പരിഷ്കാരിയായി കൈനറ്റിക് ഇ-ലൂണയെത്തി
150 കിലോമീറ്റർ വരെയാണ് റേഞ്ച് ലഭിക്കുക
നിങ്ങൾ തമിഴ്നാട്ടിലൂടെ സഞ്ചരിക്കുകയാണെങ്കിൽ ഒരിക്കലെങ്കിലും കൈനറ്റിക് ലൂണ കണ്ടിട്ടുണ്ടാകും. ഒരു മോപഡ് (മോട്ടോർ ഘടിപ്പിച്ച സൈക്കിൾ) ആണെങ്കിലും ഈ വാഹനം ഉപയോഗിക്കുന്ന രീതി ആരെയും അമ്പരപ്പിക്കും. ആളുകളുമായി യാത്ര ചെയ്യാൻ മാത്രമല്ല, നിരവധി സാധനങ്ങൾ കൊണ്ടുപോകാനും ഈ കുഞ്ഞുവാഹനം ഉപയോഗിക്കാറുണ്ട്.
ഇതിന്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കൈനറ്റിക് ഗ്രീൻ. രണ്ട് വേരിയന്റാണ് ഇ-ലൂണ ഇലക്ട്രിക് മോപ്പഡിനുള്ളത്. X1 വേരിയൻ്റിന് 69,990 രൂപയും X2 വേരിയൻ്റിന് 74,990 രൂപയുമാണ് (എക്സ്-ഷോറൂം) വില.
ഇരട്ട ട്യൂബുലാർ സ്റ്റീൽ ചേസിസിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമിച്ചിട്ടുള്ളത്. പിന്നിലെ സീറ്റ് നീക്കാവുന്നതാണ്. ഇതുവഴി കൂടുതൽ സാധനങ്ങൾ കൊണ്ടുപോകാനാകും. 150 കിലോ ഭാരം വഹിക്കാൻ വാഹനത്തിനാകും.
വ്യത്യസ്ത ബാറ്ററി ഓപ്ഷനുകളിൽ ഇ-ലൂണ ലഭ്യമാണ്. 1.7 kWh, 2 kWh എന്നിവ 110 കിലോമീറ്റർ റേഞ്ച് നൽകും. 150 കിലോമീറ്റർ റേഞ്ചുള്ള 3 kWh യൂണിറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 10 പൈസയാണ് ചെലവ് വരികയെന്ന് കമ്പനി അവകാശപ്പെടുന്നു. നാല് മണിക്കൂറാണ് ചാർജിങ് സമയം.
2.2 kW ഹബ് മോട്ടോറാണ് വാഹനത്തിലുള്ളത്. പരമാവധി വേഗത 50 കി.മീ ആണ്. മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമുള്ള 16 ഇഞ്ച് വയർ-സ്‌പോക്ക് വീലിലാണ് ഇ-ലൂണ ചലിക്കുക.
ഡിസ്റ്റൻസ് ടു എംപ്റ്റി ഇൻഡിക്കേറ്ററോട് കൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, യു.എസ്.ബി ചാർജിങ് പോർട്ട്, മൂന്ന് റൈഡിങ് മോഡുകൾ, സൈഡ് സ്റ്റാൻഡ് സെൻസർ, കോമ്പി ബ്രേക്കിംഗ് സിസ്റ്റം എന്നിവയും വാഹനത്തെ വ്യത്യസ്താമക്കുന്നു. മൾബറി റെഡ്, പേൾ യെല്ലോ, നൈറ്റ് സ്റ്റാർ ബ്ലാക്ക്, ഓഷ്യൻ ബ്ലൂ, സ്പാർക്ലിംഗ് ഗ്രീൻ എന്നിങ്ങനെ അഞ്ച് കളറുകളിൽ ഇ-ലൂണ ലഭ്യമാണ്.