'ഗോഡ്‌സെയ്ക്ക് കാരണമുണ്ട്, മുസ്‌ലിംകൾ കൂടുതൽ ഉള്ള സ്ഥലം പാകിസ്താൻ'; വിവാദ പരാമർശങ്ങളിൽ ഒറ്റയ്ക്കല്ല ശേഖർ കുമാർ !
പീഡനക്കേസിൽ അതിജീവതയായ പെൺകുട്ടിക്ക് പ്രതി രാഖി കെട്ടിക്കൊടുക്കണമെന്ന വിവാദ വിധി പ്രഖ്യാപിച്ചതും ബിജെപിയിൽ ചേർന്ന ഒരു ജഡ്ജിയാണ്
പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണം, ഓക്‌സിജൻ ശ്വസിച്ച് ഓക്‌സിജൻ തന്നെ പുറത്ത് വിടുന്ന ഏക മൃഗമാണ് പശു... പറയുന്നത് ഏതെങ്കിലും ആർഎസ്എസ് പ്രമുഖോ വിഎച്ച്പി നേതാവോ ആണെന്ന് കരുതിയെങ്കിൽ തെറ്റി. അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിന്റെ വാക്കുകളാണിത്... അതെ, വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ വിദ്വേഷ പരാമർശം നടത്തി ഇപ്പോൾ വാർത്തകളിൽ നിറഞ്ഞിരിക്കുന്ന അതേ ജഡ്ജി തന്നെ.
പശു, ഭഗവത്ഗീത, ഗംഗ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ഈ ജഡ്ജിക്ക് സ്വന്തം പേരിൽ വിവാദ പ്രസ്താവനകളുണ്ട്. ശ്രീരാമനെയും ശ്രീകൃഷ്ണനെയും രാമായണം, മഹാഭാരതം, ഭഗവത്ഗീത തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളെയും ബഹുമാനിക്കാൻ നിയമം കൊണ്ടുവരണമെന്ന് 2021ൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട ജഡ്ജിയാണ് ഇദ്ദേഹം.
കഴിഞ്ഞ ദിവസം വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ശേഖർ യാദവിന്റെ ഏറ്റവും പുതിയ പരാമർശമുണ്ടായിരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ താല്പര്യത്തിനനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്നായിരുന്നു ഇത്തവണ ഇദ്ദേഹത്തിന്റെ വാദം. പ്രസംഗത്തിൽ മുസ്ലിങ്ങൾക്കെതിരെ രൂക്ഷമായ പരാമർശങ്ങളുമുണ്ടായിരുന്നു. ഒരു സമുദായത്തിലെ കുട്ടികൾ കരുണയും അഹിംസയുമൊക്കെ പഠിക്കുമ്പോൾ, മറ്റൊരു സമുദായം കുട്ടികളുടെ മുന്നിലിട്ട് മൃഗങ്ങളെ കൊല്ലുന്നെന്നും അവരെങ്ങനെ സഹതാപവും കനിവും ഉള്ളവരായി വളരുമെന്നുമായിരുന്നു ജഡ്ജിയുടെ ആശങ്ക. ഏക സിവിൽ കോഡ് കാലത്തിന്റെ അനിവാര്യതയാണെന്നൊക്കെ ഘോരഘോരം പ്രസംഗിക്കുകയും ചെയ്തു.
എന്തായാലും പ്രസംഗം രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. സംഭവം വിവാദമായതോടെ ശേഖർ കുമാറിനോട് നേരിട്ട് ഹാജരാകാൻ സുപ്രിംകോടതി നിർദേശിച്ചിരിക്കുകയാണ്. പൊതുസ്ഥലത്ത് തന്റെ രാഷ്ട്രീയകാഴ്ചപ്പാടുകൾ പ്രകടിപ്പിച്ച ജഡ്ജി തന്റെ പരിധി മറികടന്നെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം നീക്കവും തുടങ്ങിയിട്ടുണ്ട്... ക്രമക്കേടുകളോ ഗുരുതര വീഴ്ചകളോ തെളിയിക്കപ്പെട്ടാൽ ജഡ്ജിമാരെ തൽസ്ഥാനത്ത് നിന്ന് നീക്കുന്ന നിയമനടപടിയാണ് ഇംപീച്ച്‌മെന്റ്. ഇത് നടപ്പിലാകണമെങ്കിൽ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകണം.
എന്നാൽ ഇതുപോലെ വിവാദ പ്രസ്താവനകൾ നടത്തി വാർത്തയിലിടം പിടിക്കുന്ന ആദ്യത്തെ ജഡ്ജി ആണോ ശേഖർ യാദവ്? അല്ല എന്നാണുത്തരം. ന്യൂനപക്ഷങ്ങൾക്കെതിരെ തികച്ചും അധിക്ഷേപകരമായ പരാമർശങ്ങൾ ഉന്നയിച്ചും ആധികാരികമായി വിഡ്ഢിത്തം വിളമ്പിയുമൊക്കെ വിവാദം ഉണ്ടാക്കിയിട്ടുണ്ട് പല ഇന്ത്യൻ ജഡ്ജിമാരും. പലരും ഇംപീച്ച്‌മെന്റിനുള്ള നീക്കങ്ങളും നേരിട്ടിട്ടുണ്ട്.. ആ ന്യായാധിപന്മാർ ആരൊക്കെ എന്നും അവർ നടത്തിയ വീഴ്ചകളെന്തെന്നും ഒന്ന് നോക്കാം.
1991ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.രാമസ്വാമിയെ നീക്കം ചെയ്യാനുള്ള നടപടികളാണ് ഇംപീച്ച്‌മെന്റിന് തുടക്കം കുറിച്ചത്. അഴിമതിയാരോപണത്തിലായിരുന്നു നടപടി. എന്നാൽ പ്രമേയത്തിന് വേണ്ട ഭൂരിപക്ഷം ലഭിക്കാഞ്ഞതിനാൽ ഇംപീച്ച്‌മെന്റ് നീക്കം ഫലം കണ്ടില്ല.
കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസായിരുന്ന സൗമിത്ര സെന്നിനെതിരെയും ഇംപീച്ച്‌മെന്റ് നീക്കമുണ്ടായിരുന്നു. അഴിമതി തന്നെയായിരുന്നു ഇവിടെയും ഉയർന്ന ആരോപണം. രാജ്യസഭയിൽ പാസായ പ്രമേയം ലോക്‌സഭയും പാസാക്കും എന്ന് കണ്ടതോടെ ഇദ്ദേഹം രാജിവച്ചൊഴിഞ്ഞു. അതോടെ നടപടിയും മരവിപ്പിച്ചു.
പല കേസുകളിലും ക്രമക്കേടുകളും വഴിവിട്ട ഇടപെടലുകളും നടത്തിയെന്നാരോപിച്ചാണ് ആന്ധ്ര-തെലങ്കാന ഹൈക്കോടതി ജഡ്ജിയായിരുന്ന സി.വി നാഗാർജുന റെഡ്ഡിക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കമുണ്ടായത്. ജൂനിയർ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയെന്നും ആരോപണമുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹത്തിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം സഭയിൽ അംഗീകരിക്കപ്പെട്ടില്ല.
സംവരണത്തിനെതിരെ പരാമർശം നടത്തിയതിന് ഇംപീച്ച്‌മെന്റ് നീക്കമുണ്ടായ ചരിത്രവുമുണ്ട് ഇന്ത്യൻ ജുഡീഷ്യറിക്ക്. സംവരണവും അഴിമതിയും രാജ്യത്തെ നശിപ്പിക്കുന്നെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജെ.ബി പർഡിവാലയുടെ വിവാദ പരാമർശം. ഒരു വിധിന്യായത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. വിധിയിൽ നിന്ന് പരാമർശം നീക്കിയതോടെ ഈ വിഷയം അവസാനിച്ചു.
ബിജെപിയിൽ ചേർന്നയുടൻ തന്നെ വിവാദങ്ങളുടെ കെട്ടഴിച്ചു വിട്ട ഒരു മുൻ ജഡ്ജിയാണ് അഭിജിത്ത് ഗംഗോപാധ്യായ്. കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജിയായ ഇദ്ദേഹം, ജോലി രാജി വച്ച് ഒരു രാഷ്ട്രീയപ്പാർട്ടിയിൽ ചേരുന്ന ആദ്യ ന്യായാധിപൻ കൂടിയാണ്. ബിജെപിയിൽ ചേർന്നതിന് പിന്നാലെ തന്നെ ഇദ്ദേഹത്തിന്റെ വിവാദ പ്രസ്താവനകളുമൊഴുകി. ഇതിൽ ഗോഡ്‌സെയെ പറ്റി പറഞ്ഞ പ്രസ്താവനയാണ് ഏറെ വിവാദമായത്.
ഗാന്ധിയെയും ഗോഡ്‌സെയെയും നിർത്തി ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ തനിക്ക് സാധിക്കില്ല എന്നതായിരുന്നു ഇത്. ഗാന്ധിയെ കൊല്ലാൻ ഗോഡ്‌സെയെ പ്രേരിപ്പിച്ചത് എന്താണെന്നറിയാൻ തനിക്ക് ആകാംഷയുണ്ടെന്ന് മറ്റൊരു പ്രസ്താവനയും. പിന്നെ പറയണോ, പ്രതിഷേധം ബംഗാളും കടന്നു. തൃണമൂലും കോൺഗ്രസും ഇന്ത്യൻ നാഷണൽ കോൺഗ്രസുമൊക്കെ അന്ന് വലിയ രീതിയിൽ ഈ പ്രസ്താവന ഏറ്റെടുത്തിരുന്നു. മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം മൂലവും ബ്ലാക് ലിസ്റ്റിലാണ് ഗംഗോപാധ്യായ്.
പീഡനക്കേസിൽ അതിജീവതയായ പെൺകുട്ടിക്ക് പ്രതി രാഖി കെട്ടിക്കൊടുക്കണമെന്ന വിവാദ വിധി പ്രഖ്യാപിച്ചതും ബിജെപിയിൽ ചേർന്ന ഒരു ജഡ്ജിയാണ്. മധ്യപ്രദേശ് ഹൈക്കോടതി മുൻ ജസ്റ്റിസ് രോഹിത് ആര്യ. രാഖി കെട്ടിയാൽ മതിയെന്ന നിബന്ധനയിൽ ഇദ്ദേഹം പ്രതിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് അറസ്റ്റിലായ മുനവിർ ഫാറൂഖി, നളിൻ യാദവ് എന്നിവർക്ക് ജാമ്യം നിഷേധിച്ചതും രോഹിത് ആര്യ ആയിരുന്നു.
കർണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വി ശ്രീശാനന്ദയാണ് വിവാദങ്ങളിലിടം പിടിച്ച മറ്റൊരു ജഡ്ജി. മുസ്ലിങ്ങൾ കൂടുതലുള്ള പ്രദേശത്തെ പാകിസ്താനെന്ന് ശ്രീശാനന്ദ അധിക്ഷേപിച്ചത് രണ്ടരമാസം മുമ്പാണ്. വിവാദപരാമർശം തെറ്റെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയതല്ലാതെ തുടർ നടപടികളൊന്നും ഉണ്ടായില്ല. ഇദ്ദേഹം പിന്നീട് മാപ്പ് പറഞ്ഞ് വിവാദം അവസാനിപ്പിച്ചു.
പോക്‌സോ കേസിൽ വിധി പറയവേ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാല നടത്തിയ ഗുരുതര പ്രസ്താവനയും വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. 12 വയസുകാരിയെ യുവാവ് സ്പർശിച്ചത് വസ്ത്രത്തിന് മുകളിലൂടെ ആയതിനാൽ ലൈംഗികാതിക്രമം നടന്നതായി കരുതാനാവില്ലെന്നായിരുന്നു ജഡ്ജിയുടെ പ്രസ്താവന. ഇത് വലിയ വിമർശനങ്ങൾക്കിടയാക്കി. ഒരാഴ്ചയ്ക്കിടെ മൂന്ന് പോക്‌സോ കേസുകളിൽ വിവാദ വിധി പുറപ്പെടുവിച്ച ജഡ്ജിയുടെ സ്ഥാനക്കയറ്റത്തിനുള്ള നടപടികൾ ഇതേത്തുടർന്ന് റദ്ദാക്കിയിരുന്നു.
മേൽപ്പറഞ്ഞ ഉദ്ദാഹരണങ്ങൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കം സൃഷ്ടിച്ച ചുരുക്കം ചില സംഭവങ്ങൾ മാത്രമാണ്. പക്ഷപാതപരമായതും അധിക്ഷേപാർഹമായതുമായ വിധികൾ ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ ഇനിയുമുണ്ട്.
സർക്കാരിൽ എല്ലാ പ്രതീക്ഷയും കൈവിട്ടാൽ ജനങ്ങൾക്ക് കോടതികളാണ് ആശ്രയം എന്ന വസ്തുത ഒരു പക്ഷേ ഇവർ മനപ്പൂർവം മറക്കുന്നതാവാം.. മതരാഷ്ട്രീയത്തിലൂന്നി പ്രവർത്തിക്കുന്ന കോടതികൾ ന്യൂനപക്ഷങ്ങൾക്കും അരികുവത്കരിക്കപ്പെട്ടവർക്കുമൊക്കെ എത്രകണ്ട് നീതി ഉറപ്പാക്കും എന്നത് വലിയ ചോദ്യചിഹ്നമായി തന്നെ രാജ്യത്ത് അവശേഷിക്കുന്നുണ്ട്. സ്വന്തം രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള വേദിയായി ന്യായാധിപന്മാർ കോടതികളെ മാറ്റുമ്പോൾ അവിടെ നീതിദേവതയുടെ കണ്ണ് മൂടിക്കെട്ടപ്പെടുന്നു എന്ന് മാത്രമാണ് അതിനുള്ള ഏക വിശേഷണം.