ദുരിതബാധിതർക്ക് വേണ്ടിയുള്ള വിഭവസമാഹരണം; പ്രവാസി യുവാക്കൾ മുന്നിട്ടിറങ്ങുന്നു
പ്രളയക്കെടുതിയിൽ അകപ്പെട്ട നാടിനെ കരകയറ്റാൻ വേണ്ടിയുള്ള വിഭവസമാഹരണത്തിന് ബഹ് റൈനിലെ ചെറുപ്പക്കാർ മുന്നിട്ടിറങ്ങി.
പ്രളയക്കെടുതിയിൽ അകപ്പെട്ട നാടിനെ കരകയറ്റാൻ വേണ്ടിയുള്ള വിഭവ സമാഹരണത്തിന് ബഹ് റൈനിലെ ചെറുപ്പക്കാർ മുന്നിട്ടിറങ്ങി. ശേഖരിച്ച പത്തൊമ്പതിനായിരം സാനിറ്ററി നാപ്കിനുകൾ നാട്ടിലേക്കയക്കാൻ ഗൾഫ് മാധ്യമവും മീഡിയവണ്ണും ലോട്ടസ് കാർഗോയും ആരംഭിച്ച സംയുക്ത സംരംഭം ഇവർക്ക് തുണയായി.
ദുരിതക്കയത്തിലായ നാടിനു വേണ്ടി എന്തെങ്കിലും ചെയ്യുക - തിരുവനന്തപുരം സ്വദേശി നിധീഷിനാണ് ഇങ്ങിനെയൊരു ആശയം ആദ്യമായി തോന്നിയത്. സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്ന നിരവധി കൂട്ടുകാർ പിന്തുണച്ചതോടെ എല്ലാവർക്കും ആവേശമായി. ഡു ഫോർ കേരള എന്ന പേരിൽ വാട്ട്സപ്പ് ഗ്രൂപ്പുണ്ടാക്കി പ്രവർത്തനം തുടങ്ങി. നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യമായി വരുന്ന വസ്തുക്കൾ നേരിട്ട് ശേഖരിച്ച് അയക്കുവാനായിരുന്നു തീരുമാനം.
ജോലി കഴിഞ്ഞുള്ള ഇടവേളകളിലും വിശ്രമസമയങ്ങളിലും മണിക്കൂറുകളോളം ഈ ചെറുപ്പക്കാർ സൂഖുകളും ടൗണുകളും കയറിയിറങ്ങി സാനിറ്ററി നാപ് കിനുകൾ ശേഖരിച്ചു. പ്രവാസ ലോകത്ത് നിന്ന് ജൻമനാടിന് വിഭവസമാഹരണം ഒരുക്കാനുള്ള കാമ്പയിനിൻ്റെ ഭാഗമായി ഗൾഫ്മാധ്യമവും മീഡിയാവൺ ചാനലും ലോട്ടസ് കാർഗോയും ആരംഭിച്ച സംയുക്ത സംരംഭം നിറഞ്ഞ പിന്തുണയുമായി എത്തിയതോടെ ഉൽപന്നങ്ങൾ നാട്ടിലേക്ക് സൗജന്യമായി എത്തിക്കാൻ അവസരമൊരുങ്ങി. മികച്ച പ്രതികരണമാണ് പ്രവാസികളുടെ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചത്.