ടാറ്റാ കാറുകൾക്ക് തിങ്കളാഴ്ച മുതൽ വിലകൂടും, എത്രയെന്നറിയാം...

ഇതാദ്യമായല്ല ടാറ്റാ മോട്ടോർസ് കാറുകളുടെ വില വർധിപ്പിക്കുന്നത്

Update: 2022-11-05 12:38 GMT
Advertising

ടാറ്റാ മോട്ടോർസിന്റെ പാസഞ്ചർ വാഹനങ്ങൾക്ക് നവംബർ ഏഴുമുതൽ വിലകൂടുമെന്ന് കമ്പനി. 0.9 ശതമാനമാണ് ഓരോ മോഡലിനും വില വർധിക്കുക. വിവിധ വേരിയൻറുകൾക്കും മോഡലുകൾക്കും അനുസരിച്ചാണ് വില വർധന. നിർമാണ ചെലവ് കൂടിയതോടെയാണ് വില വർധിപ്പിക്കുന്നത്. നിർമാണ വസ്തുക്കളുടെ വില വലിയ രീതിയിൽ കൂടിയതോടെയാണ് ചെറിയ രീതിയിൽ വില വർധിപ്പിക്കുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

ഇതാദ്യമായല്ല ടാറ്റാ കാറുകളുടെ വില വർധിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ പാസഞ്ചർ വാഹനങ്ങൾക്ക് 0.55 ശതമാനം വില കൂട്ടിയിരുന്നു. നെക്‌സൺ ഇവി, നെക്‌സൺ ഇവി മാക്‌സ് തുടങ്ങിയവക്കാണ് വില വർധിപ്പിച്ചിരുന്നത്.

കഴിഞ്ഞ കുറച്ചു വർഷത്തിനിടയിൽ ടാറ്റാ മോട്ടോർസ് രാജ്യത്ത് വിജയകരമായി പ്രവർത്തിക്കുന്ന ഓട്ടോമൊബൈൽ നിർമാതാക്കളിൽ ഒന്നായി മാറിയിരുന്നു. നവംബർ ഒന്നായപ്പോഴേക്ക് ആകെ വിൽപ്പനയിൽ 15.49 ശതമാനം വർധനവാണ് നേടിയത്. 2022 ഒക്‌ടോബറിൽ 78335 ആയിരുന്നു ആകെ വിൽപ്പന. കഴിഞ്ഞ വർഷം ഇതേ മാസം 67829 വാഹനങ്ങളാണ് വിറ്റതെന്നും ടാറ്റ മോട്ടോർസ് വ്യക്തമാക്കി.

ഇലക്ട്രിക് വാഹന രംഗത്ത് 157 ശതമാനം വർധനവാണ് കമ്പനി നേടിയത്. കഴിഞ്ഞ മാസം 4277 ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റത്. എന്നാൽ ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ 1660 വാഹനങ്ങളാണ് വിൽക്കാനായിരുന്നത്. രാജ്യത്തെ സുപ്രധാന ഫോർവീൽ ഇലക്ട്രിക് വാഹന നിർമാതാക്കളായിരിക്കുകയാണ് ടാറ്റാ മോട്ടോർസ്. ടൈഗർ ഇവി, നെക്‌സൺ ഇവി, നെക്‌സൺ ഇവി മാക്‌സ് എന്നിങ്ങനെ നിരവധി മോഡലുകളാണ് അവർ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായ ടിയാഗോ ഇവി ഈയടുത്ത് കമ്പനി രംഗത്തിറക്കിയിരുന്നു.

കമ്പനി രാജ്യത്ത് നേട്ടംകൊയ്യുന്നുണ്ടെങ്കിലും വിദേശ കയറ്റുമതിയിൽ ഇടിവ് നേരിട്ടു. 2021 ഒക്‌ടോബറിൽ 230 വാഹനങ്ങൾ വിറ്റപ്പോൾ ഈ വർഷം നവംബറിൽ 206 വാഹനങ്ങളാണ് കയറ്റുമതി ചെയ്യാനായത്. പത്തു ശതമാനം ഇടിവാണ് നേരിട്ടത്.

Tata Motors hikes passenger vehicle prices from November 7, how much...

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News