ലോകത്തെ ഏറ്റവും വലിയ വിമാനം റഷ്യന്‍ ആക്രമണത്തിൽ തകർന്നു

യുക്രേനിയൻ ഭാഷയിൽ 'സ്വപ്നം' എന്ന് അര്‍ഥമുള്ള AN-225 'Mriya' എന്ന വിമാനമാണ് നശിപ്പിച്ചത്

Update: 2022-08-26 12:02 GMT
Editor : Jaisy Thomas | By : Web Desk
Advertising

അധിനിവേശത്തിന്‍റെ നാലാം ദിവസം യുക്രൈന്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനം കിയവില്‍ റഷ്യൻ സൈന്യം നശിപ്പിച്ചതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.

യുക്രേനിയൻ ഭാഷയിൽ 'സ്വപ്നം' എന്ന് അര്‍ഥമുള്ള AN-225 'Mriya' എന്ന വിമാനമാണ് നശിപ്പിച്ചത്. യുക്രേനിയൻ എയറോനോട്ടിക്സ് കമ്പനിയായ അന്‍റോനോവ് നിർമ്മിച്ചതാണ് ഈ വിമാനം. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമെന്ന പേരിലും ഖ്യാതി നേടിയിരുന്നു. റഷ്യൻ ഷെല്ലാക്രമണത്തെത്തുടർന്ന് കിയവിന് പുറത്തുള്ള ഹോസ്‌റ്റോമെൽ എയർപോർട്ടിൽ മ്രിയ കത്തിക്കരിഞ്ഞതായാണ് റിപ്പോര്‍ട്ട്.

''ലോകത്തിലെ ഏറ്റവും വലിയ വിമാനമായ 'മ്രിയ' റഷ്യൻ നിവാസികൾ കൈവിനടുത്തുള്ള ഒരു എയർഫീൽഡിൽ നശിപ്പിച്ചു. ഞങ്ങൾ വിമാനം പുനർനിർമ്മിക്കും. ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യുക്രൈന്‍ എന്ന സ്വപ്നം ഞങ്ങൾ നിറവേറ്റും," യുക്രൈന്‍ അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് ട്വീറ്റ് ചെയ്തു. ഒപ്പം വിമാനത്തിന്‍റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. "അവർ ഏറ്റവും വലിയ വിമാനം കത്തിച്ചു, പക്ഷേ ഞങ്ങളുടെ മ്രിയ ഒരിക്കലും നശിക്കില്ല'' ട്വീറ്റില്‍ പറയുന്നു.



എന്നാല്‍ വിമാനത്തിന്‍റെ നിലവിലെ അവസ്ഥ എന്താണെന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് അന്‍റോനോവ് കമ്പനി അറിയിച്ചു. ''നിലവിൽ, AN-225 വിദഗ്ധർ പരിശോധിക്കുന്നതുവരെ, ഞങ്ങൾക്ക് വിമാനത്തിന്‍റെ സാങ്കേതിക അവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ കഴിയില്ല. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുക'' കമ്പനി ട്വീറ്റ് ചെയ്തു.

സോവിയ്റ്റ് യൂണിയൻ നിലനിന്ന കാലത്ത് 1980-കളിൽ രൂപകൽപ്പന ചെയ്യപ്പെട്ട ആന്റൊനോവ് 225 വിമാനം 1988-ലാണ് ആദ്യമായി ടേക്ക്ഓഫ് ചെയ്തത്. സോവിയറ്റ് യൂണിയന്റെ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായുള്ള സ്‌പേസ്‌ക്രാഫ്റ്റുകളെ വഹിക്കാനായി നിർമിച്ച ഈ കൂറ്റൻ വിമാനം പിന്നീട് എട്ടുവർഷത്തേക്ക് ഉപയോഗിച്ചിരുന്നില്ല. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം കാർഗോ എയർക്രാഫ്റ്റ് ആയാണ് ഈ വിമാനത്തെ പിന്നീട് യുക്രൈൻ ഉപയോഗിച്ചത്.

നിർമിക്കപ്പെട്ടവയിൽ വെച്ച് ഏറ്റവും ഭാരമേറിയ വിമാനം, ഏറ്റവും വലിയ ചിറകുകൾ തുടങ്ങി ഇരുന്നൂറിലേറെ റെക്കോർഡുകൾ സ്വന്തമായുള്ള ആന്റൊനോവ് 225-ന് 640 ടൺ ചരക്കുകൾ വഹിക്കാനുള്ള ശേഷിയാണുണ്ടായിരുന്നത്. ആറ് എഞ്ചിനുകളും ആറ് ക്രൂകളും ഉള്ള വിമാനത്തിന്റെ ഭാരം 175 ടൺ ആയിരുന്നു.

വ്യാഴാഴ്ച യുക്രൈന് നേരെ പൂർണ തോതിലുള്ള അധിനിവേശം ആരംഭിച്ചതുമുതൽ നഗരങ്ങളില്‍ റഷ്യയുടെ മിസൈലാക്രമണം തുടരുകയാണ്. ഞായറാഴ്ച യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ശക്തമായ പോരാട്ടമാണ് ഉണ്ടായത്. ശനിയാഴ്ച വരെ, യുക്രൈനിലെ സംഘർഷത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 198 സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അതേസമയം ഇതുവരെ 1,115 പേർക്ക് പരിക്കേറ്റു.

അതേസമയം യുക്രൈന്‍ ആക്രമണത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം പുകയുകയാണ്. ഞായറാഴ്ച 44 റഷ്യൻ നഗരങ്ങളിൽ നടന്ന യുദ്ധവിരുദ്ധ പ്രതിഷേധങ്ങളിൽ 900ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുദ്ധം ആരംഭിച്ചതിനു ശേഷം ആകെ 4,000 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 



(Largest aircraft ever made, Antonov AN-225 destroyed during Russian attack in Ukraine, confrims Ukraine foreign minister)

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News