റഷ്യൻ സേന നാറ്റോ അംഗരാജ്യങ്ങളെയും ആക്രമിച്ചേക്കാം; മുന്നറിയിപ്പുമായി സെലൻസ്‌കി

യുക്രൈന്‍ വ്യോമപാത ഉടന്‍ അടച്ചില്ലെങ്കില്‍ റഷ്യന്‍ മിസൈലുകള്‍ നാറ്റോ അംഗരാജ്യങ്ങളില്‍ പതിക്കുമെന്നാണ് സെലന്‍സ്കി വീഡിയോ സന്ദേശത്തില്‍ പറയുന്നത്

Update: 2022-03-14 05:21 GMT
Advertising

നാറ്റോയ്ക്ക് മുന്നറിയിപ്പുമായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി. റഷ്യന്‍ സൈന്യം ഏതു നിമിഷവും നാറ്റോ രാജ്യങ്ങളെയും ആക്രിമിച്ചേക്കാമെന്നാണ് സെലന്‍സ്കി വീഡിയോ സന്ദേശത്തില്‍ പറയുന്നത്. പടിഞ്ഞാറന്‍ യുക്രൈനില്‍ അതിര്‍ത്തിക്കു സമീപത്തെ യാവോരിവ് സൈനിക കേന്ദ്രത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണം പോളണ്ടിലും ആശങ്ക പരത്തുന്ന സാഹചര്യത്തിലാണ് സെലന്‍സ്കിയുടെ മുന്നറിയിപ്പ്. പോളണ്ട് അതിര്‍ത്തിയില്‍നിന്ന് 35 കിലോമീറ്റര്‍ മാത്രം അകലെയുണ്ടായ ആക്രമണത്തില്‍ 35 പേരാണ് കൊല്ലപ്പെട്ടത്. 

യുക്രൈന്‍ വ്യോമപാത ഉടന്‍ അടച്ചില്ലെങ്കില്‍ റഷ്യന്‍ മിസൈലുകള്‍ നാറ്റോ അംഗരാജ്യങ്ങളില്‍ പതിക്കുമെന്നും റഷ്യയ്‌ക്കെതിരെ പ്രതിരോധം ഒരുക്കിയില്ലെങ്കില്‍ യുദ്ധമുണ്ടാകുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും സെലന്‍സ്കി വ്യക്തമാക്കി. റഷ്യന്‍ വെടിവയ്പ്പില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ബ്രന്‍ഡ് റെനോഡ് കൊല്ലപ്പെട്ടതിനെയും സെലന്‍സ്കി അപലപിച്ചു. 

അതേസമയം, യൂറോപ്യൻ കൗൺസിൽ പ്രസിഡന്‍റുമായി സെലന്‍സ്കി ചർച്ച നടത്തിയിരുന്നു. കൂടുതൽ ധനസഹായം നൽകണമെന്നും റഷ്യക്കുമേൽ ഉപരോധം വർധിപ്പിക്കണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രസിഡന്‍റുമായും ചെക് റിപബ്ലിക് പ്രധാനമന്ത്രിയുമായും സംസാരിച്ചതായി സെലൻസ്കി ട്വീറ്റ് ചെയ്തു. അതിനിടെ നാറ്റോ രാജ്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കുമെന്ന് യാവോരിവിലെ ആക്രമണം ചൂണ്ടിക്കാട്ടി അമേരിക്ക വ്യക്തമാക്കി. 

റഷ്യ- യുക്രൈന്‍ നാലാംഘട്ട ചർച്ച ഇന്നു നടക്കും. യുക്രൈന്‍ സമയം രാവിലെ 10.30നു വിഡിയോ കോൺഫറൻസ് വഴിയാണ് ചര്‍ച്ച. നേരത്തെ നടന്ന മൂന്ന് ചര്‍ച്ചകളിലും നിര്‍ണായക തീരുമാനങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, യുദ്ധമേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ സുരക്ഷിത ഇടനാഴി ഒരുക്കുന്നതു സംബന്ധിച്ച് ഇടപെടലുകളുണ്ടായിരുന്നു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News