വമ്പ് കാട്ടി വിന്‍ഡീസ്; ഇന്ത്യ 367ന് പുറത്ത്, ലീഡ് 56
മൂന്നാം ദിനം ആദ്യ സെഷന് 56 റണ്‍സിന്റെ ലീഡ് ഇന്ത്യ സ്വന്തമാക്കിയെങ്കിലും തിളങ്ങിയത് വിന്‍ഡീസ്.
മൂന്നാം ദിനം ആദ്യ സെഷന്‍ വിന്‍ഡീസ് സ്വന്തമാക്കി. 56 റണ്‍സിന്റെ ലീഡ് ഇന്ത്യ നേടിയെങ്കിലും തിളങ്ങിയത് വിന്‍ഡീസ്. ഇന്ത്യയെ 367ന് പുറത്താക്കിയ വിന്‍ഡീസ് ഇന്ന് ഇന്ത്യയുടെ ആറു വിക്കറ്റുകള്‍ വേഗത്തില്‍ വീഴ്ത്തുകയും ചെയ്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറാണ് ഇന്ത്യയെ കുഴക്കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തി ഗബ്രിയേല്‍ ഉറച്ച പിന്തുണ നല്‍കി.
നാലിന് 308 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യക്ക് അധികം പിടിച്ചുനില്‍ക്കാനായില്ല. ആറ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ചാം വിക്കറ്റ് നഷ്ടം. പ്രതീക്ഷിക്കാതെ വന്നൊരു ബൗണ്‍സ് പന്തിന് ബാറ്റ് വെച്ച രഹാനയെ ഹോള്‍ഡര്‍ മടക്കി. 80 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അതെ സ്‌കോറിന് നേരിട്ട രണ്ടാം പന്തില്‍ തന്നെ രവീന്ദ്ര ജഡേജയും മടങ്ങി. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന പന്തിന് രാജ്‌കോട്ടിലെന്ന പോലെ ഇവിടെയും കാലിടറി. 92ല്‍ പന്തിനെ ഉജ്വല ക്യാച്ചിലൂടെ ഹെറ്റ്മയര്‍ പുറത്താക്കി.
അതോടെ ഇന്ത്യ അപകടം മണത്തു. പിന്നാലെ വന്നവര്‍ക്കൊപ്പം അശ്വിന്‍ അല്‍പം സമയം പിടിച്ചുനിന്നതാണ് ഇന്ത്യന്‍ ലീഡ് 50 കടത്തിയത്. അശ്വിന്‍ 35 റണ്‍സ് നേടി അവസാനമായി പുറത്തായതോടെ ആ ചെറുത്തുനില്‍പും കഴിഞ്ഞു. നേരത്തെ ഉമേഷ് യാദവിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ സഹായത്തിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 311 റണ്‍സില്‍ ഒതുക്കിയത്. പിച്ച് പേസര്‍മാരെ സഹായിക്കുന്നതിനാല്‍ ഇന്ത്യന്‍ പേസര്‍മാരെ നേരിടുന്നതിനനുസരിച്ചാവും വിന്‍ഡീസിന്റെ കുതിപ്പ്.