‘സിൻവാർ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല’; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

പൊളിയുന്നത് ഇസ്രായേലി വാദങ്ങൾ

Update: 2024-11-05 07:14 GMT
Advertising

ഹമാസ് തലവനായിരുന്ന യഹ്‍യ സിൻവാർ അവസാനമായി ഭക്ഷണം കഴിച്ചത് മരണത്തിന്റെ മൂന്ന് ദിവസം മുമ്പെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇസ്രായേലി ഫോറൻസിക് ഡോക്ടർമാർ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ഒക്ടോബർ 16നാണ് യഹ്‍യ സിൻവാർ കൊല്ലപ്പെടുന്നത്. മരിക്കുന്നതിന്റെ 72 മണിക്കൂർ മുമ്പ് വരെ അദ്ദേഹം ഒന്നും കഴിച്ചിട്ടില്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതായി ‘ഇസ്രായേൽ ഹായോം’ റിപ്പോർട്ട് ചെയ്യുന്നു. ഡിഎൻഎ സാമ്പിൾ ലഭിക്കാനായി സിൻവാറിന്റെ കൈവിരൽ മുറിച്ചതായും ഇ​സ്രായേലി നാഷനൽ ഫോറൻസിക് ഇൻസിറ്റിറ്റ്യൂട്ട് ഡയറക്ടർ ചെൻ കൂഗെൽ പറഞ്ഞു. മുമ്പ് ജയിലിൽ കഴിഞ്ഞതിനാലും മെഡിക്കൽ റെക്കോർഡ് ഉള്ളതിനാലും ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഡിഎൻഎ പരിശോധന നടത്തുന്നത്. തലയ്ക്ക് വെടിയേറ്റെങ്കിലും ഏറെനേരം അതിജീവിച്ച സിൻവാർ മസ്തിഷ്ക ക്ഷതം കാരണം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും കുഗൽ കൂട്ടിച്ചേർത്തു. പോസ്റ്റുമോർട്ടത്തിനുശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മൃതദേഹം മാറ്റിയിരിക്കുകയാണ്.

റിപ്പോർട്ട് പുറത്തുവന്നതോടെ വലിയ വിമർശനമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്. ഇസ്രായേലിന്റെ പട്ടിണി യുദ്ധത്തിന്റെ തെളിവാണ് ഇതെന്ന് പലരും ചൂണ്ടിക്കാണിച്ചു. ഗസ്സയിൽ എത്തുന്ന മാനുഷിക സഹായങ്ങളും ഭക്ഷണവുമെല്ലാം ഹമാസ് അംഗങ്ങൾ കൈക്കലാക്കുകയാണെന്ന ഇസ്രായേലി വാദവും പോസ്റ്റുമോർട്ടം റിപ്പോർട്ട് പൊളിക്കുന്നുണ്ട്. ഇത് കൂടാതെ ഗസ്സയിലെ ജനം ദുരിതത്തിൽ കഴിയുമ്പോഴും സിൻവാർ തുരങ്കത്തിൽ സുഖകരമായ ജീവിതം നയിക്കുകയാണെന്ന ആരോപണവും ഇസ്രായേൽ ഉന്നയിച്ചിരുന്നു. ഇതിനെയെല്ലാം പൊളിക്കുന്നതാണ് പുതിയ റിപ്പോർട്ട്.

വിട്ടുവീഴ്ചയില്ലാതെ ഹമാസ്

സിൻവാറിന്റെ മരണശേഷം പുതിയ നേതാവിനെ ഹമാസ് ഇതുവരെ തെരഞ്ഞെടുത്തിട്ടില്ല. സിൻവാറിന്റെ മരണത്തോടെ ഹമാസ് നിലപാടുകളിൽ കൂടുതൽ വിട്ടുവീഴ്ച ചെയ്യുമെന്നാണ് ഇസ്രായേലും അമേരിക്കയും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഹമാസ് തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതായി പുതിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നാല് തടവുകാരെ​ കൈമാറുന്നതിന് പകരം താൽക്കാലിക വെടിനിർത്തൽ നടപ്പാക്കാമെന്ന നിർദേശം ഹമാസ് നിരസിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തിങ്കളാഴ്ച വ്യക്തമാക്കി. സിൻവാറിന്റെ മരണശേഷവും സമ്പൂർണ വെടിനിർത്തൽ ആവശ്യത്തിൽനിന്ന് ഹമാസ് പിൻമാറിയിട്ടില്ലെന്നാണ് ഇത് കാണിക്കുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.

ഈജിപ്താണ് താൽക്കാലിക വെടിനിർത്തൽ നിർദേശം മുന്നോട്ടുവെച്ചത്. നാല് തടവുകാരെ കൈമാറുന്നതിന് പകരം 48 മണിക്കൂർ വെടിനിർത്തലായിരുന്നു നിർദേശത്തിലുള്ളത്. സ്ത്രീകൾ, പ്രായമായവർ, രോഗബാധിതർ എന്നിവരെ ആദ്യം മോചിപ്പിക്കണമെന്നാണ് നിർദേശം. ഇതിന് പകരമായി 100 ഫലസ്തീൻ തടവുകാരെ ഇസ്രായേൽ മോചിപ്പിക്കുകയും ​വേണം. തുടർന്ന് കൂടുതൽ കാലം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനായി ഇസ്രായേലും ഹമാസും ചർച്ച തുടരണമെന്നുമായിരുന്നു നിർദേശം.

ദീർഘകാല വെടിനിർത്തൽ ഉറപ്പുനൽകിയാൽ മാത്രമേ താൽക്കാലിക വെടിനിർത്തലിന് അംഗീകാരം നൽകൂവെന്നാണ് ഹമാസിന്റെ നിലപാട്. ഇസ്രായേൽ ഇത് വിസമ്മതിച്ചതോടെ ഈജിപ്തിന്റെ നിർദേശം വെറുതെയായി.

ഗസ്സയിലുള്ള 101 ബന്ദികളെ മോചിപ്പിച്ചാലും യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ച് പറയുന്നുണ്ട്. അതേസമയം, ഈജിപ്തിന്റെ നിർദേശം തള്ളിയെങ്കിലും മധ്യസ്ഥർ തമ്മിലുള്ള ചർച്ചകൾ തുടരുകയാണെന്ന് ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പും ചർച്ചയെ സ്വാധീനിക്കുന്നുണ്ട്. ചർച്ചയിൽ പ്രതികരിക്കാനായി തെരഞ്ഞെടുപ്പ് ഫലം വരാൻ കാത്തിരിക്കുകയാണ് ഇരുകൂട്ടരും.

താൽക്കാലിക വെടിനിർത്തലിനായി ഖത്തറും നിർദേശം സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതിനോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. 11 മുതൽ 14 വരെ ബന്ദികളെ വിട്ടുകൊടുക്കുന്നതിന് പകരം നിരവധി ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ഒരു മാസത്തെ വെടിനിർത്തലുമാണ് നിർദേശത്തിലുള്ളത്. എന്നാൽ, ഈ നിർദേശവും ഹമാസ് അംഗീകരിക്കി​ല്ലെന്നാണ് ഇസ്രായേലിലെ ചാനൽ 12 തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്.

സിൻവാറിന്റെ മരണശേഷവും ഹമാസ് നിലപാടുകളിൽനിന്ന് പിന്നോട്ടില്ലെന്ന വിവരം മധ്യസ്ഥർ നെതന്യാഹുവിനെയും മന്ത്രിമാരെയും അറിയിച്ചിട്ടുണ്ട്. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരാത്തതിന് ഹമാസിനെയാണ് ഇസ്രായേലും അമേരിക്കയും കുറ്റപ്പെടുത്തുന്നത്. എന്നാൽ, ഈ വാദം മധ്യസ്ഥരായ ഈജിപ്തും ഖത്തറും പൂർണമായും അംഗീകരിച്ചിട്ടില്ല. നെതന്യാഹുവിന്റെ നിലപാടാണ് പ്രശ്നമെന്നും ഇതിനെ അമേരിക്ക എതിർക്കുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News