരുമായി യൂറോപ്പിൽ വില്യം ബേൺസ് ചർച്ച നടത്തും.