ബഹ്റൈന്‍ പാര്‍ലിമെന്‍റ് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്
പാർലിമെന്‍റിലേക്ക് 293 പേരും മുൻസിപ്പൽ കൗൺസിലിലേക്ക് 137 പേരും മൽസരിക്കുന്ന തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച് രാത്രി 8 മണിയോടെയാണ് സമാപിച്ചത്
ബഹ്റൈനിൽ ഇന്ന് നടന്ന അഞ്ചാമത് പാർലമെന്റ് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. 40 പാർലമെന്റ് സീറ്റുകളിലേക്കും 30 അംഗ മുൻസിപ്പൽ കൗൺസിലിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
പാർലിമെന്‍റിലേക്ക് 293 പേരും മുൻസിപ്പൽ കൗൺസിലിലേക്ക് 137 പേരും മൽസരിക്കുന്ന തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച് രാത്രി 8 മണിയോടെയാണ് സമാപിച്ചത്. രാവിലെ മുതൽ തന്നെ മുതിർന്നവരും വനിതകളുമടക്കമുള്ള വോട്ടർമാരുടെ നീണ്ട ക്യൂ വോട്ടിങ് കേന്ദ്രങ്ങളിൽ ദ്യശ്യമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം പതിനാലു പ്രധാന കേന്ദ്രങ്ങളും നാല്പതോളം ഉപകേന്ദ്രങ്ങളുമായി അൻപത്തിനാലിടങ്ങളിലാണ് നാലു ഗവർണറേറ്റുകളിലായി സജ്ജീകരിച്ചത്.
നിലവിൽ മൂന്ന് ലക്ഷത്തി അറുപത്തിനാലായിരം വോട്ടർമാരുള്ള രാജ്യത്ത് വോട്ടെടുപ്പ് തികച്ചും സമാധാനപരമായാണ് നടന്നത്. ആവേശകരമായ പ്രചരണത്തിനൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ ശക്തമായ സുരക്ഷ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യം സ്ഥാനാർഥികളിലുണ്ടായ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 47 വനിതാ സ്ഥാനാർഥികളാണ് മൽസര രംഗത്തുണ്ടായിരുന്നത്.