കോഹ്‌ലിയുടെ ഹാട്രിക് സെഞ്ചുറിക്കും മേലെ വിന്‍ഡീസ് ‘ഹോപ്’
ഷായ് ഹോപ്പ് നേടിയ 95 റണ്‍സിന്റെ സഹായത്തില്‍ 50 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 9ന് 283 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി കോഹ്‌ലി(107) സെഞ്ചുറി നേടിയെങ്കിലും ടീം സ്‌കോര്‍ 240 റണ്‍സില്‍
പൂനെ ഏകദിനത്തില്‍ 43 റണ്‍സിന് വിജയിച്ച് ഇന്ത്യക്കെതിരായ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് 'ഹോപ്' നിലനിര്‍ത്തി. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പ് നേടിയ 95 റണ്‍സിന്റെ സഹായത്തില്‍ 50 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് 9ന് 283 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യക്കുവേണ്ടി ക്യാപ്റ്റന്‍ കോഹ്‌ലി(107) സെഞ്ചുറി നേടിയെങ്കിലും ടീം സ്‌കോര്‍ 240 റണ്‍സില്‍ അവസാനിച്ചു. വെസ്റ്റ് ഇന്‍ഡീസിന് 43 റണ്‍സിന്‍റെ ജയം.
തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലും സെഞ്ചുറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പുറത്താകലാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. ആദ്യ ഏകദിനത്തില്‍ 140 ഉം രണ്ടാം ഏകദിനത്തില്‍ 157*ഉം റണ്‍സ് അടിച്ചുകൂട്ടിയ കോഹ്‌ലി മൂന്നാം ഏകദിനത്തില്‍ 107 റണ്‍സ് നേടി. 41ആം ഓവറിലെ രണ്ടാം പന്തിലാണ് സാമുവല്‍സ് വിന്‍ഡീസ് ഏറെ കൊതിച്ച കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. സാമുവല്‍സിന്റെ വിക്കറ്റ് ടു വിക്കറ്റ് ബോള്‍ പുള്‍ ചെയ്യാനുള്ള ശ്രമത്തിനിടെ കോഹ്‌ലിക്ക് പിഴച്ചപ്പോള്‍ മിഡില്‍ സ്റ്റംമ്പ് തന്നെ തെറിച്ചു.
കോഹ്‌ലിക്ക് പുറമേ ധവാനും(35), റായുഡുവും(22), പന്തും(24) മാത്രമാണ് ഭേദപ്പെട്ട പ്രകടനമെങ്കിലും കാഴ്ച്ചവെച്ചത്. മൂന്നാമനായിറങ്ങിയ കോഹ്‌ലിക്ക് ധവാനില്‍ നിന്നു മാത്രമാണ് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടിന്റെയെങ്കിലും പിന്തുണ ലഭിച്ചത്. വിന്‍ഡീസ് നിരയില്‍ ഹോള്‍റും മകോയെയും നര്‍സും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. എങ്കിലും 42ആം ഓവറില്‍ ആദ്യ ഓവര്‍ എറിയാനെത്തി കോഹ്‌ലിയുടെ അടക്കം മൂന്നു വിക്കറ്റുകള്‍ 3.4 ഓവറില്‍ വീഴ്ത്തിയ സാമുവല്‍സാണ് വിന്‍ഡീസ് ബൗളര്‍മാരില്‍ അപ്രതീക്ഷിത താരമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷായ് ഹോപ്പിന്റെ (95) ബാറ്റിംങ് മികവിലാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സെടുത്തത്. ഇന്ത്യക്കുവേണ്ടി നാല് വിക്കറ്റെടുത്ത ജസ്പ്രീത് ഭുംറ ബൗളിംങില്‍ തിളങ്ങി.
ഓപണര്‍ ഹേംരാജിനെ(15) ബുംറയുടെ പന്തില്‍ പറന്നുപിടിച്ച് ധോണിയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷകളെ ഷായ് ഹോപിന്റെ ബാറ്റിംങാണ് മുന്നോട്ടു നയിച്ചത്. 113 പന്തില്‍ 95 റണ്‍സ് നേടിയ ഹോപിനെ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ ബുംറ മടക്കി. ആറ് ബൗണ്ടറിയും മൂന്നു സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഹോപിന്റെ ഇന്നിംങ്‌സ്.
പിന്നീട് ഹെറ്റ്‌മെയറും(21 പന്തില്‍ 37)ക്യാപ്റ്റന്‍ ഹോള്‍ഡറും(32) വാലറ്റത്ത് നര്‍സും(22 പന്തില്‍ 40 റണ്‍സ്) ചേര്‍ന്നാണ് വിന്‍ഡീസ് സ്‌കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചത്. അവസാന പത്ത് ഓവറില്‍ 72 റണ്‍സാണ് വിന്‍ഡീസ് വാലറ്റം അടിച്ചുകൂട്ടിയത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 49ആം ഓവറില്‍ നിന്നും 21 റണ്‍സാണ് ആഷ്‌ലി നേര്‍സും കെമാര്‍ റോച്ചും നേടി. ഭുവിയുടെ 10 ഓവറില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് 70 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു. അതേസമയം പത്ത് ഓവറില്‍ വെറും 35 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ബുംറ നാല് വിക്കറ്റ് വീഴ്ത്തിയത്. അവസാന ഓവറുകളിലെ ഭുംറയുടെ പ്രകടനമാണ് വിന്‍ഡീസ് സ്‌കോര്‍ 283ല്‍ ഒതുക്കിയത്.
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര ഇപ്പോള്‍ 1-1ന് സമനിലയിലാണ്. ആദ്യ ഏകദിനം ഇന്ത്യ 8 വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം ഏകദിനം സമനിലയില്‍ അവസാനിച്ചിരുന്നു.