'ഭൗതിക' സ്വർണമല്ല ഇത് പേപ്പർ ഗോൾഡുകളുടെ കാലം; വലിയ വരുമാനം ഉറപ്പ്
പരമ്പരാഗത രീതിയിൽ ആഭരണങ്ങൾ വാങ്ങിക്കൂട്ടി പണം ചെലവിട്ട് ആവശ്യമുള്ളപ്പോൾ വിൽക്കുന്നത് ഒരു നല്ല നിക്ഷേപകന്റെ രീതിയല്ല. ഭൗതിക ആസ്തിയായി വാങ്ങിക്കൂട്ടാതെ നിലവിൽ സ്വർണത്തിലുള്ള ഡിമാന്റ് മുതലാക്കാൻ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകൾ പരിഗണിക്കാം
പണം സുരക്ഷിതമായ ആസ്തികളിൽ നിക്ഷേപിച്ച് സമ്പാദ്യം വർധിപ്പിക്കാനാണ് നമ്മൾ എപ്പോഴും ആലോചിക്കുന്നത്. സുരക്ഷിതമായ നിക്ഷേപങ്ങളായി നമ്മൾ കണക്കാക്കുന്നത് പലപ്പോഴും സ്വർണാഭരണങ്ങളും റിയൽഎസ്‌റ്റേറ്റ് ആസ്തികളുമൊക്കെയാണ് . എന്നാൽ പരമ്പരാഗത രീതിയിൽ ആഭരണങ്ങൾ വാങ്ങിക്കൂട്ടി പണം ചെലവിട്ട് ആവശ്യമുള്ളപ്പോൾ വിൽക്കുന്നത് ഒരു നല്ല നിക്ഷേപകന്റെ രീതിയല്ല. ഭൗതിക ആസ്തിയായി വാങ്ങിക്കൂട്ടാതെ നിലവിൽ സ്വർണത്തിലുള്ള ഡിമാന്റ് മുതലാക്കാൻ ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകൾ പരിഗണിക്കാം. ഗോൾഡ് ബാറുകൾ വാങ്ങിസൂക്ഷിക്കുന്നതിന് പകരം ഈ പേപ്പർ ഗോൾഡുകളായിരിക്കും കുറച്ചുകൂടി നല്ലത്.
ജിഇടിഎഫ്
ഗോൾഡ് കോയിനും ഗോൾഡ് ബാറുകളുമൊക്കെ വാങ്ങിസൂക്ഷിക്കുന്ന നിക്ഷേപ രീതിയേക്കാൾ കാലത്തിന് അനുയോജ്യമായ സ്വർണ നിക്ഷേപ രീതിയാണിത്. ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് എന്ന നിക്ഷേപ ഉപകരണത്തെ പേപ്പർ ഗോൾഡുകൾ എന്നും വിളിക്കുന്നു. ഇടിഎഫ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലൂടെ വ്യാപാരം നടത്തുന്നതിനാൽ തന്നെ ലിക്വിഡിറ്റി (പണമാക്കി മാറ്റാവുന്ന ആസ്തി) ഉയർന്നതാണ്. നിക്ഷേപകൻ മുടക്കുന്ന പണത്തിന് തുല്യമായി ഫണ്ട് ഹൗസുകൾ സ്വർണം വാങ്ങുകയും ഈ മൂല്യത്തിന് അനുസൃതമായ യൂണിറ്റുകൾ നൽകുകയും ചെയ്യും. സാധാരണഗതിയിൽ ഒരു ഗ്രാം സ്വർണമാണ് ഒരു യൂനിറ്റ്. മ്യൂച്വൽഫണ്ടുകൾക്ക് സമാനമായാണ് ഇത് പ്രവർത്തിക്കുന്നത്. മ്യൂച്വൽഫണ്ടുകൾ മറ്റ് ആസ്തികളിൽ നിക്ഷേപിക്കുമ്പോൾ ഗോൾഡ് ഇടിഎഫ് സ്വർണത്തിൽ നിക്ഷേപിക്കുന്നു. ഇതിന്റെ പൂർണ ഉത്തരവാദിത്തം ഫണ്ട് ഹൗസുകൾക്കാണ്. ടാക്്‌സിന്റെ കാര്യത്തിലും ഈ പേപ്പർ ഗോൾഡുകളാണ് നല്ലത്. ഭൗതിക സ്വർണം വാങ്ങിവെച്ച് മൂന്ന് വർഷത്തിനുള്ളിൽ വിറ്റാൽ നികുതി നൽകേണ്ടതുണ്ട് . എന്നാൽ ഇടിഎഫുകൾക്ക് ഒരു വർഷത്തിനകം വിറ്റാലെ മൂലധന നികുതി നൽകേണ്ടി വരുന്നുള്ളൂ. ഈ പേപ്പർ ഗോൾഡിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം 27 % ആണ്. അടുത്തിടെയായി ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന ആസ്തിയാണിത്. സ്വർണത്തിന് ദിനംപ്രതി വില കൂടിക്കൊണ്ടിരിക്കുമ്പോൾ വരുമാനത്തിന്റെ തോതും വർധിക്കും.
2007ൽ വിപണിയിലിറങ്ങിയ ജിഎടിഎഫുകളുടെ വ്യാപാരത്തിന് ഏഴ് ഫണ്ട് ഹൗസുകളാണ് നിലവിലുള്ളത്. എസ്ബിഐ,റിലയൻസ് മ്യൂച്വൽഫണ്ട്,യുടിഐ മ്യുച്വൽഫണ്ട് എന്നിവയ്ക്കും പേപ്പർ ഗോൾഡുകളുണ്ട്. രാജ്യത്തെ ഏറ്റവും മുമ്പന്തിയിലുള്ള ഇടിഎഫ് ഫണ്ട് ഹൗസ് ബെഞ്ച് മാർക്ക് ഗോൾഡ് ഇടിഎഫ് ആണ്. മികച്ച വരുമാനമാണ് ഇവർ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്.
ഗുണങ്ങൾ
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷനൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഇവ വ്യാപാരം നടത്താം. കുറഞ്ഞ ഫീസ് മാത്രമേ ബ്രോക്കറേജായി ഫണ്ട് ഹൗസുകൾ ഈടാക്കുന്നുള്ളൂ. സാധാരണ 0.5 ശതമാനം മുതൽ ഒരു ശതമാനം വരെയാണ് ബ്രോക്കറേജ് കമ്മീഷൻ. വിപണിയിലെ വില വ്യത്യാസങ്ങൾക്ക് അനുസരിച്ച് യൂണിറ്റിന്റെ നിലവാരത്തിലും മാറ്റങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ സമീപകാലത്തൊന്നും വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ല എന്നതു കൊണ്ട് തന്നെ ഗോൾഡ് ഇടിഎഫുകൾ വലിയ ലാഭം തരും. കൂടാതെ ഓഹരികൾക്ക് സമാനമായി പേപ്പർ ഗോൾഡുകൾ ഡീമാറ്റ് രൂപത്തിലായതിനാൽ ഭൗതിക സ്വർണം പോലെ വലിയ സുരക്ഷയുടെ ആവശ്യമില്ല.