ഡെബിറ്റ് കാർഡില്ലേ? എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ അറിഞ്ഞിരിക്കാം

എസ്ബിഐ അടക്കമുള്ള പ്രമുഖ ബാങ്കുകളൊക്കെ ഈ സർവീസ് നൽകുന്നുണ്ട്. പ്രധാനപ്പെട്ട രണ്ട് ബാങ്കുകളുടെ എടിഎം കൗണ്ടറിൽ നിന്ന് എങ്ങിനെ ഡെബിറ്റ് കാർഡില്ലാതെ പണം എടുക്കാമെന്ന് ഇവിടെ പറയാം.

Update: 2022-10-11 09:19 GMT
Editor : സബീന | By : Web Desk
Advertising

ബാങ്കിംഗ് സംവിധാനം കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ നടക്കുന്ന ഇക്കാലത്തും എടിഎമ്മിൽ നിന്ന് പണം എടുക്കേണ്ടി വരുന്നു. എന്നാൽ നമ്മൾ അത്യാവശ്യമായി പണമെടുക്കാൻ എടിഎമ്മിലെത്തിയപ്പോൾ ഡെബിറ്റ് കാർഡ് എടുക്കാൻ മറന്നാൽ എന്തുചെയ്യും? ഇപ്പോൾ കാർഡ് ഇല്ലാതെയും പണം എടിഎം കൗണ്ടറിലൂടെ ലഭിക്കും. രാജ്യത്തുള്ള എല്ലാ ബാങ്കുകളും ഡെബിറ്റ് കാർഡ് കൈവശം ഇല്ലെങ്കിലും പണം പിൻവലിക്കാവുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തികൊണ്ടിരിക്കുകയാണ്. എല്ലാ ബാങ്കുകളിലേക്കും ഈ സൗകര്യം എത്തിക്കുമെന്ന് അടുത്തിടെ ആർബിഐയും വ്യക്താക്കിയിരുന്നു. എന്നാൽ കാർഡ് ഇല്ലാതെ തന്നെ എങ്ങിനെ എടിഎം മെഷീനിൽ നിന്ന് പണം എടുക്കാമെന്ന് പലർക്കും അറിയില്ല. എസ്ബിഐ അടക്കമുള്ള പ്രമുഖ ബാങ്കുകളൊക്കെ ഈ സർവീസ് നൽകുന്നുണ്ട്. പ്രധാനപ്പെട്ട രണ്ട് ബാങ്കുകളുടെ എടിഎം കൗണ്ടറിൽ നിന്ന് എങ്ങിനെ ഡെബിറ്റ് കാർഡില്ലാതെ പണം എടുക്കാമെന്ന് ഇവിടെ പറയാം.

 

എസ്ബിഐ

നിങ്ങൾ എസ്ബിഐ ഉപഭോക്താവാണെങ്കിൽ ആദ്യം തന്നെ സ്മാർട്ട് ഫോണിൽ യോനോ ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇതിന് ശേഷം 'യോനോ ക്യാഷ്' ക്ലിക്ക് ചെയ്യണം. യോനോ അക്കൗണ്ട് നമ്പർ തിരഞ്ഞെടുത്ത ശേഷം നിങ്ങൾക്ക് ആവശ്യമുള്ള തുക രേഖപ്പെടുത്തുക. അപ്പോൾ ബാങ്കുമായി രജിസ്ട്രർ ചെയ്ത മൊബൈൽ ഫോൺ നമ്പറിൽ ഒരു എസ്എംഎസ് ലഭിക്കും. ഇതിൽ യോനോ ക്യാഷ് ട്രാൻസാക്ഷൻ നമ്പറും യോനോ ക്യാഷ് പിൻ നമ്പറും ഉണ്ടായിരിക്കും. ഈ മെസേജ് വന്ന് അരമണിക്കൂറിനകം തന്നെ എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിക്കണം.എടിഎം കൗണ്ടറിലെ മെഷീന്റെ സ്‌ക്രീനിൽ'യോനോ ക്യാഷ്' എന്ന് കാണാം. ഇത് സെലക്ട് ചെയ്ത് യോനോ ക്യാഷ് ട്രാൻസാക്ഷൻ നമ്പർ നൽകുക. എത്രയാണോ പിൻവലിക്കേണ്ടത് ആ തുകയും രേഖപ്പെടുത്തണം. അപ്പോൾ 'യോനോ പിൻ' ചോദിക്കും. ഇത് നൽകിക്കഴിഞ്ഞാൽ മെഷീനിൽ നിന്ന് പണം ലഭിക്കും.

 ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് അക്കൗണ്ടാണ് ഉള്ളതെങ്കിൽ 'ഐമൊബൈൽആപ്പ്' ആണ് ഡൗൺലോഡ് ചെയ്യേണ്ടത്. സർവീസസ് എന്ന കാറ്റഗറിയിൽ കാർഡ്‌ലെസ് ക്യാഷ് വിത്ത്‌ഡ്രോവൽ ' ക്ലിക്ക് ചെയ്യുക. ഇതിന് ശേഷം പിൻവലിക്കേണ്ട തുക രേഖപ്പെടുത്തുക. നാലക്കമുള്ള താത്കാലിക പിൻ നമ്പർ നൽകുക. നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം സബ്മിറ്റ് നൽകുക. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയിട്ടുള്ള മൊബൈൽ ഫോൺ നമ്പറിൽ ആറക്കമുള്ള ഡിജിറ്റൽ കോഡ് മെസേജായി ലഭിച്ചിട്ടുണ്ടാകും. ഈ മെസേജിന് ആറ് മണിക്കൂർ വരെ കാലാവധിയുണ്ടാകും. ഐസിഐസിഐ ബാങ്കിന്റെ എടിഎം കൗണ്ടറിലെ മെഷീനിൽ കാർഡ്‌ലെസ് ട്രാൻസാക്ഷൻ തെരഞ്ഞെടുത്ത ശേഷം നേരത്തെ നൽകിയ താത്കാലിക പിൻ നമ്പറും മൊബൈലിൽ സന്ദേശമായി ലഭിച്ച ആറക്ക ഡിജിറ്റൽ കോഡും നൽകിയാൽ പിൻവലിക്കേണ്ട തുക രേഖപ്പെടുത്താൻ ആവശ്യപ്പെടും. ഇത് നൽകി കഴിഞ്ഞാൽ മെഷീനിൽ നിന്ന് പണം ലഭിക്കും.

Tags:    

Writer - സബീന

Contributor

Editor - സബീന

Contributor

By - Web Desk

contributor

Similar News