മരണത്തിന് തൊട്ടുമുൻപും ചെറുത്തുനിന്ന യഹ്‌യ സിൻവാർ; നേതാക്കളെ കൊന്ന് സംഘടനയെ ഇല്ലാതാക്കാനാവില്ലെന്ന് ഹമാസ്
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ഒരു കൈ തന്നെ തകർന്നിട്ടും ഇടതുകൈ കൊണ്ട് ആയുധമെടുത്ത് ഇസ്രായേൽ സൈനികർക്കു നേരെ എറിയുന്നത് വീഡിയോയിൽ കാണാം.
ഗസ്സ: ഇസ്രായേൽ കാലങ്ങളായി നടത്തിവരുന്ന ഏകപക്ഷീയ ആക്രമണങ്ങൾക്കും ഉപരോധങ്ങൾക്കും തിരിച്ചടിയെന്നോണം അവർക്കെതിരെ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന്റെ സൂത്രധാരനായിരുന്നു കൊല്ലപ്പെട്ട യഹ്‌യ സിൻവാർ. ഇസ്രായേലിന്റെ ചരിത്രത്തിൽതന്നെ അതുപോലൊരു തിരിച്ചടിയുണ്ടായിട്ടില്ല. ഇതുൾപ്പെടെ എന്നും ഹമാസിന്റെ ഇസ്രായേൽ വിരുദ്ധ പോരാട്ടങ്ങൾക്ക് ചുക്കാൻ പിടിച്ച സുപ്രധാന നേതാക്കളിലൊരാളാണ് സിൻവാർ. അദ്ദേഹത്തെ വധിച്ചെന്ന് ഇസ്രായേൽ പറഞ്ഞ് 20 മണിക്കൂറിന് ശേഷമാണ് കൊലപാതകം ഹമാസ് സ്ഥിരീകരിക്കുന്നത്.
സിൻവാറിനെതിരായ ആക്രമണത്തിന്റേതായി റഫയിലെ തൽ അൽ സുൽത്താനിലെ കെട്ടിടത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഇസ്രായേൽ പുറത്തുവിട്ടിരുന്നു. മരണത്തിന് തൊട്ടുമുൻപു പോലും സിൻവാർ ഇസ്രായേൽ സേനയ്ക്കെതിരെ ചെറുത്തുനിൽപ്പ് നടത്തിയെന്ന് ഈ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ഒരു കൈ തന്നെ തകർന്നിട്ടും ഇടതുകൈ കൊണ്ട് ആയുധമെടുത്ത് ഇസ്രായേൽ സൈനികർക്കു നേരെ എറിയുന്നത് വീഡിയോയിൽ കാണാം. സിൻവാറിനെതിരായ ആക്രമണം വലിയ നേട്ടമായി ഇസ്രായേൽ ഉയർത്തിക്കാട്ടുമ്പോഴും അവസാന നിമിഷം പോലും ശത്രുസൈന്യത്തിനു നേരെ നടത്തിയ പോരാട്ടം ലോകം കണ്ടതിലൂടെ വലിയ നാണക്കേടും തിരിച്ചടിയുമാണ് അധിനിവേശ രാജ്യത്തിന് ഉണ്ടാക്കിയിരിക്കുന്നത്.
സിൻവാറിന്റെ മരണം ഹമാസിനെ കൂടുതൽ കരുത്തരാക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് നേതാക്കളുടെ പ്രതികരണങ്ങൾ. മുൻ നേതാക്കളുടേത് പോലെ സിൻവാറിന്റെ മരണവും പ്രസ്ഥാനത്തിന്റെ പോരാട്ടത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ഹമാസ് നേതാവ് ഖലീൽ ഹയ്യ വ്യക്തമാക്കി. 'ധീരനും നിർഭയനുമായിരുന്നു സിൻവാർ. വിമോചനത്തിനായി തൻ്റെ ജീവിതം സമർപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഹയ്യ പറഞ്ഞു. സിൻവാർ ധീരതയോടെ തൻ്റെ അന്ത്യം നേരിട്ടു. തല ഉയർത്തിപ്പിടിച്ച്, തോക്ക് പിടിച്ച്, അവസാന ശ്വാസം വരെ, തൻ്റെ ജീവിതത്തിൻ്റെ അവസാന നിമിഷം വരെ വെടിയുതിർത്തു'- ഹയ്യ ചൂണ്ടിക്കാട്ടി.
ഗസ്സയിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് യുദ്ധമവസാനിപ്പിക്കാതെയും ജയിലിലുള്ള ഹമാസ് പോരാളികളെ മോചിപ്പിക്കാതെയും ബന്ധിമോചനത്തിന് സന്നദ്ധമാവില്ലെന്നും ഖലീൽ ഹയ്യ വ്യക്തമാക്കി. നേതാക്കളെ കൊല്ലുന്നതിലൂടെ ഹമാസിനെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോയിലെ മുതിർന്ന അംഗം ബാസിം നഈം പറഞ്ഞു. സ്വാതന്ത്ര്യവും അന്തസും തേടുന്ന ആളുകൾ നയിക്കുന്ന വിമോചന പ്രസ്ഥാനമാണ് ഹമാസ്. അതിനെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ബാസിം നഈം വ്യക്തമാക്കി.
മുമ്പ് കൊല്ലപ്പെട്ട നിരവധി ഹമാസ് നേതാക്കളുടെ കാര്യവും പരാമർശിച്ച നഈം അവരുടെ മരണം ഹമാസിന്റെ ജനപ്രീതി വർധിപ്പിക്കുകയാണ് ചെയ്തെന്നും ചൂണ്ടിക്കാട്ടി. 'ഞങ്ങളുടെ നേതാക്കളെ കൊല്ലുന്നത് പ്രസ്ഥാനത്തിൻ്റെയും ഫലസ്തീൻ ജനതയുടെ പോരാട്ടത്തിൻ്റേയും അവസാനമാണെന്ന് ഇസ്രായേൽ വിശ്വസിക്കുന്നതായി തോന്നുന്നു. എന്നാൽ ഓരോ തവണയും ഹമാസ് കൂടുതൽ ശക്തവും ജനപ്രിയവുമായിത്തീർന്നു. ഈ നേതാക്കൾ ഭാവി തലമുറകൾക്ക് സ്വതന്ത്ര ഫലസ്തീനിലേക്കുള്ള യാത്ര തുടരാനുള്ള പ്രതീകമായി മാറി'- നഈം കൂട്ടിച്ചേർത്തു.
അതേസമയം, സിൻവാറിന്റെ പിൻഗാമിയെ ഹമാസ് ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഹമാസ് രാഷ്ട്രീയകാര്യ വിഭാഗം മുൻ തലവൻ ഖാലിദ് അബ്ദുല്ല മിശ്അൽ, ഖലീൽ ഹയ്യ, മൂസ മുഹമ്മദ് അബൂ മസ്റൂക്, മുഹമ്മദ് ഇസ്മാഈൽ ദാർവീശ്, യഹ്‌യ സിൻവാറിന്റെ സഹോദരൻ മുഹമ്മദ് സിൻവാർ എന്നീ നേതാക്കളിൽ ഒരാൾ മേധാവി ആയേക്കുമെന്നാണ് സൂചനകൾ. തന്ത്രശാലിയായ നേതാവെന്ന നിലയിൽ ശ്രദ്ധേയനായ സിൻവാർ ഇസ്രായേലിന്റെ ശത്രുപട്ടികയിലെ ഒന്നാമനായിരുന്നു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മമായ ആസൂത്രണത്തിലൂടെയല്ല സിൻവാറിനെ ഇസ്രായേൽ വധിച്ചത് എന്നാണ് റിപ്പോർട്ട്. മറ്റ് ആക്രമണങ്ങൾക്കിടെ യാദൃച്ഛികമായി സംഭവിച്ചതാണ് സിൻവാറിന്റെ മരണമെന്നും യുദ്ധവിദഗ്ധർ കരുതുന്നു.
മുൻ തലവൻ ഇസ്മഈൽ ഹനിയ്യയുടെ വധത്തിനു ശേഷമാണ് ഹമാസിന്റെ തലവനായി സിൻവാർ തെരഞ്ഞെടുക്കപ്പെടുന്നത്. ഹമാസ് തലവനായി തെരഞ്ഞെടുക്കപ്പെട്ടത് മുതൽ നിരന്തരം ഇസ്രായേലിന്റെ വധശ്രമങ്ങൾക്ക് വിധേയനായ നേതാവാണ് സിൻവാർ. വീടിനുമേൽ വ്യോമാക്രമണം നടന്നതിനു പിന്നാലെ നാലു തവണ പൊതുപരിപാടിയിൽ പങ്കെടുത്ത് ഇസ്രായേലിനെ അദ്ദേഹം വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കിൽ തന്നെ വധിക്കൂവെന്ന് വാർത്താസമ്മേളനം വിളിച്ച് ആവശ്യപ്പെട്ടു. വീട്ടിലേക്ക് നടന്നുപോകുന്നുവെന്ന് പരസ്യപ്രഖ്യാപനം നടത്തിയ ശേഷം തെരുവിലേക്കിറങ്ങി നടന്നു. അവിടെവച്ച് സെൽഫിയെടുത്തും പോരാട്ടം ആഘോഷമാക്കി. അങ്ങനെ അവസരം കാത്തിരുന്ന ഇസ്രായേൽ ഇത്തവണ പകവീട്ടുകയായിരുന്നു.
യഹ്‍യ സിൻവാറിനെ ഇല്ലാതാക്കിയത് ഹമാസിന്റെ അന്ത്യത്തിന്റെ തുടക്കമാണെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം. ഹമാസിനെ പൂർണമായി ഇല്ലാതാക്കുകയും ബന്ദികളെ തിരിച്ചെത്തിക്കുകയും ചെയ്യാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. സിൻവാറിൻ്റെ കൊലപാതകം നീതിയുടെ നിമിഷമാണെന്ന് പറഞ്ഞ് ഒരിക്കൽക്കൂടി ഇസ്രായേലിനെ പിന്താങ്ങുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗസ്സയിൽ സമാധാനത്തിലേക്കുള്ള വഴി തേടാനുള്ള അവസരമാണിതെന്നും ബൈഡൻ അവകാശപ്പെട്ടു. എന്നാൽ എത്ര നേതാക്കളെ കൊന്നാലും ഫലസ്തീൻ വിമോചന പോരാട്ടം തുരടുമെന്നുള്ള ഗസ്സക്കാരുടെയും ഹമാസിന്റേയും ഉറച്ച നിലപാട് ഇസ്രായേലിന് നൽകുന്ന ആഘാതം ചെറുതല്ല.