ഒറ്റച്ചാർജിൽ 212 കിലോമീറ്റർ; സിംപിൾ എനർജിയുടെ സിംപിൾ വൺ ഇ.വി സ്‌കൂട്ടറെത്തി
തെർമൽ മാനേജ്‌മെൻറ് സിസ്റ്റമുള്ള ആദ്യ ഇ -സ്‌കൂട്ടറായിരിക്കും സിംപിൾ വണെന്നും നിർമാതാക്കൾ
ഒറ്റച്ചാർജിൽ 212 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകുമെന്ന് അവകാശവാദവുമായി സിംപിൾ എനർജി കമ്പനിയുടെ സിംപിൾ വൺ ഇ.വി സ്‌കൂട്ടറെത്തി. ചൊവ്വാഴ്ചയാണ് കമ്പനി സ്‌കൂട്ടർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. പ്രാദേശിക വിപണിയിൽ ഏറ്റവും ദൈർഘ്യമുള്ള റേഞ്ച് ഇലക്ട്രിക് സ്‌കൂട്ടറാകുമിതെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യൻ ഡ്രൈവിംഗ് സാഹചര്യത്തിലും 212 കിലോമീറ്റർ ഓടാൻ കഴിയുമെന്നതിന് പുറമേ തെർമൽ മാനേജ്‌മെൻറ് സിസ്റ്റമുള്ള ആദ്യ ഇ -സ്‌കൂട്ടറായിരിക്കും സിംപിൾ വണെന്നും നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. തെർമൽ റൺവേകളിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്ന തെർമൽ മാനേജ്‌മെൻറ് സംവിധാനം ഇൻഡോർ ഐ.ഐ.ടിയുടെ സഹായത്തോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. മോഡലിൽ ഫിക്‌സഡ്, റിമൂവബിൾ (പോർട്ടബിൾ) ബാറ്ററികൾ സജ്ജീകരിക്കും.
സിംപിൾ വൺ സ്‌കൂട്ടറിന് 1.45 ലക്ഷമാണ് ബംഗളൂരുവിലെ എക്‌സ് ഷോറൂം വില. മോഡൽ പ്രഖ്യാപിച്ച് 21 മാസത്തിന് ശേഷമാണ് ലോഞ്ചിംഗ് നടന്നിരിക്കുന്നത്. 2021 ആഗസ്ത് 15ന് 1.10 ലക്ഷം രൂപയോടെയാണ് കമ്പനി സ്‌കൂട്ടറിന്റെ പുറത്തിറക്കുന്ന വിവരം പ്രഖ്യാപിച്ചിരുന്നത്. ഏതായാലും സ്‌കൂട്ടറിന്റെ വിതരണം ജൂൺ ആറ് മുതൽ തുടങ്ങും. ബംഗളൂരുവിലാണ് ആദ്യം സ്‌കൂട്ടർ ലഭ്യമാകുകയെന്ന് സിംപിൾ എനർജി ഫൗണ്ടറും സി.ഇ.ഒയുമായ സുഹാസ് രാജ്കുമാർ അറിയിച്ചു. വാഹനത്തിന് ഒരു കോടി പ്രീ ബുക്കിംഗ് ലഭിച്ചതായും നേരത്തെ പ്രഖ്യാപിച്ചതിനേക്കാൾ 35,000 രൂപ കൂടുതലുണ്ടെങ്കിലും ഉപഭോക്താക്കൾ ബുക്കിംഗ് റദ്ദാക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 12 മാസത്തിനുള്ളിൽ 40-50 നഗരങ്ങളിൽ റീട്ടെയ്ൽ വിൽപന വിപുലപ്പെടുത്താൻ കമ്പനി ആസൂത്രം ചെയ്യുന്നുണ്ടെന്നും 160-180 റീ ട്ടെയ്ൽ സ്‌റ്റോറുകളുടെ നെറ്റ്‌വർക്ക് സൃഷ്ടിക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ ശൂലാഗിരിയിൽ 110 കോടി മുടക്കി കമ്പനി ഫാക്ടറി സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷമാദ്യത്തിലാണ് ഈ സംരംഭം ഉദ്ഘാടനം ചെയ്തത്. വർഷത്തിൽ അഞ്ച് ലക്ഷം വാഹനം നിർമിക്കാൻ ശേഷിയുള്ളതാണ് ഈ ഫാക്ടറി.
Simple Energy has launched the Simple One EV scooter