ചെറുത്ത് നില്‍പ്പിന്റെയും അതിജീവനത്തിന്റെയും ഫലസ്തീന്‍ അനുഭവങ്ങള്‍

സ്വന്തം സംസ്‌കാരത്തെയും ജീവിതത്തെയും രാജ്യത്തെയും കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തുകയാണ് ഫലസ്തീന്‍ ജനത ചെയ്യുന്നത്. സിനിമയിലൂടെയും കവിതയിലൂടെയും കലയിലൂടെയുമൊക്കെ അവര്‍ അതാണ് നിര്‍വഹിക്കുന്നത്.

Update: 2022-09-22 11:31 GMT
Click the Play button to listen to article

ഫലസ്തീനില്‍ നിന്നും മറ്റൊരു ചോരപുരണ്ട വാര്‍ത്ത കൂടി വരികയാണ്. അത് ഒരു മാധ്യമപ്രവര്‍ത്തകയുടെ അരും കൊലയെ കുറിച്ചുള്ള വാര്‍ത്തയാണ്. ഷിറീന്‍ അബു അഖ്‌ലെ (Shireen Abu Akleh) എന്ന മാധ്യമപ്രവര്‍ത്തകയെ 2022 മെയ് 11ന് ഇസ്രായേലി പട്ടാളം വെടിവെച്ച് കൊന്നത്. കൊന്നതിന് ശേഷവും സിയോണിസ്റ്റുകള്‍ അവരെ വെറുതെ വിട്ടില്ല. അവരുടെ സംസ്‌കാരച്ചടങ്ങിനെ പോലും അവര്‍ ആക്രമിച്ചു എന്ന ദുരന്ത വാര്‍ത്ത കൂടി ലോകത്തിന് കേള്‍ക്കേണ്ടി വന്നു. ജെനിനില്‍ ഇസ്രായേലി അതിക്രമത്തിന്റെ റിപ്പോര്‍ട്ടിങ്ങിനിടെയാണ് അവര്‍ക്ക് വെടിയേറ്റതും മരിച്ചതും. കഴിഞ്ഞ 25 വര്‍ഷത്തിലധികമായി അല്‍ ജസീറ ടി.വിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ മാധ്യമ പ്രവര്‍ത്തക ഫലസ്തീനികളുടെ ദുരന്ത ജീവിതത്തെ കുറിച്ച് ലോകത്തെ നിരന്തരം അറിയിച്ച മഹല്‍വ്യക്തിയാണ്. അതുകൊണ്ട് തന്നെ സിയോണിസ്റ്റുകളുടെ നോട്ടപ്പുള്ളി കൂടിയായിരുന്നു ഇവര്‍. ഫലസ്തീനികളുടെ ജീവിതത്തിന്റെ അടയാളമായി അഖ്‌ലെയുടെ രക്തസാക്ഷിത്വത്തെ വിലയിരുത്താവുന്നതാണ്. ഫലസ്തീനികളുടെ ജീവിതത്തെ അതേപടി പകര്‍ത്തി ലോകസമക്ഷം എത്തിച്ച പത്രപ്രവര്‍ത്തകയാണ് അവര്‍. ഇസ്രായേലി അതിക്രമങ്ങളെ പറ്റി അപ്പപ്പോള്‍ ലോകത്തെ അറിയിച്ചതില്‍ അഖ്‌ലെയുടെ മഹത്തായ പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തും.


ഷിറീന്റെ രക്തസാക്ഷിത്വം ഫലസ്തീനികളുടെ ജീവിതത്തെയാണ് ഓര്‍മിപ്പിക്കുന്നത്. തോക്കുകള്‍ക്കും മുള്ളുവേലികള്‍ക്കും ബാരിക്കേഡുകള്‍ക്കും തടവറകള്‍ക്കുമിടയിലൂടെയുള്ള അമര്‍ത്തിപ്പിടച്ച അടക്കം പറച്ചിലുകളാണ് ഫലസ്തീനികളുടെ ജീവിതം. തുറന്ന് പിടിച്ച ഒരു കണ്ണ് അവരെ നിരന്തരം പിന്തുടരുകയും അവരുടെ ജീവിതത്തിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഫലസ്തീനികള്‍ക്ക് അതുകാണ്ട് തന്നെ സ്വകാര്യത പോലുമില്ല. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു മൈനിന്റെ പുറത്താണ് ഫലസ്തീനികള്‍ ജീവിക്കുന്നത്. അതുകൊണ്ട് ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഉച്ഛ്വാസം പോലും പോരാട്ടമാണ്. ആ പോരാട്ടങ്ങള്‍ അവരുടെ കലയിലും നമുക്ക് കാണാം. കവിതയായാലും ചിത്രങ്ങളായാലും സിനിമയായാലും അവയിലൊക്കെ അടക്കിപ്പിടിച്ച ആ പ്രതിഷേധം നമുക്ക് ദര്‍ശിക്കാനാവും.


ഫലസ്തീന്‍ സിനിമയെ മറ്റ് രാജ്യങ്ങളുടെ സിനിമയില്‍ നിന്നും വേര്‍തിരിക്കുന്നത് പ്രധാനമായും അതിന്റെ ഭാഷയും വിഷയവുമാണ്. സ്വന്തമായി ഒരു രാജ്യമില്ലാത്തവരാണ് ഫലസ്തീന്‍കാര്‍. കാണെക്കാണെ ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഭൂപ്രദേശമാണ് അവരുടേത്. അതുകൊണ്ട് തന്നെ ഫലസ്തീന്‍ സിനിമയുടെ പ്രവര്‍ത്തകര്‍ പല നാടുകളില്‍ ചിതറിക്കിടക്കുകയാണ്. അവരെ ഏകോപിപ്പിക്കുന്ന ഒരേ ഒരു സംഗതി ഭാഷയും വിഷയവുമാണ്. ഫലസ്തീനിയന്‍ അറബി ഭാഷയും പോരാടുന്ന ഫലസ്തീന്‍ ജീവിതമെന്ന പൊതുവിഷയവുമാണ് അവരെയൊക്കെ ഒന്നിപ്പിക്കുന്നത്.

ഫലസ്തീന്‍ സിനിമ ഫലസ്തീന്‍ സംവിധായകരുടെ മാത്രം സിനിമയല്ല. മേഖലയില്‍ സമാധാനം നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും സിനിമയാണ് ഫലസ്തീന്‍ സിനിമ. അതില്‍ ഫലസ്തീന്‍ അനുകൂല ഇസ്രായേലി സംവിധായകരും, ഫലസ്തീന്‍-ഇസ്രായേല്‍ സൗഹൃദ സംഘങ്ങളുടെ സിനിമയും പെടും. അവയൊക്കെ പക്ഷെ, ഫലസ്തീനികളുടെ ജീവിതദുരന്തങ്ങളുടെ യഥാര്‍ഥ ചിത്രീകരണങ്ങളാണ്. അതുപോലെ തന്നെ ഫലസ്തീന്‍ സംഘര്‍ഷരഹിതമായ മേഖലയായി തീരണമെന്ന് ആഗ്രഹിക്കുന്നവരുടെ സിനിമയും. ഫീച്ചര്‍ സിനിമയായാലും ഡോക്യുമെന്ററികളായാലും അവയൊക്കെ ഒരു ജനതയുടെ പോരാട്ടങ്ങളുടെ ചൂട് പേറുന്നവയാണ്.

ഒരു തെറ്റും ചെയ്യാതെ കത്തുന്ന കനലുകള്‍ക്ക് മുകളിലൂടെ നടന്ന് നീങ്ങാന്‍ വിധിക്കപ്പെട്ടവരാണ് ഫലസ്തീനികള്‍. അതുകൊണ്ട് തന്നെ പലസ്തീനികളുടെ സിനിമകള്‍ പൊള്ളുന്ന കനലുകളായി നമ്മുടെ മനസ്സില്‍ എരിഞ്ഞ് നില്‍ക്കും. ടാങ്കുകള്‍, യന്ത്രത്തോക്കുകള്‍, കമ്പിവേലികള്‍ എന്നിവ കൊണ്ട് അതിരിട്ട വഴികളിലൂടെയാണ് ഫലസ്തീനികളുടെ ദിനരാത്രങ്ങള്‍ കടന്ന് പോകുന്നത്. ഓരോ കവാടങ്ങളിലും സ്വന്തം അസ്തിത്വം തെളിയിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. നിത്യേന കണ്ടുമുട്ടുന്ന വഴികളില്‍ പോലും അവര്‍ വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. ഇന്നലെ യാത്ര ചെയ്ത വഴികളില്‍ ചിലപ്പോള്‍ ഇന്ന് യാത്ര ചെയ്യാനാവണമെന്നില്ല. ഏത് റോഡിലൂടെയാണ് ഇന്ന് സഞ്ചരിക്കേണ്ടത് എന്ന് ഇസ്രായേലി പട്ടാളം തീരുമാനിക്കും. സ്വന്തം ജീവിതത്തിന്റെ നിയന്ത്രണം മിക്കപ്പോഴും ഇസ്രായേലി പട്ടാളത്തിന്റെ കയ്യിലാണുണ്ടാവുക എന്ന് ''ദ കളര്‍ ഓഫ് ഒലീവ്‌സ് (The color of olives)' എന്ന ഒറ്റ ഡോക്യുമെന്ററി കണ്ടാല്‍ തന്നെ നമുക്ക് ബോധ്യമാവും. ഡൊമിനിക്കന്‍ നാടകപ്രവര്‍ത്തകയും ഗായികയും അഭിനേത്രിയുമായ ''കരോലിന റിവാസ് (Carolina Rivas)' സംവിധാനം നിര്‍വഹിച്ചതാണ് ഈ ഡോക്യുമെന്ററി. ആറ് മക്കളും ഭാര്യയുമടങ്ങുന്ന അമേറിന്റെ ജീവതത്തിലൂടെ ഇസ്രായേലി കമ്പിവേലിക്കുള്ളില്‍ കുടുങ്ങിപ്പോയ ഒരു ഫലസ്തീന്‍കാരന്റെ ജീവിതത്തിന്റെ ഭീകരതയാണ് കരോലിന റിവാസ് നമുക്ക് മുന്നില്‍ സമര്‍പ്പിക്കുന്നത്. അമേറിന്റെ വീട് പൂര്‍ണമായും ഇസ്രായേലി ബാരിക്കേഡിനുള്ളിലാണ്. അയാളുടെ വീടിന് ചുറ്റും ഇസ്രായേല്‍ കെട്ടിപ്പൊക്കിയ വന്‍ മതിലുകളുണ്ട്. അദ്ദേഹത്തിന്റെ കൃഷിയിടവും കുട്ടികളുടെ സ്‌കൂളും മാര്‍ക്കറ്റും എല്ലാം ഈ ബാരിക്കേഡിന് പുറത്താണ്. അതുകൊണ്ട് തന്നെ വളരെ ചെറിയ ആവശ്യങ്ങള്‍ക്ക് പോലും അമേറിന് ഇസ്രായേലി പട്ടാളത്തിന്റെ ഔദാര്യം തേടേണ്ടതുണ്ട്. ചിലപ്പോള്‍ മണിക്കൂറുകളോളം ഗേറ്റിന് മുന്‍പില്‍ കാത്ത് നിന്നാലെ പുറത്തിറങ്ങാനാവൂ. ഇസ്രായേലി പട്ടാളത്തിന്റെ കനിവ് വേണം ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍. കഴുതയെ പൂട്ടിയ തന്റെ വണ്ടിയില്‍ മണിക്കൂറുകളോളം കാത്തിരുന്നു മുഷിയുന്ന അമേര്‍ സ്വാതന്ത്ര്യത്തിന്റെ വിലയെന്താണ് എന്ന് നമുക്ക് പറഞ്ഞ് തരും. സത്യത്തില്‍ ഒരു തടവറക്കുള്ളിലാണ് അമേറിന്റെ ജീവിതം. അമേറിന്റെ ഭാര്യ ഒരിക്കലും പുറത്തിറങ്ങാറില്ല. അടഞ്ഞ വാതിലിന് പിന്നില്‍ ജാലകത്തിന്റെ കമ്പി വലക്കുള്ളിലൂടെ നരച്ച ആകാശം നോക്കി നില്‍ക്കുന്ന അവരുടെ കണ്ണുകളിലെ നിസ്സഹായവസ്ഥ പലപ്പോഴും നമ്മുടെ കണ്ണ് നിറക്കും. റൊട്ടിയുണ്ടാക്കിയും ഉരുള്‍ക്കിഴങ്ങ് കറിയുണ്ടാക്കിയും തടവറക്കുള്ളില്‍ എരിഞ്ഞ് തീരുന്ന എത്രയോ ഫലസ്തീന്‍ സ്ത്രീകളുടെ പ്രതിനിധി മാത്രമാണ് അവര്‍. ആ ദുരന്തജീവിതമാണ് വളരെ കുറച്ച് സംഭാഷണങ്ങളിലൂടെ കരോലിന റിവാസ് ലോകത്തിന് മുന്‍പില്‍ തുറന്ന് വെക്കുന്നത്.


ഇതില്‍ നിന്നും വ്യത്യസ്തമായി വ്യക്തിയില്‍ നിന്ന് ആള്‍ക്കൂട്ടത്തിലേക്കുള്ള വികാസമാണ് ' ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് (5 Broken Cameras)' എന്ന ഡോക്യുമെന്ററി കാഴ്ചവെക്കുന്നത്. എമാദ് ബര്‍ണറ്റിന്റെ (Emad Burnat) ജീവിതാനുഭവങ്ങളാണ് അദ്ദേഹം സ്വന്തം സുഹൃത്തും ഇസ്രായേലിയുമായ ഗെയ് ദവീദി (Guy Davidi) യുമായിചേര്‍ന്ന് ക്യാമറയിലേക്ക് പകര്‍ത്തുന്നത്. ചിത്രം പകര്‍ത്തിയത് ബര്‍ണറ്റും അതിന്റെ വാമൊഴിയൊരുക്കിയത് ദവീദിയുമാണ്. ബര്‍ണറ്റിന്റെ ജീവിതത്തില്‍ അദ്ദേഹം വാങ്ങിയ അഞ്ച് ക്യാമറകളിലൂടെ അദ്ദേഹം പകര്‍ത്തിയ സ്വന്തം ജീവിതവും അയാള്‍ക്ക് ചുറ്റും നടക്കുന്ന അതിജീവനപ്പോരാട്ടവുമാണ് ഡോക്യുമെന്ററിയുടെ വിഷയം. ഓരോക്യാമറയും ഒരോ അതിക്രമങ്ങളുടെ സാക്ഷിയായി മാറുകയും അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമായി ഉയിര്‍ക്കുകയും ചെയ്യുന്നു. അഞ്ച് ക്യാമറകളിലൂടെ അഞ്ച് പോരാട്ടങ്ങളാണ് ബര്‍ണറ്റും ദവീദിയും നമ്മുടെ മുന്നിലേക്ക് തുറന്നിടുന്നത്. സ്വന്തം ജീവിതത്തെ ഓരോ ക്യാമറയും പല ഭാഗങ്ങളായി മുറിച്ചെടുക്കുന്നുണ്ട് സിനിമയില്‍. അതോടൊപ്പം ഫലസ്തീനില്‍ നടക്കുന്ന ഇസ്രായേലി അധിനിവേശത്തിന്റെയും ഫലസ്തീന്‍ ചെറുത്തു നില്‍പ്പിന്റെയും ചിത്രവും സിനിമ നമുക്ക് നല്‍കുന്നുണ്ട്. 2005 ല്‍ ബര്‍ണറ്റിന്റെ ആദ്യ പുത്രന്‍ ഗിബ്രിയേല്‍ ജനിക്കുമ്പോഴാണ് ബര്‍ണറ്റ് ആദ്യ ക്യാമറ വാങ്ങുന്നതും അവന്റെ ജീവിതം ചിത്രീകരിക്കുന്നതും. പിന്നീട് മകന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ചിത്രീകരിക്കുമ്പോള്‍ അതിന് സമാന്തരമായി നടക്കുന്ന ഫലസ്തീന്‍ പോരാട്ടവും അദ്ദേഹം ചിത്രീകരിക്കുന്നുണ്ട്. ഈ പോരാട്ടങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ പട്ടാളം തകര്‍ക്കുന്നതാണ് ഓരോ ക്യാമറയും. ക്യാമറ തകര്‍ന്നുവെങ്കിലും ഫലസ്തീന്‍ പോരാട്ടങ്ങള്‍ ഇപ്പോഴും കെടാത്ത കനലായി നിലനില്‍ക്കുന്നു എന്നത് അധികാരത്തിന്റെ നശ്വരത നമ്മെ ബോധ്യപ്പെടുത്തുന്നതാണ്.


മൈക്കല്‍ ഖലീഫി (Michel Khleifi) യുടെ ''വെഡ്ഡിങ്ങ് ഇന്‍ ഗലീലി (Wedding in Galilee)' ഫലസ്തീന്‍ സിനിമയുടെ ചരിത്രം തിരുത്തിയ സിനിമയാണ്. ഫലസ്തീന്‍ നവസിനിമയുടെ തുടക്കം കുറിച്ച സിനിമ കൂടിയാണിത്. ഇസ്രായേലി ഫലസ്തീന്‍കാരനായ ഖലീഫി ബെല്‍ജിയത്തില്‍ രാഷ്ട്രീയ അഭയം നേടിയ ചലച്ചിത്രകാരനാണ്. പതിവ് ''ഫലസ്തീന്‍ വിരുദ്ധ-ഇസ്രായേല്‍ അനുകൂല'' മാധ്യമ പ്രചരണത്തിന് വിരുദ്ധമായി ഫലസ്തീന്‍ പ്രശ്‌നത്തെ സത്യസന്ധമായി നിരീക്ഷിക്കുന്ന സിനിമാക്കാരനാണ് ഖലീഫി. അത് പോലെ തന്നെ ഇസ്രായേലി പട്ടാളക്കാരനെ വ്യക്തിപരമായി ''വില്ലനാ''യി ചിത്രീകരിക്കുന്ന പതിവ് ശൈലിക്ക് പകരം ഇസ്രായേലി സിയോണിസ്റ്റ് പോളിസിയെ വിമര്‍ശനവിധേയമാക്കുന്ന കലാകാരന്‍ കൂടിയാണ് ഖലീഫി. അതുകൊണ്ട് തന്നെ മറ്റ് ഫലസ്തീന്‍ സിനിമകളില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണ് ''വെഡ്ഡിങ്ങ് ഇന്‍ ഗലീലി''. ഗലീലി എന്ന പലസ്തീന്‍ ഗ്രാമത്തിന്റെ മുഖ്യന്‍ അബു അദിലിന്റെ മകന്റെ കല്യാണമാണ് സിനിമയിലെ മുഖ്യവിഷയം. അത് ഒരു മഹാസംഭവമാക്കണമെന്ന് അബു ആഗ്രഹിക്കുന്നു. 1948 ലെ ഇസ്രായേല്‍-ഫലസ്തീന്‍ യുദ്ധാനന്തരം ഇസ്രായേലി ഭരണത്തിന്‍ കീഴിലുള്ള ഗ്രാമമാണ് ഗലീലി. നിലവില്‍ ഇസ്രായേല്‍ അവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്ന എല്ലാ ആഘോഷങ്ങള്‍ക്കും ഇസ്രായേലി അധികൃതരുടെ അനുവാദം ആവശ്യമാണ്. പട്ടാളത്തിന്റെ അനുമതി തേടിയ അബു അദിലിന് ഒരു വ്യസ്ഥയില്‍ അവര്‍ അനുമതി നല്‍കുന്നു. പട്ടാളമേധാവിയെയും അനുചരന്മാരെയും വിവാഹത്തിന് ക്ഷണിക്കണം എന്നതായിരുന്നു വ്യവസ്ഥ. അതുപക്ഷെ അബു അദിലിന് സ്വീകരിക്കാന്‍ അല്‍പം വിഷമമുണ്ടായിരുന്നു. എങ്കിലും അയാള്‍ക്ക് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നു. എന്നാല്‍, ഈ വ്യവസ്ഥ മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും അതിന്റെ പരിണിതികളുമാണ് ഖലീഫി സിനിമയില്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നത്.


വ്യത്യസ്തമായ നിരവധി സംഭവങ്ങള്‍ കൊണ്ട് നിബിഢമാണ് സിനിമ. പട്ടാളക്കാരെ ക്ഷണിച്ചത് കൊണ്ട് കല്യാണത്തില്‍ പങ്കെടുക്കില്ല എന്ന് പറയുന്ന അനുജന്‍, പട്ടാളക്കാരെ കൊല്ലാന്‍ പ്ലാന്‍ ചെയ്യുന്ന മകളുടെ കാമുകന്‍, മൈന്‍ പാടത്തില്‍ അകപ്പെട്ട് പോയ അബുവിന്റെ കുതിരയെ രക്ഷിക്കാന്‍ സഹായിക്കുന്ന പട്ടാളക്കാരന്‍, രോഗാവസ്ഥയിലായ ഇസ്രായേലി വനിതയെ ശുശ്രൂഷിക്കുന്ന ഫലസ്തീന്‍ വനിതകള്‍ അങ്ങിനെ വ്യത്യസ്തമായ നിറങ്ങള്‍ ചാലിച്ച് ചേര്‍ത്ത മനോഹരമായ ഒരു ചിത്രത്തൂവാലയാണ് സിനിമ. ഫലസ്തീന്‍ സമൂഹം നേരിടുന്ന വ്യത്യസ്തമായ പ്രശ്‌നങ്ങളെ മാത്രമല്ല അവര്‍ക്കുള്ളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര വൈരുദ്ധ്യങ്ങളെ കൂടി സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. മാത്രമല്ല, സമൂഹത്തില്‍ നിലനില്‍ക്കുന്ന പഴയ ആചാരങ്ങളെ സിനിമ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ആദ്യരാത്രിയെ കുറിച്ചുള്ള പതിവ് സങ്കല്‍പങ്ങളില്‍ പരാജയപ്പെട്ട് പോകുന്ന വരനെ വധു സാന്ത്വനിപ്പിക്കുന്നുണ്ടെങ്കിലും സ്വന്തം പിതാവിന്റെ കടുംപിടുത്തത്തിന്റെ രക്തസാക്ഷിയാണ് താനെന്ന് അവന്‍ വേദനയോടെ തിരിച്ചറിയുകയും അത് ഉച്ചത്തില്‍ വിളിച്ച് പറയുകയും ചെയ്യുണ്ട്. ഫലസ്തീന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷ മേധാവിത്വത്തെയും സ്ത്രീകളുടെ അവസ്ഥയേയും സിനിമ ചര്‍ച്ചക്ക് വിധേയമാക്കുന്നുണ്ട്. പ്രശ്‌നത്തെ വൈകാരികമായി നേരിടുന്ന അതിവിപ്ലവകാരികളെയും അവരുണ്ടാക്കുന്ന പ്രശ്‌നങ്ങളെയും ഇസ്രായേലി മനുഷ്യരും അവരെ സ്വജനമായി കണക്കാക്കുന്ന ഫലസ്തീന്‍ ജനതയെയും വളരെ തന്മയത്വത്തോടെയാണ് സിനിമ അവതരിപ്പിക്കുന്നത്.

അഭയാര്‍ഥി ക്യാമ്പില്‍ അകപ്പെട്ട് പോയ ഒരു ജോര്‍ദാന്‍ ബാലന്റേയും അവന്റെ അമ്മയുടേയും ജീവിതത്തിലൂടെ അഭയാര്‍ഥികളുടെ ജീവിതത്തെ കാട്ടിത്തരികയാണ് ആന്‍ മേരി ജാസിര്‍ (Annemarie Jacir) എന്ന ഫലസ്തീന്‍ സംവിധായിക ''വെന്‍ ഐ സോ യു(When I Saw You)' എന്ന സിനിമയിലൂടെ. അവരുടെ രണ്ടാമത്തെ ചിത്രമാണിത്. വേരുകളറ്റ് പോയ മനുഷ്യരുടെ വാസസ്ഥലങ്ങളിലേക്കാണ് സിനിമ കണ്ണോടിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഇല്ലാതാകുന്ന വാസ സ്ഥലത്തില്‍ ജീവിതം കരുപ്പിടിപ്പിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ വ്യസനങ്ങളും അവരുടെ പ്രതീക്ഷകളും ഒക്കെ സിനിമയില്‍ നമുക്ക് കണ്ടെത്താവുന്നതാണ്. ഫലസ്തീനില്‍ നിന്നും ഓടി രക്ഷപ്പെട്ട മനുഷ്യരുടെ ജോര്‍ദാനിലെ താല്‍ക്കാലിക ക്യാമ്പില്‍ അമ്മ ഗെയ്ദയോടൊപ്പം താമസിക്കുന്ന തരേക് എന്ന ബാലനാണ് സിനിമയിലെ മുഖ്യ കഥാപാത്രം. അവന്റെ അച്ഛന്‍ ഇപ്പോഴും ഫലസ്തീനിലെവിടെയോ ആണ് ഉള്ളത്. അച്ഛന്റെ വരവ് കാത്തിരിക്കുന്ന അവന്‍ ഒരു ദിവസം ക്യാമ്പില്‍ നിന്നും ഒളിച്ചോടുന്നു. അവന്‍ എത്തുന്നത് ഒരു ഫലസ്തീന്‍ ആയുധ പരിശീലന ക്യാമ്പിലാണ്. അവനെ തേടി അവന്റെ അമ്മയും പിന്നീട് എത്തുന്നുണ്ട്. അവിടെ വെച്ച് അവന്‍ ഒരു ഫലസ്തീന്‍ പോരാളിയാകാന്‍ പ്രതിജ്ഞയെടുക്കുന്നു. തരേക്കിന്‍ന്റെ ജീവിതം തന്നെ അതോടെ മാറുന്നു. ഫലസ്തീനിലെ പൊരുതുന്ന മനുഷ്യരുടെയും അഭയാര്‍ഥി ക്യാമ്പിലെ നരക ജീവിതത്തെയും ഒക്കെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട് ജാസിര്‍.


ഫലസ്തീന്‍ പ്രശ്‌നത്തിന്റെ വേരുകള്‍ ഫലസ്തീനില്‍ മാത്രമല്ല, അത് അറബ് ലോകം മുഴുവന്‍ പരന്ന് കിടക്കുന്ന വലിയ പ്രശ്‌നമാണ്. ഫലസ്തീന്‍ അതിന്റെ കേന്ദ്രം മാത്രമാണ്. ഫലസ്തീന്‍ സിനിമക്കാര്‍ മാത്രമല്ല ഇസ്രായേലി സംവിധായകരും ഈ പ്രശ്‌നത്തെ സത്യസന്ധമായി സമീപിച്ചിട്ടുണ്ട്. വ്യത്യസ്തമായ ഒരു കോണില്‍ നിന്ന് ഈ പ്രശ്‌നത്തെ സമീപിക്കുകയും അതിനെ സമാധാനപരമായി അവസാനിപ്പിക്കാനും വേണ്ടിയുള്ള ശ്രമങ്ങളായി വേണം ഇത്തരം സിനിമകളെ കാണാന്‍. എറാന്‍ റിക്‌ളിസ് (Eran Riklis) എന്ന ഇസ്രായേലി സംവിധായകന്‍ ഇത്തരത്തില്‍ പ്രശ്‌നത്തെ സമീപിക്കുന്ന ഒരു ചലച്ചിത്രകാരനാണ്. അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങള്‍ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. ദ സിറിയന്‍ ബ്രൈഡ് (The Syrian Bride -2004), ലമണ്‍ ട്രീ (Lemon Tree -2008) എന്നിവയാണ് ഈ ചിത്രങ്ങള്‍. ഗോലാന്‍ കുന്നുകളില്‍ യു.എന്‍ അധീനതയിലുള്ള ഒരു ചെറിയ പ്രദേശമുണ്ട്. ഈ പ്രദേശത്തുള്ളവര്‍ക്ക് പുറത്ത് പോവുക എന്നത് അത്യധികം പ്രയാസമേറിയ ഏര്‍പ്പാടാണ്. ഏറ്റവും അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ അവര്‍ക്ക് പുറത്ത് പോകാനുള്ള അവകാശമുള്ളൂ, അതും യു.എന്‍ അനുമതിയോടെ മാത്രം. ദ്രൂസ് എന്ന വംശീയ ഗ്രൂപ്പില്‍ പെട്ടവരാണ് ഇവിടെയുള്ളവര്‍. അവിടെയുള്ള ഒരു പെണ്‍കുട്ടി, മോണ, വളരെ പ്രശസ്തനായ ഒരു സിറിയന്‍ നടനെ കല്യാണം കഴിക്കാന്‍ തീരുമാനിക്കുന്നു. മോണയുടെ അച്ഛന്‍ ഹമ്മേദ് ഒരു സിറിയന്‍ അനുകൂലിയും ഈ ഭൂവിഭാഗം സിറിയയില്‍ ലയിപ്പിക്കാന്‍ പോരാടുന്ന ഒരു ഗ്രൂപ്പിന്റെ നേതാവുമാണ്. സമരവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ഹമ്മേദ് ജാമ്യത്തിലിറങ്ങിയാണ് കല്യാണം നടത്തുന്നത്. വിവാഹത്തില്‍ വരന് പങ്കെടുക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് അയാള്‍ അതിര്‍ത്തിയില്‍ എത്തുകയും അവിടെ നിന്ന് വധുവിനെ ഏറ്റുവാങ്ങി പോവുകയും ചെയ്യും. ഒരിക്കലും തിരിച്ച് വരാനാവാത്ത ഒരു യാത്രയാണ് വിവാഹത്തിലൂടെ നടക്കാന്‍ പോകുന്നത് എന്നറിയുന്ന മോണക്ക് അതിന്റെ പരിഭ്രാന്തി വേറെയുമുണ്ട്. ഈ പ്രശ്‌നങ്ങളാണ് സിനിമ പറയുന്നത്. ഒരു വിവാഹം നടത്തി സ്വന്തം ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകാന്‍ ഒരു സ്ത്രീ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് നാം സിനിമയിലൂടെ അറിയുന്നത്. അതും യു.എന്നിന്റെ നേരിട്ടുള്ള ഒരു പ്രദേശത്ത്. അവിടെ സ്ഥിതി ഇതായിരുന്നുവെങ്കില്‍ ഫലസ്തീനിലെ മറ്റ് പ്രദേശങ്ങള്‍ എങ്ങിനെയിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.


ഇസ്രായേല്‍ അതിര്‍ത്തിക്കടുത്ത് താമസിക്കുന്ന സല്‍മ സൈദാന്‍ എന്ന വിധവയുടെ കഥയാണ് ''ലമണ്‍ ട്രീ'' പറയുന്നത്. അവരുടെ രണ്ട് മക്കള്‍ വിദേശത്താണുള്ളത്. പരമ്പരാഗതമായി ലഭിച്ച നാരക തോട്ടത്തിലെ വരുമാനം കൊണ്ട് ജീവിക്കുന്ന സല്‍മ സൈദാന്റെ ദുര്‍ദശ ആരംഭിക്കുന്നത് തന്റെ തൊട്ടരികില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി താമസിക്കാന്‍ വരുന്നതോടെയാണ്. മന്ത്രിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ നാരക മരങ്ങള്‍ മുഴുവന്‍ മുറിക്കാന്‍ സംരക്ഷണ സേന തീരുമാനിക്കുന്നു. പരമ്പരാഗതമായി കിട്ടിയ, തന്റെ ഏക വരുമാനമായ നാരകത്തോട്ടം ഇല്ലാതാക്കാന്‍ സല്‍മ തയ്യാറല്ല. അവര്‍ ഇസ്രായേല്‍ കോടതിയില്‍ കേസ് കൊടുക്കുന്നു. സുപ്രീം കോടതി വരെ കേസ് നടത്തിയിട്ടും സല്‍മക്ക് ജയിക്കാനായില്ല. ഇതിനിടയില്‍ മന്ത്രിയുടെ ഭാര്യയുമായി സല്‍മ ചങ്ങാത്തം ഉണ്ടാക്കിയിട്ടും അവള്‍ പരാജയപ്പെട്ടു പോയി. മുറിച്ച് മാറ്റിയ നാരക മരങ്ങളുടെ കുറ്റികള്‍ക്കിടയിലൂടെ നിരാശയോടെ നടക്കുന്ന സല്‍മയെ കാണിച്ച് കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. നിരാശയും ദുഃഖവും തളം കെട്ടി നില്‍ക്കുന്ന അവരുടെ മുഖം നമ്മുടെ മനസ്സില്‍ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല.


2008 ഡിസമ്പര്‍ 27ന് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ അധിനിവേശത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ഡോക്യുമെന്ററി സിനിമയാണ് ''ടിയേര്‍സ് ഓഫ് ഗാസ (Tears of Gaza)'. നോര്‍വീജിയന്‍ സംവിധായകനായ വൈബീക്ക് ലോക്ക്‌ബെര്‍ഗ് (Vibeke Løkkeberg) ആണ് സിനിമ സംവിധാനം ചെയ്തത്. ഒരു ഡോക്യുമെന്ററിക്കപ്പുറം മനുഷ്യ സഹനങ്ങളുടെ കണ്ണീരണിയിക്കുന്ന ചിത്രങ്ങളുടെ ബൃഹത്തായ ഒരു ശേഖരമാണ് സിനിമ. ഏകദേശം 22 ദിവസം നീണ്ടു നിന്ന ഇസ്രായേലി ആക്രമണത്തില്‍ 20,000 ഓളം വീടുകള്‍ തകര്‍ക്കപ്പെട്ടുവത്രെ. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 1,387 പേര്‍ കൊല്ലപ്പെട്ടു. അതില്‍ തന്നെ 257 പേര്‍ പതിനാറ് വയസ്സിന് താഴെയുള്ളവരാണ്. അതിന്റെ എത്രയോ ഇരട്ടി പേര്‍ മുറിവേല്‍പ്പിക്കപ്പെട്ടു. ഈ ദാരുണകഥയാണ് യഹ്യ, റസീമാ, മിറ എന്നീ മൂന്ന് കുട്ടികളുടെ അനുഭവസ്മരണകളിലൂടെ ലൂക്ക്‌ബെര്‍ഗ് അവതരിപ്പിക്കുന്നത്. അതോടൊപ്പം ഇരയായ നിരവധി പേരുടെ അനുഭവങ്ങള്‍ അവര്‍ തന്നെ വിവരിക്കുന്നുണ്ട്. കൂടാതെ ആക്രമണങ്ങളുടെ ഫൂട്ടേജും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ഇസ്രായേല്‍ ആക്രമണം നടക്കുന്ന സമയത്ത് ഫലസ്തീനില്‍ പ്രവര്‍ത്തിച്ച നിരവധി പത്രപ്രവര്‍ത്തകരും സാധാരണക്കാരുമൊക്കെ പകര്‍ത്തിയ നിരവധി ഫൂട്ടേജുകള്‍ സിനിമയില്‍ ചേര്‍ത്തിട്ടുണ്ട് ലോക്ക്‌ബെര്‍ഗ്. ഈ ചിത്രം ലോകമെങ്ങുമുള്ള മനുഷ്യര്‍ ഭീതിയോടെയാണ് കണ്ടത്. ഫലസ്തീന്‍ അധിനിവേശങ്ങളുടെ വളരെ സത്യസന്ധമായ അവതരണം സിനിമയില്‍ ദൃശ്യമാണ്. ഇരകളുടെ സംഭാഷണത്തിലൂടെ മാത്രം മുന്നേറുന്ന സിനിമയാണ് ''ടിയേര്‍സ് ഓഫ് ഗാസ''.


പലസ്തീന്‍ - ഡച്ച് സിനിമാ സംവിധായകന്‍ ഹാരി അബു അസ്സദിന്റെ (Hany Abu-Assad) രണ്ട് സിനിമകള്‍ -പാരഡൈസ് നൗ (Paradise Now), ഒമര്‍ (Omar), പലസ്തീന്‍ സിനിമയുടെ ചരിത്രത്തിലെ എടുത്ത് പറയത്തക്ക വിധം മികച്ച അനുഭവങ്ങള്‍ നമുക്ക് പങ്ക് വെക്കുന്ന സിനിമകളാണ്. പലസ്തീന്‍ ജനതയുടെ ജീവിതത്തെ ഇസ്രായേല്‍ അധിനിവേശം എത്രമാത്രം അപകടത്തിലാക്കുന്ന താണ് എന്നാണ് ഈ സിനിമകള്‍ നമുക്ക് കാട്ടിത്തരുന്നത്. കളിക്കൂട്ടുകാരായ സയീദിന്റെയും ഖലീദിന്റെയും കഥയിലൂടെ ഫലസ്തീന്‍ അതിവിപ്ലവകാരികളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്ന സിനിമയാണ് പാരഡൈസ് ഡൗണ്‍. മനുഷ്യ ബന്ധങ്ങളുടെ വിലയും അതില്ലാത്തവരുടെ ആത്മഹത്യാ പ്രവണതയുമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ഇസ്രായേലില്‍ ചാവേര്‍ ആക്രമണത്തിന് തെരെഞ്ഞെടുക്കപ്പെട്ട ഇവരുടെ ദൗത്യത്തിന്റെ വിജയ പരാജയങ്ങളാണ് സിനിമയുടെ കാതല്‍. ഇസ്രായേലില്‍ അരയില്‍ നിര്‍വീര്യമാക്കാന്‍ പറ്റാത്ത ബോംബുമായി എത്തുന്ന ഇവര്‍ക്ക് ആദ്യം ആ ദൗത്യം വിജയിപ്പിക്കാന്‍ കഴിയുന്നില്ല. ഇസ്രായേല്‍ സേനയുടെ കണ്ണില്‍ പെട്ട ഇവര്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ പരസ്പരം വേര്‍പെട്ട് പോകുന്നതും ദേഹത്ത് അപകടകരമായ രീതിയില്‍ ബോംബുമായി സയീദ് അലഞ്ഞ് നടക്കുന്നതുമൊക്കെ നമുക്ക് ഭീതിയോടെ മാത്രമേ കാണാന്‍ കഴിയൂ. സയീദിന്റെ അച്ഛന്‍ ഇസ്രായേലികളുടെ ഒരു ചാരനായതിന്റെ കളങ്കം അവനെ വീണ്ടും ചാവേര്‍ ആക്രമണത്തിന് വിധേയനാകാന്‍ നിര്‍ബന്ധിക്കുന്നു. വീണ്ടും ബോംബുമായി അവര്‍ പോകുന്നുണ്ട്. ചാവേര്‍ ആക്രമണത്തിന് തയ്യാറായി പോകുന്ന ചെറുപ്പക്കാരുടെ മാനസികവും വൈകാര്യവുമായ പ്രശ്‌നങ്ങളെയാണ് ചിത്രം വിശകലനം ചെയ്യുന്നത്.


സ്വന്തം കാമുകിയെ കാണാന്‍ ഇസ്രായേല്‍ നിര്‍മ്മിച്ച കൂറ്റന്‍ മതില്‍ ദിവസേന ഒളിച്ച് കടക്കൂന്ന ഒമറിന്റെ ജീവിതത്തിലൂടെ ഇസ്രായേലി സേന എങ്ങിനെയാണ് ഫലസ്തീനികളെ അവര്‍ക്കെതിരെ തന്നെ ഉപയോഗിക്കുന്നത് എന്നതാണ് ''ഒമര്‍'' എന്ന സിനിമയിലെ വിഷയം. ചെറുപ്പക്കാരെ പരസ്പരം ശത്രുക്കളാക്കി സ്വന്തം ചാരപ്രവര്‍ത്തനം നടത്തുന്ന ഇസ്രായേലി ചാരസംഘടനയുടെ ചതിപ്രയോഗങ്ങളെ തുറന്ന് കാട്ടുന്ന സിനിമയില്‍ നഷ്ടപ്പെടുന്ന ഒരു പ്രണയത്തെയും അവതരിപ്പിക്കുന്നുണ്ട്. സ്വന്തം ചങ്ങാതിയെ തന്നെ ഒറ്റ് കൊടുക്കുന്ന ഫലസ്തീനിയന്‍ സുഹൃത്തും സിനിമയിലുണ്ട്. ഫലസ്തീനിയന്‍ ചെറുപ്പക്കാരെ ഇസ്രായേലി ചാരസംഘടന എങ്ങിനെയാണ് ദുരുപയോഗിക്കുന്നത് എന്നതിന്റെ ദൃഷ്ടാന്തമായി ഈ സിനിമയെ നമുക്ക് കാണാവുന്നതാണ്.


പലസ്തീന്‍ പോരാട്ടം പോലെ തന്നെ ബൃഹത്തായ ഒരു സഞ്ചയമാണ് ഫലസ്തീന്‍ സിനിമയും. അവയിലെ പ്രാതിനിധ്യ സ്വഭാവമുള്ള ഏതാനും സിനിമകള്‍ മാത്രമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എണ്ണിയാലൊടുങ്ങാത്ത നിരവധി സിനിമകള്‍- പ്രകാശിതവും അപ്രകാശിതവുമായ, സിനിമകള്‍ - അടങ്ങിയതാണ് ഫലസ്തീന്‍ സിനിമ. അവയൊക്കെ അപകടകരവുമായ ഒളിവ് ജീവിതത്തിന്റെ കൂടി അടയാളങ്ങളാണ്. 1968 വരെ പലസ്തീനില്‍ നിന്ന് വലിയ തോതില്‍ സിനിമകള്‍ പുറത്തിറങ്ങിയിട്ടില്ല, പ്രത്യേകിച്ചും ഇസ്രായേല്‍ അധിനിവേശം നടന്ന 1948 മുതല്‍ 1968 വരെയുള്ള കാലത്ത്. പിന്നീടാണ് ഫലസ്തീനില്‍ നിന്ന് മികച്ച സിനിമകള്‍ വന്ന് തുടങ്ങിയത്. ഇന്ന് ഫലസ്തീന്‍ സിനിമക്ക് സ്വന്തമായി ഒരു ചലച്ചിത്ര മേള തന്നെയുണ്ട്.

1935 ലെ ഇബ്രാഹിം ഹസ്സന്‍ സിര്‍ഹാനി (Ibrahim Hassan Sirhan) ന്റെ 20മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ തുടങ്ങി റ്റള കദ്ദൗറ (Tala Kaddoura) യുടെ ''ഹൗ ഇസ്രായേല്‍ ഇറാസസ് പലസ്തീനിയന്‍ ഹിസ്റ്ററി (How Israel erases Palestinian History* (2022) വരെ എത്തിനില്‍ക്കുന്ന ഫലസ്തീന്‍ സിനിമക്ക് അടിച്ചമര്‍ത്തലുകളുടെയും കടന്ന് കയറ്റങ്ങളുടെയും പീഢാനുഭവങ്ങളെയാണ് അതിജീവിക്കേണ്ടി വന്നിട്ടുള്ളത്. ആദ്യത്തെ സിനിമ സൗദി രാജകുമാരന്റെ ജെറുസേലം സന്ദര്‍ശനമാണെങ്കില്‍ 2022 ലെ സിനിമ ഫലസ്തീന്‍ ചരിത്രത്തെ എങ്ങിനെ ഭംഗിയായി ഇസ്രായേല്‍ മായ്ച്ചു കളഞ്ഞു എന്നതിന്റെ ശാസ്ത്രീയമായ അന്വേഷണമാണ്. ( *ചിത്രത്തിന്റെ ലിങ്ക് താഴെ).

ഫലസ്തീനിയന്‍-അമേരിക്കന്‍ പണ്ഡിതനും എഴുത്തുകാരനുമായ എഡ്വേര്‍ഡ് സെയ്ദ് (Edward Said) ഫലസ്തീന്‍ ജനതയുടെ സംസ്‌കാരത്തിന്റെയും കലയുടെയും അതിജീവനത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞുഞ്ഞിട്ടുണ്ട്: 'ഇവയെ നിലനിര്‍ത്തുന്ന ഒന്നും ലോകത്ത് ഇല്ലെന്നതാണ് രസകരമായ കാര്യം; നിങ്ങള്‍ അത് പറഞ്ഞുകൊണ്ടിരുന്നില്ലെങ്കില്‍, അത് വീഴുകയും അപ്രത്യക്ഷമാവുകയും ചെയ്യും''. അതുകൊണ്ട് തന്നെ സ്വന്തം സംസ്‌കാരത്തെയും ജീവിതത്തെയും രാജ്യത്തെയും കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തുകയാണ് ഫലസ്തീന്‍ ജനത ചെയ്യുന്നത്. സിനിമയിലൂടെയും കവിതയിലൂടെയും കലയിലൂടെയുമൊക്കെ അവര്‍ അതാണ് നിര്‍വഹിക്കുന്നത്.

https://www.middleeasteye.net/video/how-israel-buries-palestinian-history

Tags:    

Writer - സി.എം ശരീഫ്

contributor

Editor - സി.എം ശരീഫ്

contributor

By - ബാലചന്ദ്രന്‍ ചിറമ്മല്‍

Writer, Film Critic

Similar News

കടല്‍ | Short Story