'അപ്രതീക്ഷിത സാഹചര്യം'; ഇസ്രായേലിലെ പ്രവർത്തനം നിർത്തി സാംസങ് കമ്പനി
സാംസങ് നെക്സ്റ്റ് മാനേജിങ് ഡയരക്ടറും വൈസ് പ്രസിഡന്റുമായ ഇയാൽ മില്ലർ കമ്പനി ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് തെൽഅവീവ് ഓഫിസ് പൂട്ടുന്ന വിവരം അറിയിച്ചത്
തെൽഅവീവ്: ഇസ്രായേലിലെ പ്രവർത്തനം നിർത്തി സാംസങ് ഇന്നൊവേഷൻ വിഭാഗം സാംസങ് നെക്സ്റ്റ്. തെൽഅവീവിലെ ഓഫിസ് അടച്ചുപൂട്ടും. ഗസ്സയിൽ നടക്കുന്ന കൂട്ടക്കുരുതിക്കിടെ ഇസ്രായേലില്‍നിന്നു പിൻവാങ്ങുന്ന ഒടുവിലത്തെ ആഗോള കുത്തക കമ്പനിയാണ് സാംസങ് നെക്സ്റ്റ്. അപ്രതീക്ഷിതമായ സാഹചര്യത്തിലാണു നടപടിയെന്നാണ് അധികൃതര്‍ അറിയിച്ചത്.
സാംസങ് നെക്സ്റ്റ് മാനേജിങ് ഡയരക്ടറും വൈസ് പ്രസിഡന്റുമായ ഇയാൽ മില്ലർ കമ്പനി ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് പ്രവർത്തനം നിർത്തുന്ന വിവരം അറിയിച്ചതെന്ന് ഇസ്രായേൽ ബിസിനസ് വെബ് പോർട്ടൽ 'കാൽകാലിസ്‌ടെക്' റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി തെൽഅവീവിലെ ഓഫിസിൽ അത്യാവശ്യം വേണ്ട മാറ്റങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന് സന്ദേശത്തിൽ അദ്ദേഹം സൂചിപ്പിച്ചു. നേരത്തെ പ്രവചിക്കാൻ കഴിയാത്തൊരു സാഹചര്യമാണെന്നും ഇയാൽ പറഞ്ഞു.
നേരത്തെ സഹകരണമുള്ള കമ്പനികൾക്കു നൽകിവരുന്ന സേവനം നിർത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 70 ഇസ്രായേൽ കമ്പനികളിൽ സാംസങ് നെക്സ്റ്റ് നിക്ഷേപം നടത്തിയിട്ടുണ്ട്. ഇവർക്കുള്ള സേവനം യു.എസിലെ ആസ്ഥാനത്തുനിന്ന് തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇസ്രായേലിൽ ഇനി സാംസങ് നെക്സ്റ്റ് നേരിട്ട് പ്രവർത്തിക്കില്ലെങ്കിലും മേഖലയിൽ നിക്ഷേപം തുടരുമെന്നും ഇ-മെയിലിൽ ഇയാൽ മില്ലർ വ്യക്തമാക്കി.
ശൈശവദശയിലുള്ള കമ്പനികൾക്കും സ്റ്റാർട്ട്അപ്പുകൾക്കും സാമ്പത്തിക പിന്തുണ നൽകി ബിസിനസ് രംഗത്ത് മികവിലെത്തിക്കുകയാണ് സാംസങ് നെക്സ്റ്റ് ചെയ്യുന്നത്. നിർമാണ രംഗത്ത് ഉൾപ്പെടെയുള്ള നിരവധി ഇസ്രായേൽ സ്ഥാപനങ്ങളിൽ കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. കാലിഫോർണിയ ആസ്ഥാനമായുള്ള നെക്സ്റ്റിന് ദക്ഷിണ കൊറിയയിലും തെൽഅവീവിലുമാണ് ഓഫിസുകളുണ്ടായിരുന്നത്.
ഗസ്സ ആക്രമണത്തെ തുടർന്ന് ഇസ്രായേൽ സമ്പദ്ഘടന നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ തുടർച്ചയായാണ് സാംസങ് നെക്സ്റ്റിന്റെ പിന്മാറ്റമെന്നാണ് ഇസ്രായേൽ ബഹിഷ്‌ക്കരണ പ്രസ്ഥാനമായ ബോയ്‌കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആൻഡ് സാങ്ഷൻസ്(ബി.ഡി.എസ്) പ്രതികരിച്ചത്. യുദ്ധത്തെ തുടർന്ന് ഇസ്രായേൽ വിനോദ സഞ്ചാര മേഖല തകർന്നടിയുമ്പോഴാണ്് സാമ്പത്തികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. ഇസ്രായേൽ സമ്പദ്ഘടനയിൽ ആഗോളകമ്പനികളുടെ വിശ്വാസം നാടകീയമായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിന്റെ മറ്റൊരു ശക്തമായ തെളിവാണിതെന്ന് ബി.ഡി.എസ് അഭിപ്രായപ്പെട്ടു. 2022നെ അപേക്ഷിച്ച് 2023ൽ ഇസ്രായേൽ ടെക് കമ്പനികളിലുള്ള വിദേശനിക്ഷേപം 56 ശതമാനമായി കുത്തനെ ഇടിഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ ഇപ്പോൾ സ്റ്റാർട്ട്അപ്പ് സൗഹൃദ രാജ്യമല്ലെന്നും കടുത്ത രാഷ്ട്രീയ, സാമൂഹിക, അന്താരാഷ്ട്ര പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന രാജ്യമാണെന്നും പ്രതിപക്ഷ നേതാവായ യെയ്ർ ലാപിഡ് നേരത്തെ വിമർശിക്കുകയും ചെയ്തിരുന്നു.
Summary: 'An outcome we could not have predicted': Samsung Next shutting down Israel operations