ധനം ബിസിനസ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു; ശ്യാം ശ്രീനിവാസന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം

ജൂണ്‍ 29ന് നടക്കുന്ന ധനം ബിസിനസ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും

Update: 2024-06-24 14:16 GMT
Advertising

കൊച്ചി: കേരളത്തിലെ ബിസിനസ് മേഖലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കുന്നതും നൂതന ആശയങ്ങള്‍ നടപ്പാക്കുന്നവര്‍ക്കുമായി ധനം ബിസിനസ് മീഡിയ ഏര്‍പ്പെടുത്തിയ 2024ലെ ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ശ്യാം ശ്രീനിവാസനെ ഈ വര്‍ഷത്തെ ധനം ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനായി ജൂറി തെരഞ്ഞെടുത്തതായി ധനത്തിന്റെ ചീഫ് എഡിറ്ററും ചെയര്‍മാനുമായ കുര്യന്‍ എബ്രഹാം അറിയിച്ചു.

ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2024 അവാര്‍ഡിന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാനും മുത്തൂറ്റ് ഫിന്‍കോര്‍പ് മാനേജിങ് ഡയറക്ടറുമായ തോമസ് ജോണ്‍ മുത്തൂറ്റ് അര്‍ഹനായി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യുട്ടിവ് ഡയറക്ടർ എ. ബാലകൃഷ്ണനാണ് ധനം ബിസിനസ് പ്രൊഫഷണല്‍ ഓഫ് ദി ഇയര്‍ 2024.

ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരത്തിന് നെസ്റ്റ് ഗ്രൂപ്പ് സോഫ്‌റ്റ്​വെയര്‍ ബിസിനസ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ നസ്നീന്‍ ജഹാംഗീറിനെ തെരഞ്ഞെടുത്തു. സ്പിന്നര്‍ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ പി.ജെ. ജോർജ് കുട്ടിക്ക് ധനം എസ്.എം.ഇ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരം സമ്മാനിക്കും. ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരത്തിന് ഡോ. എസ്. അനന്തു സ്ഥാപിച്ച സൈലം ലേണിങ്ങിനെ തെരഞ്ഞെടുത്തു.

പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാർട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് അധ്യക്ഷനായ ജൂറിയാണ് ധനം ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മാനേജിങ് ഡയറക്ടർ സി.ജെ. ജോര്‍ജ്, ഗ്രൂപ്പ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.കെ. ദാസ് എന്നിവരാണ് ജൂറിയിലെ മറ്റു അംഗങ്ങള്‍.

ജൂണ്‍ 29ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കൺവെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പതിനാറാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ടാറ്റാ സ്റ്റീലിന്റെ ഗ്ലോബല്‍ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്‍ സമിറ്റില്‍ മുഖ്യാതിഥിയായി സംബന്ധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് എങ്ങനെ ബിസിനസ് വളര്‍ത്താം എന്ന വിഷയത്തെ ആസ്പദമാക്കി രാജ്യാന്തര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദഗ്ധന്‍ ആദിത്യ ബെര്‍ലിയ മാസ്റ്റര്‍ ക്ലാസ് നയിക്കും. ആഗോള ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപകന്‍ എം.പി അഹമ്മദ് പ്രഭാഷണം നടത്തും.

ഡിജിറ്റല്‍ യുഗത്തിലെ ബ്രാന്‍ഡിങ്ങും മാര്‍ക്കറ്റിങ്ങും എന്ന വിഷയത്തെ അധികരിച്ച് ടി.വി.സി ഫാക്ടറി മാനേജിങ് ഡയറക്റ്റര്‍ സിജോയ് വര്‍ഗീസ് നയിക്കുന്ന പാനല്‍ ചര്‍ച്ചയില്‍ ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്‌സ് ലക്ഷ്യ മാനേജിങ് ഡയറക്ടർ ഓര്‍വെല്‍ ലയണല്‍, ഹീല്‍ എന്റര്‍പ്രൈസസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ രാഹുല്‍ മാമ്മന്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് ധനം ബിസിനസ് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം പറഞ്ഞു. ധനം ഓണ്‍ലൈന്‍-ഇംഗ്ലീഷ് അസോസിയേറ്റ് എഡിറ്റര്‍ കെ.പി.എം ബഷീര്‍, ധനം ഓണ്‍ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ എ.എസ് സുരേഷ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News