'തകർന്നടിഞ്ഞ ഗസയേയും ജനങ്ങളേയും താങ്കള്‍ കാണണം': ഇലോണ്‍ മസ്കിനെ ഗസ്സയിലേക്ക് ക്ഷണിച്ച് ഹമാസ്
കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശിച്ച മസ്‌ക് ഇസ്രായേലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഫലസ്തീൻ തീവ്രവാദമുക്തമാക്കമെന്നായിരുന്നു സന്ദർശനത്തിന് ശേഷം മസ്‌കിന്റെ പ്രതികരണം
ഗസ്സസിറ്റി: ശതകോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ ഇലോൺ മസ്‌കിനെ ഗസ്സയിലേക്ക് ക്ഷണിച്ച് ഹമാസ്. ഇസ്രായേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗസ്സയെ മസ്‌ക് കാണണമെന്ന് ഹമാസ് പ്രതിനിധികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേൽ സന്ദർശിച്ച മസ്‌ക് ഇസ്രായേലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഫലസ്തീൻ തീവ്രവാദമുക്തമാക്കമെന്നായിരുന്നു സന്ദർശനത്തിന് ശേഷം മസ്‌കിന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് ഹമാസ് മസ്‌കിനെ ക്ഷണിച്ചത്.
'ഞങ്ങൾ മസ്‌കിനെ ഗസ്സയിലേക്ക് ക്ഷണിക്കുകയാണ്. ഇസ്രായേലിന്റെ ആക്രമണത്തിൽ തകർന്ന ഗസ്സയേയും അവിടുത്തെ ജനങ്ങളേയും താങ്കൾ കാണണം'. ഹമാസ് പ്രതിനിധി ഒസാമ ഹംദാൻ ബെയ്‌റൂത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്രായേലിലെത്തിയ മസ്‌ക് പ്രധാനമന്ത്രി ബിന്യമിൻ തന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരെയടക്കം കണ്ട ശേഷം ഗസ്സയുടെ പുനർനിർമാണത്തിൽ പങ്കാളിയാകാൻ താൽപര്യമുണ്ടെന്നും എന്നാൽ, ഇത് തീവ്രവാദമുക്തമാക്കിയ ശേഷമാകണമെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഗസ്സ യുദ്ധത്തിൽ ജൂതവിരുദ്ധ നിലപാടെടുത്തവെന്നാരോപിച്ച് ഇസ്രായേൽ ഭാഗത്തു നിന്ന് മസ്‌കിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ഇസ്രായേൽ വിരുദ്ധത ആരോപിച്ച് ആപ്പിൾ അടക്കമുള്ള വൻകിട ടെക് ഭീമൻമാർ എക്‌സിനുള്ള പരസ്യം പിൻവലിക്കുകയും ചെയ്തിരുന്നു. എക്‌സിൽ മറ്റൊരാൾ പോസ്റ്റ് ചെയ്ത ജൂതവിരുദ്ധ പോസ്റ്റിന് പിന്തുണ നൽകിയെന്നതും വലിയ വിവാദമായിരുന്നു. ഇതിനെല്ലാം പരിഹാരമെന്നോണമാണ് മസ്‌കിന്റെ ഇപ്പോഴത്തെ ഇസ്രായേൽ സന്ദർശനമെന്നാണ് വിലയിരുത്തൽ.