28.51 കിലോമീറ്റര്‍ മൈലേജ്; ഫ്രോങ്സ് സി.എന്‍.ജി അവതരിപ്പിച്ച് മാരുതി
രണ്ടു വകഭേദങ്ങളിലായി പുറത്തിറങ്ങിയ ഫ്രോങ്‌സിന്റെ സിഗ്മ പതിപ്പിന് 8.41 ലക്ഷം രൂപയും ഡെൽറ്റ പതിപ്പിന് 9.27 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില
മാരുതി സുസൂക്കി ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ക്രോസ് ഓവർ മോഡലാണ് ഫ്രോങ്‌സ്. കുറഞ്ഞ സമയം കൊണ്ടു തന്നെ ജനസ്വീകാര്യത നേടാനും വാഹനത്തിനായി. ഇപ്പോഴിതാ ഫ്രോങ്‌സിന്റെ സി.എൻ.ജി പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മാരുതി സുസൂക്കി. രണ്ടു വകഭേദങ്ങളിലായി പുറത്തിറങ്ങിയ ഫ്രോങ്‌സിന്റെ സിഗ്മ പതിപ്പിന് 8.41 ലക്ഷം രൂപയും ഡെൽറ്റ പതിപ്പിന് 9.27 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഫ്രോങ്‌സിന്റെ പെട്രോൾ പതിപ്പിനേക്കാൾ 95000 രൂപ കൂടുതലുണ്ട് സി.എൻ.ജി വകഭേദത്തിന്.
1.2 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 77.5 പി.എസ് കരുത്തും 98.5 എൻ.എം ടോർക്കും പുറത്തെടുക്കാൻ ഈ എഞ്ചിനാകും. ജിംനിയോടൊപ്പം ജനുവരി 12ന് ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച ഫ്രോങ്‌സ് ഫെബ്രുവരിയിലാണ് വില പ്രഖ്യപിച്ചത്. മാരുതിയുടെ തന്നെ ഗ്രാന്റ് വിറ്റാരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വാഹനത്തിന്റെ മുൻഭാഗം ഡിസൈൻ ചെയ്തത്.
മസ്‌കുലർ ബോഡിയാണ് വാഹനത്തിന്. ഗ്രിൽ, ക്രോം സ്ട്രിപ്, ഡിആർഎൽ, ബോണറ്റ് എന്നിവയ്‌ക്കെല്ലാം വിറ്റാരയോട് സാമ്യമുണ്ട്. മൂന്ന് ചേമ്പറുകളുള്ള ഹെഡ്‌ലൈറ്റ് യൂണിറ്റാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. മസ്‌കുലർ ലുക്കിനായി മുന്നിലും വശങ്ങളിലും പിന്നിലും പ്ലാസ്റ്റിക് ക്ലാഡിങ്ങുകൾ നൽകിയിട്ടുണ്ട്. പുതുമയുള്ള അലോയ് വീലുകളാണ്. 9 ഇഞ്ച് ഫ്‌ലോട്ടിങ് ടച്ച്സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, 360-ഡിഗ്രി ക്യാമറ, ക്രൂസ് കൺട്രോൾ, ആറ് എയർബാഗുകൾ തുടങ്ങി നിരവധി ഫീച്ചറുകൾ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഐഡിൽസ്റ്റാർട് സ്റ്റോപ്പുള്ള 1.2 ലീറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും ഫ്രോങ്‌സിന് മാരുതി നൽകിയിട്ടുണ്ട്. 1 ലീറ്റർ എൻജിൻ 100 എച്ച്പി കരുത്തും 147.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 1.2 ലീറ്റർ എൻജിൻ 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കും നൽകും. ടർബോ പെട്രോൾ എൻജിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്ക് ഗീയർബോക്‌സും ഫ്രോങ്‌സിനുണ്ട്. 1.2 ലീറ്റർ എൻജിനൊപ്പം 5 സ്പീഡ് മാനുവൽ, എ.എം.ടി ഗീയർബോക്‌സുകൾ ലഭിക്കും.