ഓഹരി വിഭജനത്തിൽ നേട്ടം കൊയ്ത് കൊച്ചിൻ ഷിപ്‍യാർഡ്
20 ശതമാനമാണ് ഒരു ദിവസം കൊണ്ട് ഓഹരി വിലയിലുണ്ടായ വർദ്ധനവ്
ഓഹരി വിഭജനത്തിന് പിന്നാലെ രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായ കൊച്ചിൻ ഷിപ്‍യാർഡിന്റെ ഓഹരി വിലയിൽ കുതിപ്പ്. 10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപ വിലയുള്ള രണ്ട് ഓഹരികളായി വിഭജിക്കുമെന്ന് കമ്പനി ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. 2024 ജനുവരി പത്ത് മുതലാണ് വിഭജനം നടപ്പാകുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഇന്ന് ഓഹരി വിഭജനത്തോടെ വ്യാപാരം ആരംഭിച്ചതിന് പിന്നാലെയാണ് ഓഹരി വിലയിൽ വൻ കുതിപ്പുണ്ടായത്.
ചൊവ്വാഴ്ച മൂന്ന് ശതമാനം നേട്ടത്തോടെ 1337.4 രൂപയായിരുന്നു ഓഹരി വില. വിഭജനത്തോടെ നേർപകുതിയായ 668.70 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. 802.80 രൂപയിലെത്തിയാണ് വ്യാപാരം അവസാനിച്ചത്. 20 ശതമാനമാണ് ഒരു ദിവസം കൊണ്ട് ഓഹരി വിലയിലുണ്ടായ വർദ്ധനവ്. .
അതെ സമയം 13.15 കോടി ഓഹരികളുണ്ടായിരുന്നത് വിഭജനത്തോടെ 26.31 കോടിയായി.കഴിഞ്ഞ സെപ്റ്റംബർ 30 വരെ 22,00 0കോടി രൂപയുടെ കപ്പൽ നിർമാണ കരാർ കമ്പനിക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിരോധ മന്ത്രാലയവുമായി 488.25 കോടി രൂപയുടെ കരാറും കമ്പനി ഒപ്പിട്ടിരുന്നു. കഴിഞ്ഞ ഡിസംബർ വരെ കമ്പനിയുടെ 72.86 ശതമാനം ഓഹരികൾ പ്രമോട്ടർമാർ കൈവശപ്പെടുത്തിയിരുന്നു.