ഏകദിന ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു, ബൗളിംങ് നിരയില്‍ പരീക്ഷണം

വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ ബൗളര്‍മാരിലാണ് സെലക്ടര്‍മാര്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.

Update: 2018-10-11 16:07 GMT
Advertising

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനപരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തിയപ്പോള്‍ ബൗളര്‍മാരിലാണ് സെലക്ടര്‍മാര്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.

ദിനേശ് കാര്‍ത്തികിന് പകരക്കാരനായി അരങ്ങേറ്റക്കാരന്‍ ഋഷഭ് പന്ത് ടീമില്‍ ഇടം നേടിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ധോണി തന്നെ. പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറിനും ജസ്പ്രീത് ബുംറക്കും വിശ്രമം അനുവദിച്ചതാണ് ബൗളിംങില്‍ വരുത്തിയ പ്രധാന മാറ്റം. ഇരുവര്‍ക്കും പകരം ശാര്‍ദൂല്‍ ഥാക്കൂറും ഖലീല്‍ അഹമ്മദും ടീമിലെത്തി. മുഹമ്മദ് ഷമിയായിരിക്കും വിന്‍ഡീസിനെതിരെ ഇന്ത്യന്‍ പേസ് ആക്രമണം നയിക്കുക. 2017ല്‍ ആസ്‌ത്രേലിയക്കെതിരെ അവസാന ഏകദിനം കളിച്ച ഷമി ഇടവേളക്കുശേഷമാണ് ഏകദിനടീമിലെത്തുന്നത്.

പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയേയും കേദാര്‍ ജാദവിനേയും പരിഗണിച്ചില്ല. ഏഷ്യ കപ്പിലൂടെ ഏകദിനത്തില്‍ തിരിച്ചുവരവ് നടത്തിയ ജഡേജ ടീമിലെ സ്ഥാനം നിലനിര്‍ത്തി. പേസിലെ ആശ്വാസം സ്പിന്‍ നിരയില്‍ വെസ്റ്റ് ഇന്‍ഡീസിന് ലഭിക്കില്ല. ചാഹല്‍ - കുല്‍ദീപ്- ജഡേജ സ്പിന്‍ ത്രയത്തിന്റെ ആക്രമണമാകും വെസ്റ്റ് ഇന്‍ഡീസ് നേരിടേണ്ടി വരിക.

ഗുവാഹട്ടിയില്‍ ഒക്ടോബര്‍ 21നാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനം. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരം നവംബര്‍ ഒന്നിന് തിരുവനന്തപുരത്തുവെച്ചാണ്.

ഏകദിനപരമ്പരക്കുശേഷം മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയും വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ കളിക്കും.

ഇന്ത്യ ടീം: കോഹ്‌ലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈ. ക്യാപ്റ്റന്‍), ധവാന്‍, റായുഡു, മനീഷ് പാണ്ഡേ, ധോണി(കീപ്പര്‍), പന്ത്, ജഡേജ, ചഹാല്‍, കുല്‍ദീപ് യാദവ്, ഷാമി, ഖലീല്‍ അഹമ്മദ്, ശാര്‍ദുല്‍ ഥാക്കൂര്‍, കെ.എല്‍ രാഹുല്‍.

Tags:    

Similar News