ഓഹരികൾ വിൽക്കാൻ ലുലു; ഈ വർഷത്തെ യുഎഇയിലെ ഏറ്റവും വലിയ ഐപിഒ വിൽപന

ലുലു റീട്ടെയിലിന്റെ 25 ശതമാനം ഓഹരികൾ വിറ്റഴിക്കും

Update: 2024-10-21 17:11 GMT
Advertising

ദുബൈ: വ്യവസായി എംഎ യൂസഫലി നേതൃത്വം നൽകുന്ന ലുലു ഗ്രൂപ്പ് ഓഹരികൾ വിറ്റഴിക്കുന്നു. ലുലു റീട്ടെയിൽ ഹോൾഡിങ്‌സിന്റെ പ്രാരംഭ വിൽപനയ്ക്ക് ഒക്ടോബർ 28ന് തുടക്കമാകും. നാളെയാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.

ജിസിസിയിലെ ഹൈപർമാർക്കറ്റ് ഭീമനായ ലുലു റീട്ടെയിൽ ഹോൾഡിങ്‌സ് പ്രാരംഭ ഓഹരി വി്ൽപനയിലൂടെ 25 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. ഒക്ടോബർ 28ന് ആരംഭിക്കുന്ന ഐപിഒ നവംബർ അഞ്ചിന് അവസാനിക്കും. 2.58 ബില്യൺ ഓഹരികളാണ് വിൽപനയ്ക്കുള്ളത്.

അബൂദബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചിലാണ് ലുലു ഗ്രൂപ്പ് ഓഹരികൾ ലിസ്റ്റ് ചെയ്യുന്നത്. പത്ത് ശതമാനം ഓഹരികൾ റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവയ്ക്കും. 89 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കും ഒരു ശതമാനം ജീവനക്കാർക്കും അനുവദിക്കും. ഐപിഒ ആരംഭിക്കുന്നതിന് മുമ്പാണ് ഓഹരി വില പ്രഖ്യാപിക്കുക. എമിറേറ്റ്‌സ് എൻബിഡി ക്യാപിറ്റൽ, എച്ച്എസ്ബിസി ഹോൾഡിങ്, അബൂദബി കമേഴ്‌സ്യൽ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ ഐപിഒക്ക് നേതൃത്വം നൽകും.

ഈ വർഷത്തെ യുഎഇയിലെ ഏറ്റവും വലിയ ഐപിഒയാണ് ലുലുവിന്റേത്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ് ശൃംഖലയായ ലുലുവിന് ആറ് രാജ്യങ്ങളിലായി 240ലേറെ സ്റ്റോറുകളുണ്ട്. യുഎഇയിൽ മാത്രം 103 സ്റ്റോറുണ്ട്. 2022 ലെ കണക്കു പ്രകാരം എട്ട് ബില്യൺ യുഎസ് ഡോളറാണ് ലുലു ഗ്രൂപ്പിന്റെ ആസ്തി, ഏകദേശം 66,000 കോടി ഇന്ത്യൻ രൂപ. റീട്ടെയിൽ ശൃംഖല വ്യാപിപ്പിക്കാനാകും ഐപിഒ വഴി സമാഹരിക്കുന്ന തുക ലുലു ഗ്രൂപ്പ് പ്രയോജനപ്പെടുത്തുക.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News