അബദ്ധത്തിൽ 46.3 മില്യൺ കോവിഡ് ധനസഹായം അക്കൗണ്ടിലെത്തി; ഓൺലൈൻ ചൂതാട്ടം വഴി പണം തീർത്ത് യുവാവ്
ആദ്യം അധികൃതരോട് സഹകരിക്കാമെന്ന് പറഞ്ഞ യുവാവ് ഇപ്പോൾ അപ്രത്യക്ഷനായിരിക്കുകയാണ്
അബദ്ധവശാൽ അക്കൗണ്ടിലെത്തിയ 46.3 മില്യൺ യെൻ (ഏകദേശം 358,000 ഡോളർ) കോവിഡ് ധനസഹായം ഓൺലൈൻ ചൂതാട്ടം വഴി പണം തീർത്ത് യുവാവ്. 463 പേർക്ക് ലഭിക്കേണ്ട തുക ലഭിച്ച 24 കാരനായ ജപ്പാനീസ് പൗരനാണ് മൊബൈൽ വഴി ഓൺലൈൻ ചൂതാട്ട സൈറ്റുകൾ സന്ദർശിച്ച് പണം ചെലവഴിച്ചത്. 46.3 മില്യൺ യെൻ നിക്ഷേപിച്ച അധികൃതർ അബദ്ധം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഇയാളുമായി ബന്ധപ്പെട്ടിരുന്നു. ആദ്യം അധികൃതരോട് സഹകരിക്കാമെന്ന് പറഞ്ഞ യുവാവ് ഇപ്പോൾ അപ്രത്യക്ഷനായിരിക്കുകയാണ്. ജപ്പാനിലെ യമഗൂച്ചിയിലെ ദക്ഷിണ നഗരമായ അബുവിൽ നിന്നുള്ള സംഭവം ബി.ബി.സിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് പകർച്ചവ്യാധി മൂലം ദുരിതത്തിലായ 463 കുടുംബങ്ങൾക്ക് 100,000 യെൻ (770 ഡോളർ) നൽകാനിരുന്നതായിരുന്നു. എന്നാൽ 46.3 മില്യൺ യെൻ മുഴുവനും ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കപ്പെട്ടു. തുടർന്ന് ദിനംപ്രതി 600,000 യെൻ വെച്ച് ഇയാൾ തുക പിൻവലിക്കുകയായിരുന്നു. പിന്നീട് അധികൃതർ ബന്ധപ്പെട്ടപ്പോൾ കയ്യിൽ പണമില്ലെന്നാണ് ഇയാൾ മറുപടി നൽകിയത്.
'പണം മുഴുവൻ ഞാൻ ചെലവഴിച്ചു കഴിഞ്ഞു. എനിക്ക് തിരിച്ചുതരാനാകില്ല. എന്നാൽ ഞാൻ ഓടിപ്പോകില്ല. എന്റെ കുറ്റത്തിന് ഞാൻ തിരിച്ചു തുകയൊടുക്കാം' യുവാവിന്റെ വാക്കുകൾ ഒരു മാധ്യമം ഇങ്ങനെയാണ് റിപ്പോർട്ട് ചെയ്തത്.
യുവാവ് അധികൃതരുമായി സഹകരിക്കുമെന്ന് ഇയാളുടെ അഭിഭാഷകൻ മുമ്പ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. പൊലീസ് ചോദ്യം ചെയ്യുമ്പോൾ അദ്ദേഹം സഹകരിക്കുമെന്നും അഭിഭാഷകൻ അറിയിച്ചിരുന്നു. എന്നാൽ ഇയാൾക്കെതിരെ കേസെടുത്ത മേയ് 12 മുതൽ അധികൃതർക്ക് ബന്ധപ്പെടാനാകുന്നില്ലെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്.
വലിയൊരു സഖ്യ പൊതുപണം നഷ്ടമായതിനെ തുടർന്ന് മേയർ നോരിഹികോ ഹനാഡ നാട്ടുകാരോട് മാപ്പു പറഞ്ഞു. പണം തിരിച്ചുപിടിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. യോഗ്യരായവർക്ക് 100,000 യെൻ ഉടൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Young man spends 46.3 million Accidental Covid fund through online gambling