കേരളത്തിന്റെ പുനരധിവാസത്തിന് കൂടുതൽ പ്രവാസി കൂട്ടായ്മകൾ രംഗത്ത്
കേരളത്തിന്റെ പുനരധിവാസത്തിനു വേണ്ടി പ്രവാസ ലോകത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൂടുതൽ കൂട്ടായ്മകൾ സജീവമാകുന്നു. ബഹ് റൈനിൽ നിരവധി പ്രവാസി സംഘടനകളാണ് വിഭവസമാഹരണത്തിനായി രംഗത്തുള്ളത്. പ്രളയ ദുരിത ബാധിതർക്ക് വേണ്ടി പരമാവധി വിഭവങ്ങൾ ശേഖരിക്കുവാനും നാട്ടിലേക്ക് അയക്കുവാനുമാണ് പ്രവാസി കൂട്ടായ്മകളുടെ ശ്രമം. ഭക്ഷ്യവസ്തുക്കൾക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകിയതെങ്കിലും ഇപ്പോൾ വീടുകളുടെ ശുചീകരണത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള അവശ്യവസ്തുക്കളാണ് വിവിധ ഭാഗങ്ങളിൽ ശേഖരിക്കപ്പെടുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായങ്ങൾ നൽകാൻ മോഹൻ ലാൽ ആരാധകരുടെ കൂട്ടായ്മ ആരംഭിച്ച 'കെയര്‍ ഫോര്‍ കേരള' എന്ന പദ്ധതിയുടെ ഭാഗമായി ലാൽകെയെർസ് ബഹ്‌റൈൻ ഘടകത്തിൻ്റെ പ്രവർത്തകർ വിഭവങ്ങൾ സമാഹരിച്ച് നാട്ടിലേക്ക്കയച്ചു. 600 കിലോ അവശ്യവസ്തുക്കളാണ് ഇവർ നാട്ടിലെത്തിച്ചത്. ജഗത് കൃഷ്ണകുമാര്‍, എഫ്.എം ഫൈസല്‍, ഷൈജു, ഡിറ്റോ തുടങ്ങിയവർ നേത്യത്വം നൽകി.
രാജ്യത്തെ കോട്ടയം നിവാസികളുടെ കൂട്ടായ്മയായ ബഹ് റൈൻ കോട്ടയം ഫ്രണ്ട്സ് 400 കിറ്റുകളിലായി അവശ്യവസ്തുക്കൾ ശേഖരിച്ച് കോട്ടയം പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തു. വിഭവസമാഹരണത്തിന് ബഹ് റൈനിലെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും പിന്തുണ നൽകിയതായി ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻ്റ് ജെയ്സൽ, സുനിൽ ചെറിയാൻ, മോഹൻ ദാസ് ജോർജ് , ജിജി തുടങ്ങിയവർ നേത്യത്വം നൽകി.