ആ വരവില്‍ തനിക്കൊരു ലക്ഷ്യമുണ്ടായിരുന്നു; തമീം ഇഖ്ബാല്‍
ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് തമീം ഇഖ്ബാല്‍ ഒറ്റക്കൈയില്‍ ബാറ്റേന്തിയത്.
പൊട്ടിയ കൈയുമായി ബാറ്റേന്തിയ ബംഗ്ലാദേശ് താരം തമീം ഇഖ്ബാലിനെ പ്രശംസയാല്‍ മൂടുകയാണ് ക്രിക്കറ്റ് ലോകം. ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലാണ് തമീം ഇഖ്ബാല്‍ ഒറ്റക്കൈയില്‍ ബാറ്റേന്തിയത്. ആ സംഭവത്തിന് ശേഷം തമീം പറയുന്നത് ഇങ്ങനെ, ഏഷ്യാ കപ്പില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു, ആ നമിഷം വികാരത്തിന് അടിമപ്പെടുകയായിരുന്നു ഞാന്‍, ഒരു പന്ത് എനിക്ക് നേരിടാന്‍ സാധിച്ചാല്‍ അഞ്ചോ പത്തോ റണ്‍സ് അധികം ലഭിക്കും, അത് ടീമിന് സഹായകരമാകും, ഒരു പന്തെങ്കിലും നേരിടാനാവുമെങ്കില്‍ പിന്നെ ഞാനെന്തിന് അത് വേണ്ടെന്ന് വെക്കണമെന്നും തമീം പറഞ്ഞു.
മുസ്തഫിസുര്‍ പുറത്തായതിന് ശേഷം മുറിഞ്ഞ കൈയുമായി ക്രീസിലേക്ക് വരുമ്പോള്‍ എന്തു സംഭവിക്കും എന്നറിയില്ലായിരുന്നു, പക്ഷേ കാര്യങ്ങള്‍ ശുഭകരമായെന്നും തമീം വ്യക്തമാക്കി. തമീമിനെ ഒരറ്റത്ത് നിര്‍ത്തിയായിരുന്നു വിക്കറ്റ് കീപ്പറും മുന്‍ നായകന്‍ കൂടിയായ മുഷ്ഫിഖുര്‍ റഹീം തകര്‍ത്തുകളിച്ചത്. ഈ കൂട്ടുകെട്ടാണ് ടീം സ്‌കോര്‍ 260 കടത്തിയതും. മത്സരത്തില്‍ മുഷ്ഫിഖുര്‍ റഹീം സെഞ്ച്വറി നേടിയിരുന്നു. 150 പന്തില്‍ നിന്ന് 144 റണ്‍സാണ് താരം നേടിയത്.
ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ പരിക്കേറ്റ തമീം ഇഖ്ബാല്‍ കളം വിടുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ താരത്തിന് ഇനിയുള്ള മത്സരവും നഷ്ടമാവും. 137 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 262 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.