കോളജ് കാലത്തെ സൈഡ് വര്‍ക്ക് സംരംഭമായി; ചായ വിറ്റ് ഇവര്‍ നേടുന്നത് 3.5 കോടി

Update: 2023-07-06 08:21 GMT
Editor : സബീന | By : Web Desk
Advertising

വിദ്യാഭ്യാസ കാലഘട്ടത്തില്‍ തുടങ്ങുന്ന സൈഡ് വര്‍ക്കുകള്‍ വന്‍കിട ബിസിനസുകളായി മാറുന്ന പല സംരംഭക കഥകളും കേള്‍ക്കാറുണ്ട്. അതുപോലെ ഒരു വന്‍കിട സ്ഥാപനത്തിന്റെ കഥയാണ് ചായ് സേത്ത് എന്ന സംരംഭത്തിന്റെ സംരംഭകര്‍ക്കും പറയാനുള്ളത്. ഷില്ലോങ് സ്വദേശിയായ അര്‍പിത് രാജും കൂട്ടുകാരും തുടങ്ങിയ ചായ് സേത്ത് ചായക്കട കുറഞ്ഞ കാലം കൊണ്ട് വന്‍കിട സംരംഭമാണിന്ന്. ഒരു വര്‍ഷം കൊണ്ട് മൂന്നര കോടിയുടെ വിറ്റുവരവാണ് ഇവര്‍ നേടിയത്.

ഹോസ്റ്റല്‍ ജീവിതവും ടിഫിന്‍ സര്‍വീസും

2015ലാണ് അര്‍പിത് രാജ് ഹോസ്പിറ്റാലിറ്റിയില്‍ ബിബിഎ ബിരുദത്തിന് വേണ്ടി കോളജില്‍ ചേരുന്നത്. ഹോസ്റ്റലില്‍ കൂട്ടുകാര്‍ക്കൊപ്പമായിരുന്നു ജീവിതം. അതുകൊണ്ട് തന്നെ നല്ല ഭക്ഷണം എന്നത് വെറുമൊരു സ്വപ്‌നം മാത്രമായിരുന്നു. നല്ല ഭക്ഷണം തേടി ഷില്ലോങ്ങിലെ സ്ട്രീറ്റുകളില്‍ അന്വേഷണിച്ചു നടക്കല്‍ ഒരു പതിവായിരുന്നുവെന്ന് അര്‍പിത് ഓര്‍ക്കുന്നു. പഠനത്തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും ഫുഡിനെ കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോള്‍ തന്നെ നട്ടപ്പാതിരയാകും. ഹോസ്റ്റലിലെ ഭൂരിഭാഗം ആണ്‍കുട്ടികളും ഫുഡ് കഴിക്കാനായി രാത്രി അലഞ്ഞുതിരിയല്‍ പതിവായിരുന്നു. എന്നാല്‍ നല്ല ലഘുഭക്ഷണം പോലും എവിടെ നിന്നും കിട്ടില്ല. അപ്പോഴാണ് തങ്ങള്‍ അനുഭവിക്കുന്ന ഈ പ്രശ്‌നം മറ്റുപലര്‍ക്കും ഉണ്ടാകില്ലേ എന്ന് ആലോചിച്ചത്. അതൊരു സംരംഭ സാധ്യതയാണെന്ന് അര്‍പിതിനും സുഹൃത്തുക്കള്‍ക്കും തോന്നി. അങ്ങിനെ ഒരു പാര്‍ട് ടൈം ബിസിനസിന് തുടക്കമായി. ഹോസ്റ്റല്‍ മുറിയില്‍ തന്നെ ടിഫിന്‍ ടെലിവറി ആരംഭിച്ചു. രാത്രി കാലങ്ങളില്‍ ഭക്ഷണം വേണ്ടവര്‍ക്ക് വേണ്ടിയായിരുന്നു സംരംഭം.

 

ഓര്‍ഡറുകള്‍ മികച്ച രീതിയില്‍ കിട്ടി തുടങ്ങിയപ്പോള്‍ അര്‍പിതും കൂട്ടുകാരും ഹോസ്റ്റലില്‍ നിന്ന് ഫ്‌ളാറ്റിലേക്ക് താമസം മാറി. അവിടെ ഒരു ബംഗാളി സ്ത്രീയെ പാചകത്തിനായി നിയോഗിച്ചു. ലഘുഭക്ഷണങ്ങള്‍, ഗോബി പറാത്ത, ആലു പറാത്ത തുടങ്ങിയവയൊക്കെ നല്ല രുചികരമായി തന്നെ തയ്യാറാക്കും. ഓര്‍ഡറുകള്‍ എടുത്തു കഴിഞ്ഞാല്‍ അരമണിക്കൂറിനകം ഭക്ഷണം അര്‍പിതും സുഹൃത്തുക്കളും ഡെലിവറി ചെയ്യും. പഠനത്തിനൊപ്പം സംരംഭം നല്ല നിലയില്‍ മുമ്പോട്ട് പോയി. അപ്പോള്‍ ക്യാമ്പസിന് പുറത്ത് എന്തുകൊണ്ട് ഒരു കട ആരംഭിച്ചു കൂടാ എന്നായി ചിന്ത. അപ്പോഴാണ് അതിലുള്ള ഒരു ന്യൂനത അര്‍പിത് തന്നെ മുന്‍കൂട്ടി കണ്ടത്. കാരണം ഭക്ഷണം ആളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും അവരവരുടെ നാട്ടിലെ നാടന്‍ രുചികളോടാണ് പ്രിയം. ഉത്തരേന്ത്യക്കാരന് ഉത്തരേന്ത്യന്‍ രുചികളോടും ദക്ഷിണേന്ത്യക്കാര്‍ക്ക് അവരുടെ രുചികളോടുമാണ് താല്‍പ്പര്യം . ഇത് രണ്ട് കൂടി ഒരുമിച്ച് മുമ്പോട്ട് കൊണ്ടുപോകല്‍ പ്രയാസമാണെന്ന് അര്‍പിത് തിരിച്ചറിഞ്ഞു. എന്നാല്‍ എല്ലാവരും ഒരുമിക്കുന്ന ഒരൊറ്റ രുചി ചായയാണെന്ന് കണ്ടെത്തി. ഇതാണ് പിന്നീട് വലിയൊരു സംരംഭത്തിന്റെ പിറവിയിലേക്ക് നയിച്ചത്.

ചായ താപ്രി ആരംഭിക്കുന്നു

ഷില്ലോങ്ങിലെ തണുത്തുറഞ്ഞ കാലാവസ്ഥയും ചായ വില്‍പ്പനക്ക് സാധ്യത തുറന്നു നല്‍കുന്നു. അങ്ങിനെ നൂറ് ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു സ്ഥലത്ത് അര്‍പിതും അഞ്ച് പേരും ചേര്‍ന്ന് ചായക്കച്ചവടം ആരംഭിച്ചു. അത് നന്നായി തന്നെ മുമ്പോട്ട് പോയി. അപ്പോഴാണ് രാജ്യത്തെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ കാരണം പുറത്തുനിന്നാര്‍ക്കും ഒറ്റയ്ക്ക് കച്ചവടം നടത്താന്‍ ആകില്ലെന്ന നിബന്ധന വരുന്നത്. ചില പ്രാദേശിക സംഘവും തിരക്കുള്ള ചായക്കടയ്ക്ക് പാര വെക്കാന്‍ ആരംഭിച്ചു. ഇതിനിടെ 2018ല്‍ അര്‍പിതും കൂട്ടുകാരും പഠനം പൂര്‍ത്തിയാക്കി. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് വന്നപ്പോള്‍ അങ്ങിനെ സൈഡ് ബിസിനസായി തുടങ്ങിയ ചായക്കട പൂട്ടേണ്ടി വന്നു. എല്ലാവരും തങ്ങളുടെ കോര്‍പ്പറേറ്റ് ജോലികള്‍ക്ക് വേണ്ടി പല നാടുകളിലേക്ക് പോയി. അര്‍പിത് ഡല്‍ഹിയിലേക്കും.

വീണ്ടും സംരംഭക വേഷം

ഡല്‍ഹിയില്‍ സ്റ്റാര്‍ട്ടപ്പുമായി ചേര്‍ന്ന് തന്റെ കരിയര്‍ തുടങ്ങിയ അര്‍പിതിന് അവിടെയും പൂര്‍ണ സംതൃപ്തിയില്ലായിരുന്നു. ഒരു ബിസിനസുകാരന്‍ എപ്പോഴും ബിസിനസിലേക്ക് തന്നെ ചേക്കേറാന്‍ ആഗ്രഹിക്കുമെന്നത് അര്‍പിതിന്റെ കാര്യത്തിലും ശരിയായിരുന്നു. എന്തൊക്കെ ചെയ്തിട്ടും മനസ് വീണ്ടും തന്റെ ചായ ബിസിനസിനൊപ്പം സഞ്ചരിക്കാന്‍ തുടങ്ങിയെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു. അങ്ങിനെ തന്റെ രണ്ട് സുഹൃത്തുക്കളോട് പഴയ സംരംഭത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. ഒരാള്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും മറ്റൊരാള്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായിരുന്നു. ഇരുവരെയും ചായ ബിസിനസിന്റെ വലിയ സാധ്യത ബോധ്യപ്പെടുത്താന്‍ അര്‍പിതിന് കഴിഞ്ഞു. അങ്ങിനെ മൂവരും 'ചായ് സേത്ത്' ന് ഡല്‍ഹിയില്‍ തറക്കല്ലിട്ടു. മറ്റ് ജോലികളെല്ലാം കളഞ്ഞ് സംരംഭത്തിന് വേണ്ടി ഉറച്ചു നിന്നു. കോവിഡ് പ്രതിസന്ധിയായെങ്കിലും അതും മറികടന്ന് മുന്നേറാന്‍ ചായ് സേത്തിനായി. ആദ്യമൊക്കെ ഡല്‍ഹി ഐഐടിയിലെ പ്രൊഫസര്‍മാര്‍ മാത്രമായിരുന്നു തങ്ങളുടെ ഉപഭോക്താക്കള്‍. വ്യത്യസ്ത രുചികളില്‍ ചായ വിളമ്പിയതോടെ ആളുകളുടെ മനം കീഴടക്കാനും സാധിച്ചുവെന്ന് അര്‍പിത് പറയുന്നു. ഇപ്പോള്‍ വിവിധ ഭാഗങ്ങളിലായി 27 ഓളം ഫ്രാഞ്ചൈസികള്‍ ചായ് സേത്തിന് ഉണ്ട്. അമ്പതിനായിരത്തോളം സ്ഥിരം ഉപഭോക്താക്കളുമുണ്ട്. ഡാല്‍ചിനി ടീ, ബട്ടര്‍സ്‌കോച്ച് ടീ, കാളി മിര്‍ച്ച് ടീ, പേരക്ക ചായ തുടങ്ങി 25 ഓളം ടീ മെനുവാണുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം 3.5 കോടി രൂപയുടെ വിറ്റുവരവാണ് ഈ സംരംഭം സ്വന്തമാക്കിയത്. വരും നാളുകളിലും ഫ്രാഞ്ചൈസി വിപുലീകരണമാണ് ഇവരുടെ ലക്ഷ്യം.

Tags:    

Writer - സബീന

Contributor

Editor - സബീന

Contributor

By - Web Desk

contributor

Similar News