തല്ലി തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് ഇവിടൊരു ക്യാപ്റ്റനുണ്ട്

മൂന്നാം വിക്കറ്റിൽ 134 റൺസ് ചേർത്ത സഖ്യം, വനിതാ ടി20യിലെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

Update: 2018-11-10 05:46 GMT
Advertising

എെ.സി.സിയുടെ വനിതാ ലോകകപ്പിൽ ആവേശോജ്വല തുടക്കമാണ് ഇന്ത്യൻ പുലിക്കുട്ടികൾ കാഴ്ച്ച വെച്ചിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ കിവീസിനെതിരായ മത്സരത്തിലുടനീളം ആക്രമണലോത്സുകത കാത്തുസൂക്ഷിച്ച ഇന്ത്യ, 194 റൺസാണ് അടിച്ചു കൂട്ടിയത്. ഇതിൽ ഏറ്റവും ശ്രദ്ധേയം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ വെടിക്കെട്ട് ബാറ്റിങ് തന്നെയായിരുന്നു. ന്യൂസിലാൻഡ് ബോളിങ് നിരയെ തലങ്ങും വിലങ്ങും അടിച്ചു പറത്തിയ ഹർമൻപ്രീത്, 51 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറികളും, എട്ട് കൂറ്റൻ സിക്സറുകളും ഉളപ്പടെ, 103 റൺസാണ് അടിച്ചു കൂട്ടിയത്. അങ്ങനെ ടി20യിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഹർമാൻപ്രീത് സ്വന്തം പേരിൽ ചേർത്തു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹർമീൻപ്രീതിന്റെ തീരുമാനം തെറ്റായിപ്പോയി എന്ന നിലയിലുള്ള തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്കോർബോർഡിൽ 40 റൺസ് കൂട്ടിചേർക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി പ്രതിരോധത്തിലായ ടീമിനെ, ജമീമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് കരകയറ്റുകയായിരുന്നു ക്യാപ്റ്റൻ ഹർമൻപ്രീത്. മൂന്നാം വിക്കറ്റിൽ 134 റൺസ് ചേർത്ത സഖ്യം, വനിതാ ടി20യിലെ റെക്കോർഡ് കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. വ്യക്തിഗത സ്കോർ 59ൽ നിൽക്കേ, ജമീമ പുറത്താവുമ്പോൾ ടീമിന്റെ സമ്പാദ്യം 174 റൺസായി തീര്‍ന്നിരുന്നു. 45 പന്തിൽ നിന്നും ഏഴു ബൗണ്ടറികളാണ് ആ പതിനെട്ടുകാരി അടിച്ചു കൂട്ടിയത്.

ഗ്രൂപ്പ് ബിയിൽ ഇന്ത്യക്ക് പുറമെ, ആസ്ത്രേലിയ, അയർലാൻഡ്, ന്യൂസിലാൻഡ്, പാകിസ്താൻ എന്നീ ടീമുകളാണ് ഉള്ളത്. ഇതിൽ പാകിസ്താനെ 52 റൺസിന് ആസ്ത്രേലിയ പരാജയപ്പെടുത്തിയപ്പോൾ, ‘ഗ്രൂപ്പ് എ’ മത്സരത്തിൽ ബംഗ്ലാദേശിനെ 60 റൺസിന് വിൻഡീസ് പരാജയപ്പെടുത്തി. നവംബർ പതിനൊന്ന് ഞായറാഴ്ച്ച ബദ്ധവെെരികളായ പാകിസ്താനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Tags:    

Similar News