ഐ.പി.എല്‍: ഗംഭീറിനെ ഡല്‍ഹി ഒഴിവാക്കിയേക്കും
അടുത്ത മാസമാണ് ഐ.പി.എല്‍ 2019ലേക്കുള്ള താര ലേലം നടക്കുന്നത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് തവണ ഐ.പി.എല്‍ കിരീടം നേടിക്കൊടുത്ത നായകന്‍ ഗൗതം ഗംഭീറിനെ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ഒഴിവാക്കിയേക്കും. 2.80 കോടിക്കാണ് ഗംഭീറിനെ കഴിഞ്ഞ സീസണില്‍ ഡല്‍ഹി, സ്വന്തം തട്ടകത്തിലേക്ക് തിരിച്ചെത്തിക്കുന്നത്. അടുത്ത മാസമാണ് ഐ.പി.എല്‍ 2019ലേക്കുള്ള താര ലേലം നടക്കുന്നത്. മുംബൈ മിറര്‍ റിപ്പോര്‍ട്ടിലാണ് ഗംഭീറിനെ ഡല്‍ഹി ഒഴിവാക്കുന്നുവെന്ന സൂചനകള്‍ നല്‍കുന്നത്. കഴിഞ്ഞ സീസണില്‍ ഗംഭീറിന് കീഴില്‍ ഡല്‍ഹിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. ആറ് കളികളില്‍ അഞ്ചിലും ഡല്‍ഹി തോറ്റു. പിന്നാലെ നായകസ്ഥാനം ഒഴിഞ്ഞ ഗംഭീര്‍ ചുമതല യുവതാരം ശ്രേയസ് അയ്യറിന് കൈമാറുകയായിരുന്നു.
എന്നിട്ടും ഡല്‍ഹിക്ക് രക്ഷയുണ്ടായില്ല എന്നത് വേറെ കാര്യം. നായകസ്ഥാനത്ത് നിന്ന് ഒഴിഞ്ഞെങ്കിലും പ്ലെയിങ് ഇലവനില്‍ പോലും ഗംഭീറിന് ഇടം നേടാനായിരുന്നില്ല. ഒഴിവാക്കിയതല്ല, മറിച്ച് സ്വയം തീരുമാനമെടുത്ത് ഗംഭീര്‍ പ്ലെയിങ് ഇലവനില്‍ നിന്ന് മാറിനിന്നതെന്നാണ് പരിശീലകന്‍ റിക്കിപോണ്ടിങ് വ്യക്തമാക്കിയിരുന്നത്. അതിനാല്‍ തന്നെ ഗംഭീറിനെ ഇക്കുറി ഡല്‍ഹി നിലനിര്‍ത്തിയേക്കില്ല, അങ്ങനെയെങ്കില്‍ ഐ.പി.എല്‍ ലേലത്തില്‍ ഗംഭീര്‍ എത്തും. നിലവിലെ ഫോമില്‍ ഗംഭീറിനെ ആരെങ്കിലും ടീമിലെടുക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. ആസ്‌ട്രേ ലിയയുടെ ഗ്ലെന്‍ മാക്‌സ് വെല്‍, ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ്, ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസ് എന്നിവരെയും ഡല്‍ഹി വിട്ടുനല്‍കുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മോശം ഫോം തന്നെയാണ് മൂവരെയും ഒഴിവാക്കുന്നതിലേക്ക് ഡല്‍ഹിയെ പ്രേരിപ്പിക്കുന്നത്. ഗംഭീറിനെ സംബന്ധിച്ചിടത്തോളം ആഭ്യന്തര മത്സരങ്ങളിലും താരത്തിന് തിളങ്ങാനാവുന്നില്ല. രഞ്ജി ട്രോഫിയില്‍ ഫോമിലേക്കുള്ള സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും അതൊന്നും സെലക്ടര്‍മാരെ കണ്ണു തുറപ്പിക്കുന്ന തല്ല. കഴിഞ്ഞ ദിവസം നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. പതിനഞ്ചാം തിയതിയാണ് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കേണ്ട അവസാന ദിവസം. ഡിസംബറിലാണ് താരലേലം നടക്കുന്നത്.