ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനച്ചടങ്ങ് ജി സുധാകരന്‍ ബഹിഷ്കരിച്ചു
കെ സി വേണുഗോപാല്‍ എംപിയെ സ്വിച്ച് ഓണ്‍ കര്‍മത്തിന് ക്ഷണിച്ചത് ഇഷ്ടപ്പെടാത്തതിനാലാണ് മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നഗരസഭ സ്ഥാപിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനച്ചടങ്ങ് മന്ത്രി ജി സുധാകരന്‍ ബഹിഷ്കരിച്ചു. ഡയാലിസിസ് യൂണിറ്റിന്റെ ഫണ്ട് വിനിയോഗം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് മന്ത്രിയുടെ ബഹിഷ്കരണമെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് അംഗങ്ങള്‍ ഉദ്ഘാടനവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. കെ സി വേണുഗോപാല്‍ എംപിയെ സ്വിച്ച് ഓണ്‍ കര്‍മത്തിന് ക്ഷണിച്ചത് ഇഷ്ടപ്പെടാത്തതിനാലാണ് മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പാവപ്പെട്ട രോഗികള്‍ക്ക് 500 രൂപ നിരക്കില്‍ ഡയാലിസിസ് ചെയ്തു കൊടുക്കാന്‍ പദ്ധതി തയ്യാറാക്കി 10 മെഷീനുകള്‍ അടങ്ങുന്ന ഡയാലിസിസ് യൂണിറ്റാണ് ആലപ്പുഴ നഗരസഭ ജനറല്‍ ആശുപത്രിയില്‍ നഗരസഭ സ്ഥാപിച്ചത്. ഉദ്ഘാടകനായി മന്ത്രി ജി സുധാകരനെ നിശ്ചയിച്ചു. എന്നാല്‍ ജി സുധാകരന്‍ ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു. പദ്ധതിയുടെ ഫണ്ട് വിനിയോഗത്തില്‍ സുതാര്യതയില്ലാത്തിനാലാണ് മന്ത്രി ചടങ്ങ് ബഹിഷ്കരിച്ചതെന്നും നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ നിന്ന് എല്‍ഡിഎഫ് കൌണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോവുകയാണെന്നും പ്രതിപക്ഷ നേതാവ് ഡി ലക്ഷ്മണന്‍ അറിയിച്ചു. ഉദ്ഘാടനത്തിനായി നഗരസഭാദ്ധ്യക്ഷന്‍ തോമസ് ജോസഫ് കെ സി വേണുഗോപാല്‍ എംപിയെ ക്ഷണിച്ചപ്പോഴായിരുന്നു ഇത്.
തുടര്‍ന്ന് എല്‍ഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മത്തിനായി തന്നെ ക്ഷണിച്ചതാണ് മന്ത്രിയ്ക്ക് ഇഷ്ടപ്പെടാതിരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യത്തില്‍ എല്ലാവരുടെ അഭിപ്രായങ്ങളും എല്ലാവരും കേള്‍ക്കട്ടെയെന്ന നിലപാടുള്ളതു കൊണ്ടാണ് ഉദ്ഘാടന പ്രസംഗത്തിനു മുന്‍പ് പ്രതിപക്ഷ നേതാവിന്റെ ആശംസ പ്രസംഗം കേള്‍ക്കാന്‍ തയ്യാറായതെന്നും എല്ലാ കാര്യങ്ങളും ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.