ബഹ്​റൈന്‍റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള തീരുമാനം അംഗീകരിച്ച യു.എസ്​ ​സെനറ്റിന്​ യു.എ.ഇയുടെ അഭിനന്ദനം

അമേരിക്കയുടെ അഞ്ചാം കപ്പൽ പട സ്​ഥിതി ചെയ്യുന്ന ബഹ്​റൈന്‍റെ സുരക്ഷ ഉറപ്പാക്കാൻ ആയുധ ഇടപാട്​ ആവശ്യമാണെന്ന്​ ട്രംപ്​ ഭരണകൂടം തീരുമാനിക്കുകയായിരുന്നു

Update: 2018-11-16 18:20 GMT
Advertising

ബഹ്റൈന്‍ 300 ദശലക്ഷം ഡോളറിന്‍റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള തീരുമാനം അംഗീകരിച്ച യു.എസ് സെനറ്റിന് യു.എ.ഇയുടെ അഭിനന്ദനം. കരാർ തടയാനുള്ള നീക്കം സെനറ്റ് തള്ളിയതോടെയാണ് ബഹ്റൈന്‍ നവീന ആയുധങ്ങൾ ലഭിക്കാനുള്ള അവസരമൊരുങ്ങിയത്.

അമേരിക്കയുടെ അഞ്ചാം കപ്പൽ പട സ്ഥിതി ചെയ്യുന്ന ബഹ്റൈന്‍റെ സുരക്ഷ ഉറപ്പാക്കാൻ ആയുധ ഇടപാട് ആവശ്യമാണെന്ന് ട്രംപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. എന്നാൽ യെമൻ യുദ്ധത്തിൽ ഇടപെട്ട കക്ഷി എന്ന നിലക്ക് ബഹ്റൈനുമായി വൻതുകയുടെ ആയുധ കരാറുമായി മുന്നോട്ടു പോകുന്നത് ദോഷം ചെയ്യുമെന്നായിരുന്നു റിപ്പബ്ലിക്കൻ സെനറ്റർ രാന്‍റ് പോളിന്‍റെ വാദം.

എണ്ണായിരത്തോളം യു.എസ് സൈനികർ തമ്പടിച്ചിരിക്കുന്ന ബഹ്റൈനുമായി അമേരിക്ക രൂപപ്പെടുത്തിയ തന്ത്രപ്രധാന സഹകരണത്തിന് കരാർ ഏറെ പ്രധാനമാണെന്ന് ട്രംപ് ഭരണകൂടം വാദിച്ചു. ഏറ്റവും മികച്ച മിസൈൽ സാങ്കേതികതയും മറ്റും ബഹ്റൈനിൽ ഉറപ്പു വരുത്താൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ് കരാർ.

ഇറാനിൽ നിന്നുള്ള സുരക്ഷാ ഭീഷണി നിലനിൽക്കെ, ബഹ്റൈനുമായി ആയുധ കരാറുമായി മുന്നാട്ടു പോകാനുള്ള യു.എസ് തീരുമാനം ഏറെ സ്വാഗതാർഹമാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. കരാർ പ്രകാരം ഹെലികോപ്ടറുകളും യുദ്ധവിമാനങ്ങളും ഉൾപ്പെടെയുള്ളവ മൂന്നു വർഷത്തിനുള്ളിൽ ബഹ്റൈനിൽ എത്തുമെന്നാണ് വിവരം.

Tags:    

Similar News