'2500 പേരെ പിരിച്ചുവിടും'; ലാഭം ലക്ഷ്യമിട്ട് ബൈജൂസിന്റെ പരിഷ്‌കാരങ്ങൾ
ഇന്ത്യയിലും വിദേശത്തുമായി 10,000 അധ്യാപികമാരെയും ബൈജൂസ് പുതുതായി നിയമിക്കും
2500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എഡ്ടെക്ക് സ്ഥാപനമായ ബൈജൂസ്. 5% തൊഴിലാളികൾക്ക് അടുത്ത ആറ് മാസത്തിനുള്ളിൽ ജോലി നഷ്ടപ്പെട്ടേക്കും. 2023 മാർച്ച് മാസത്തോടെ സ്ഥാപനത്തെ ലാഭത്തിൽ എത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. വിദേശത്തും കൂടുതൽ ആളുകളിലേക്ക് ബൈജൂസ് ബ്രാൻഡിനെ എത്തിക്കാൻ പദ്ധതിയുണ്ടെന്നും സഹസ്ഥാപക ദിവ്യ ഗോകുൽനാഥ് അറിയിച്ചു.
ഇന്ത്യയിലും വിദേശത്തുമായി 10,000 അധ്യാപികമാരെയും ബൈജൂസ് പുതുതായി നിയമിക്കും. മാർക്കറ്റിംഗിലും പ്രവർത്തനങ്ങളിലും ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മറ്റു മാർഗങ്ങളും ബൈജൂസ് ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്രാൻഡിനെ കുറിച്ച് ജനങ്ങൾക്ക് കൃത്യമായ അവബോധം നൽകാനായിട്ടുണ്ടെന്നും ദിവ്യ ഗോകുൽനാഥ് പറഞ്ഞു. ഹൈസ്‌കൂൾ വിഭാഗമായ കെ10ന് കീഴിൽ സഹ പ്ലാറ്റ്ഫോമുകളായ മെറിറ്റ്‌നേഷൻ, ട്യൂട്ടർവിസ്റ്റ, സ്‌കോളർ, ഹാഷ്‌ലേൺ എന്നിവയെ ബൈജൂസ് ലയിപ്പിക്കും. അതേ സമയം ആകാശ്, ഗ്രേറ്റ് ലേണിംഗ് എന്നിവ രണ്ട് പ്ലാറ്റ്ഫോമുകളായി തുടരും.
പുതിയ നീക്കം കാര്യക്ഷമത ഉയർത്താനും ചെലവ് നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ബൈജ്യൂസിന്റെ 10000 പുതിയ നിയമനങ്ങളിൽ പകുതിയും ഇന്ത്യയിൽ നിന്നായിരിക്കും. ഇംഗ്ലീഷ് , സ്പാനിഷ് മേഖലയിലും പുതിയ നിയമനങ്ങൾ ഉണ്ടാവും. ലാറ്റിൻ അമേരിക്കൻ മേഖലയിലും പ്രവർത്തനം വ്യാപിപ്പിക്കാൻ ബൈജൂസ് ലക്ഷ്യമിടുന്നുണ്ട്. 2020-21 സാമ്പത്തികവർഷം 4,588 കോടി രൂപയായാണ് ബൈജൂസിന്റെ നഷ്ടം. ഇക്കാലയളവിൽ 2,428 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ വരുമാനം. 2021-22 സാമ്പത്തിക വർഷത്തെ കണക്കുകൾ ബൈജൂസ് പുറത്തുവിട്ടിട്ടില്ല.