റോൾസ് റോയ്സിന്റെ ആദ്യ ഇലക്ട്രിക് കാർ ഇന്ത്യയിൽ; വില 7.50 കോടി
34 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാം
ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ റോൾസ് റോയ്സിന്റെ ആദ്യത്തെ ഇലക്ട്രിക് കാർ ‘സ്പെക്ടർ’ ഇന്ത്യയിൽ അവതരിപ്പിച്ചു. 7.50 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. 2030ഓടെ പൂർണമായും ഇലക്ട്രിക്കിലേക്ക് മാറുന്ന കമ്പനിയുടെ സുപ്രധാന ചുവടുവെപ്പാണിത്.
സ്പിരിറ്റ് ഓഫ് എക്‌സ്‌റ്റസിയോട് കൂടിയ ഐക്കണിക് ഇല്യൂമിനേറ്റഡ് പാന്തിയോൺ ഫ്രണ്ട് ഗ്രില്ലാണ് സ്‌പെക്‌ടറിന് നൽകിയിരിക്കുന്നത്. സ്പ്ലിറ്റ് എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, ചരിഞ്ഞ റൂഫ്‌ലൈൻ, ലംബമായിട്ടുള്ള എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ, 21 ഇഞ്ച് എയ്‌റോ ഡിസൈൻ ചെയ്ത അലോയ് വീലുകൾ എന്നിവയെല്ലാം വാഹനത്തിന്റെ ഭംഗി കൂട്ടുന്നു.
വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡ്യുവൽ-ടോൺ പ്രീമിയം ഇന്റീരിയർ എന്നിവ അകത്ത് പ്രൗഢി നൽകുന്നു. സീറ്റ് അപ്ഹോൾസ്റ്ററിയും മറ്റു ഇന്റീരിയർ പാനലുകളുമെല്ലാം ഇഷ്‌ടാനുസൃതം ഒരുക്കിയെടുക്കാം.
റോൾസ് റോയ്‌സ് 3.0 പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിച്ചിരിക്കുന്നത്. 102kWh ലിഥിയം-അയൺ ബാറ്ററിയാണ് സ്പെക്ടറിന്റെ കരുത്ത്. 195kW ഡി.സി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 34 മിനിറ്റിനുള്ളിൽ 10 ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം.
മുന്നിലും പിന്നിലുമായുള്ള മോട്ടോറുകളിൽനിന്നായി 575 ബി.എച്ച്.പിയും 900 എൻ.എം ടോർക്കും ലഭിക്കുന്നു. 4.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഒറ്റച്ചാർജിൽ 530 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.